ന്യൂഡൽഹി: ഒക്‌ടോബർ ഒന്നിന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ച് ഭരണകക്ഷിയായ ബി.ജെ.പി. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പും ശേഷവുമുള്ള അവധി ദിനങ്ങൾ വോട്ടിംഗ് ശതമാനം കുറയാൻ ഇടയാക്കുമെന്ന് ബി.ജെ.പി പറയുന്നു. എന്നാൽ ബി.ജെ.പിക്ക് തോൽവി ഭയമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അപേക്ഷ ലഭിച്ചെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയെന്നും ഹരിയാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പങ്കജ് അഗർവാൾ പറഞ്ഞു. ഒക്‌ടോബർ ഒന്നിന് മുൻപും നിരവധി അവധി ദിനങ്ങൾ വരുന്നത് വോട്ടെടുപ്പിനെ ബാധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം വരീന്ദർ ഗാർഗ് ചൂണ്ടിക്കാട്ടി. ആളുകൾ വാരാന്ത്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ പോകാനിടയുണ്ടെന്നും വോട്ടിംഗ് ശതമാനം കുറഞ്ഞേക്കാമെന്നും അദ്ദേഹം പറഞ്ഞു. സെപ്‌തംബർ 28 ശനിയാഴ്‌ച (സെപ്തംബർ 28) പലർക്കും അവധിയാണ്. ഞായറാഴ്ചയ്ക്കു ശേഷം ഒക്ടോബർ 1 ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അവധിയാണ്. തൊട്ടടുത്ത ദിവസം ഒക്ടോബർ 2 ന് ഗാന്ധി ജയന്തിയും. മഹാരാജ അഗ്രസെൻ ജയന്തിയായ ഒക്ടോബർ മൂന്നിന് പ്രാദേശിക അവധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് ഭരണകക്ഷി ബാലിശമായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് എംപി ദീപീന്ദർ ഹൂഡ വിമർശിച്ചു. ഭരണകക്ഷിയായ ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാൻ യാതൊരു നേട്ടവുമില്ല. അതുകൊണ്ടാണ് അവധിയുടെ പേരു പറഞ്ഞ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഗൂഢാലോചന നടത്തുന്നത്. ഹരിയാനയിലെ വോട്ടർമാർ ബോധവാന്മാരാണ്. അവർ അവധിക്ക് എവിടെയും പോകില്ല. ബി.ജെപിക്കെതിരെ വോട്ടുചെയ്യാൻ അവർ പോളിംഗ് ബൂത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |