ഹൈദരാബാദ്: അനധികൃത നിർമ്മാണം നടത്തിയെന്ന ആരോപണത്തിൽ തെലുങ്ക് നടൻ നാഗാർജുന അക്കിനേനിയുടെ ഉടമസ്ഥതയിലുള്ള എൻ- കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി അധികൃതർ. ഹൈദരാബാദ് ഡിസാസ്റ്റർ റിലീഫ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെയാണ് (ഹൈഡ്ര) നടപടി. മദാപൂരിലെ തുമിടികുന്ത തടാകത്തിന്റെ ഫുൾടാങ്ക് ലെവൽ പ്രദേശം കൈയേറിയാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചതെന്നാണ് ആരോപണം.
ഇന്നലെ പുലർച്ചെയായിരുന്നു നടപടി. നാല് ബുൾഡോസർ ഉപയോഗിച്ചാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്. പാരിസ്ഥിതിക നിയമങ്ങൾ പാലിക്കാതെയുള്ള നിർമ്മാണമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. 10 ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഇതിൽ 1.12 ഏക്കറോളം തടാകത്തോട് ചേർന്നുള്ള ഭൂമിയിലാണ്. മറ്റ് രണ്ടേക്കർ തടാകത്തിന്റെ ബഫർ സോണിലാണ്. വ്യക്തമായ നിയമലംഘനമാണെന്നും മൂന്ന് ഏക്കറിലധികം തടാക ഭൂമി കൈയേറിയെന്നും ഹൈഡ്രാ കമ്മിഷണറും ഐ.പി.എസ് ഓഫീസറുമായ എ.വി രംഗനാഥ് പറഞ്ഞു.
എൻ- കൺവെൻഷൻ സെന്റർ 2012ൽ പണികഴിപ്പിച്ചതുമുതൽ വിവാദങ്ങൾ നേരിടുന്നുണ്ട്. കൈയേറ്റം കൂടാതെ സെന്റർ
വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും പരാതി ഉയർന്നിരുന്നു.
സ്റ്റേ ഉത്തരവും കോടതിയിൽ കേസും നിലനിൽക്കെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റുന്ന നടപടി അത്യധികം വേദനിപ്പിക്കുന്നതാണെന്ന് നാഗാർജുന പ്രതികരിച്ചു. നടപടിക്ക് മുൻപായി ഒരു നോട്ടീസ് പോലും നൽകിയില്ല. നിയമവിരുദ്ധ നീക്കത്തിനെതിരെ കോടതിയിൽ നിന്ന് പരിഹാരം തേടുമെന്നും നാഗാർജുന പ്രതികരിച്ചു.
ജലാശയങ്ങളുൾപ്പെടെ കൈയേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മാസമാണ് ഹൈഡ്രയുടെ പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച, ഹൈദരാബാദ് ശിവരാംപള്ളിയിലെ തടാകത്തിന്റെ ബഫർ സോണിൽ നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |