കൊച്ചി: മോഷ്ടിച്ച ബൈക്കിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചവരും 15 കാരനുമടക്കം മൂന്നുപേരെ പെരുമ്പാവൂർ പൊലീസ് മൂന്നാറിൽനിന്ന് പിടികൂടി. കട്ടപ്പന സ്വദേശിയായ 19കാരൻ, ഇടുക്കി രാജമുടി പതിനാറാംകണ്ടം പള്ളത്ത് ജെസ്ന ജോർജ് (23), 15കാരൻ എന്നിവരാണ് പിടിയിലായത്. മഞ്ഞപ്പെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്റെ 1,20,000 രൂപ വില വരുന്ന അത്യാധുനിക ബൈക്ക് കഴിഞ്ഞ 27ന് പുലർച്ചെ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ജോലിയുടെ ആവശ്യവുമായെത്തിയ റോണി റോഡിനടുത്തുള്ള വീട്ടിലാണ് താമസം. വീടിനു താഴെ ഹാൻഡിൽ ലോക്കുചെയ്ത് വച്ചിരുന്ന ബൈക്കാണ് കവർന്നത്. ആലുവയിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ മഞ്ഞപ്പെട്ടിയിലെത്തിയത്. റോണിയുടെ ബൈക്കിന്റെ ഹാൻഡിൽ ലോക്ക് പൊട്ടിച്ചു കളഞ്ഞ് ഇലക്ട്രോണിക് സംവിധാനങ്ങൾ തകർത്താണ് ബൈക്ക് കടത്തിയത്. രണ്ടു ബൈക്കുകളുമായി മൂന്നാർ ഭാഗത്തേയ്ക്ക് കടന്നസംഘം ആലുവയിൽനിന്ന് മോഷ്ടിച്ച ബൈക്ക് അടിമാലിയിൽവച്ചശേഷം മൂന്നാറിലേയ്ക്ക് പോകുംവഴി മൂന്നാർ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. നിരവധി ബൈക്ക് മോഷണക്കേസിൽ പ്രതിയായ 15 കാരൻ ഹാൻഡിൽ ലോക്ക് തകർത്ത് മോഷ്ടിക്കുന്നതിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്. നേരത്തെ 4 കേസുകളിൽ പ്രതിയാണ്. 19 കാരന് കട്ടപ്പന സ്റ്റേഷനിൽ 6 കഞ്ചാവ് കേസുകളുണ്ട്.
എസ്.ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്ക്, എ.എസ്.ഐമാരായ പി.എ. അബ്ദുൾ മനാഫ്, കെ.കെ. റെനി, സീനിയർ സി.പി.ഒമാരായ രജിത്ത് രാജൻ, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. യുവതിയെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു. പ്രായ പൂത്തിയാകാത്തവരെ ബോസ്റ്റൽ സ്‌കൂളിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |