ഇസ്രയേലിന് നേരെ ഇറാൻ മിസൈലുകൾ വർഷിച്ചതോടെ പശ്ചിമേഷ്യ ആകെ കലങ്ങിമറിഞ്ഞിരിക്കുകയാണ്. തങ്ങളെ ആക്രമിച്ചതിന് തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് ഇസ്രയേൽ ശക്തമായ ഭാഷയിൽ തന്നെ ഇറാന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം മറ്റൊരു ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. അതിനാൽ തന്നെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വൻ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ട്. പക്ഷേ അതെല്ലാം വിജയിക്കുമോ എന്ന് കാത്തിരുന്നുകാണാം.
ഇപ്പോൾ കൊടിയ ശത്രുക്കളായി മാറിയ ഇസ്രയേലും ഇറാനും ഒരുകാലത്ത് 'ഭായി ഭായി' ആയിരുന്നു എന്നത് കൂടുതലാർക്കും അറിയാത്ത കാര്യമാണ്.ഇവർക്ക് കൂട്ടിന് അമേരിക്കയും. ഇറാന് അമേരിക്കയും ഇസ്രയേലും ഇല്ലാതെ മുന്നോട്ടുപോകുന്നത് ആലോചിക്കാൻ പോലും വയ്യാത്ത അവസ്ഥയായിരുന്നു അപ്പോൾ. മൂവരുടെയും കണ്ണിലെ കരടായ ഒരു രാജ്യത്തെ ഒതുക്കുന്നതിനുവേണ്ടിയായിരുന്നു ഈ കൂട്ടുചേരൽ. 1979 വരെ ഈ കൂട്ടുകെട്ട് ശക്തമായി തുടർന്നു.
ഇറാനെ സഹായിക്കാൻ മൊസാദ്
1960 ൽ ഇറാന്റെയും ഇസ്രയേലിന്റെയും പ്രഖ്യാപിത ശത്രുവായിരുന്നു ഇറാക്ക്. ആരാജ്യത്തെ നിലയ്ക്കുനിറുത്തേണ്ടത് രണ്ടുപേർക്കും ആവശ്യമായിരുന്നു. ഇസ്രയേലിന് എപ്പോഴും എന്തിനും ഏതിനും പിന്തുണ നൽകുന്ന അമേരിക്കയും ഇരുവർക്കുമൊപ്പം നിന്നു. മൊഹമ്മദ് റാസ പഹ്‌വലിയായിരുന്നു അക്കാലത്തെ ഇറാനിലെ ഭരണാധികാരി. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അടുപ്പം ഇറാന് എങ്ങനെയും അനുകൂലമാക്കാനായിരുന്നു റാസ പഹ്‌വലിയുടെ ശ്രമം. അമേരിക്കയ്ക്ക് റാസ പഹ്‌വലിയോട് വലിയ താത്പര്യമില്ലായിരുന്നു.
കഴിവുകെട്ട ഒരു ഭരണാധികാരിയായിട്ടായിരുന്നു അമേരിക്ക അദ്ദേഹത്തെ വിലയിരുത്തിയിരുന്നത്. ഇക്കാര്യം മറ്റാരെക്കാൾ നന്നായി അറിയാമായിരുന്നതും റാസ പഹ്‌വലിക്ക് തന്നെയായിരുന്നു. തന്നെക്കുറിച്ചുള്ള അമേരിക്കയുടെ അഭിപ്രായം മാറ്റാൻ ഇസ്രയേൽ സഹായിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഈ ബന്ധത്തിലൂടെ കൂടുതൽ പാശ്ചാത്യരാജ്യങ്ങളുമായി അടുക്കാനും ഇറാൻ ശ്രമിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങൾ ഇസ്രയേലിനെ ഒറ്റക്കെട്ടായി എതിർത്തപ്പോഴും ഇറാൻ ഇസ്രയേലിനെ അംഗീകരിച്ചു. ഇസ്രയേലിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ . മൊസാദിനൊപ്പം തങ്ങളുടെ രഹസ്യപൊലീസായ SAVAKയും കൈകോർക്കുന്നത് രാജ്യത്തിന് വൻനേട്ടമാകുമെന്നും ഇറാൻ കണക്കുകൂട്ടി.
സഹായിക്കാൻ കുർദിഷുകളും
ഇറാക്കിനെ കൈപ്പിടിയിലൊതുക്കാൻ പണി പതിനെട്ടും നോക്കിയിരുന്ന ഇറാൻ- ഇസ്രയേൽ സഖ്യത്തിന് സഹായകമേകാൻ ഇറാക്കിലെ കുർദിഷ് ഗ്രൂപ്പുകളും രംഗത്തുണ്ടായിരുന്നു. ഇതിന് പിന്നിൽ സമർത്ഥമായി പ്രവർത്തിച്ചത് മൊസാദും SAVAKയും ആയിരുന്നു. ഇതിനിടെ ഇറാനും ഇസ്രയേലിനുമൊപ്പം തുർക്കിയും ചേർന്നു. അതോടെ അക്കാലത്തെ ഏറ്റവും ശക്തമായ അറബ് ഇതര സഖ്യമായി ഈ ഗ്രൂപ്പ് മാറി. അതി നിർണായകമായ ഇന്റലിജൻസ് വിവരങ്ങളും നയതന്ത്ര ഓപ്പറേഷനുകളും ഇവർ പങ്കിട്ടു.
നോട്ടം എണ്ണയിൽ
അക്കാലത്ത് കാര്യമായ സൈനിക ശക്തി ഇല്ലാത്ത രാജ്യമായിരുന്നു ഇറാൻ. ഇസ്രയേലിനെ കൂട്ടുപിടിച്ച് ഇതുമറികടക്കാനായിരുന്നു ഇറാന്റെ ശ്രമം. അന്ന് രാജ്യത്ത് കാർഷിക രംഗത്തായിരുന്നു യുവജനങ്ങൾ ഉൾപ്പെടെ കൂടുതൽപ്പേരും ശ്രദ്ധിച്ചിരുന്നത്. ഈ കർഷകർക്ക് ആവശ്യമായ സൈനിക പരിശീലനം നൽകി ഇറാനിൽ ഒരു സായുധ സേന രൂപീകരിക്കാൻ ഇസ്രയേൽ സഹായിക്കുകയായിരുന്നു. ഇതിനൊപ്പം ഇറാനിൽ ട്രെയിൻ ഗതാഗതം സാദ്ധ്യമായതും ഇസ്രയേലിന്റെ സഹായത്തോടെയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ഇസ്രയേലിന്റെ കണ്ണ് എണ്ണയിൽ തന്നെയായിരുന്നു. സഹായിച്ചവന് എണ്ണനൽകാൻ ഇറാൻ ഒരു മടിയും കാണിച്ചില്ല. ചോദിക്കാതെയും അല്ലാതെയും ഇറാൻ ഇസ്രയേലിന് എണ്ണ നൽകി.
എല്ലാം ഓർമ്മകളായി മാറി
കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകുന്നതിനിടയിൽ ഇറാന്റെ കാലിടറിത്തുടങ്ങി. അറബ് ലോകത്ത് ഇസ്രയേലിനോടുളള എതിർപ്പ് വ്യാപകമായതോടെ കാര്യങ്ങൾ വിചാരിച്ചപോലെ മുന്നോട്ടുപോകില്ലെന്ന് ഇറാന് വ്യക്തമായി. പക്ഷേ പിടിച്ചുനിൽക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ളവത്തോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു.
അതുവരെ ഇസ്രയേലിന് ഒപ്പം നിന്ന ഇറാൻ ഇസ്രയേലിന്റെ കടുത്ത ശത്രുവായി. 1990 ആയപ്പോഴേക്കും ഇരുരാജ്യങ്ങളും അടുക്കാനാകാത്തവിധം അകന്നു. മാത്രമല്ല ഇസ്രയേലിനെ എങ്ങനെ നശിപ്പിക്കാമെന്ന ഗവേഷണത്തിലുമായി ഇറാൻ. ഹിസ്ബുള്ളയും ഹമാസുമൊക്കെ ഇക്കാര്യത്തിൽ ഇറാനെ സഹായിക്കാൻ മുന്നിലുണ്ടായിരുന്നു. ഇതിന് പല രൂപത്തിലും ഭാവത്തിലുമൊക്കെ ഇസ്രയേൽ തിരിച്ചടി നൽകിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ തങ്ങൾക്കുനേരെ മിസൈലുകൾ വർഷിച്ച ആ പഴയ കൂട്ടുകാരന് ലോകം ഇതുവരെ കാണാത്ത തിരിച്ചടി നൽകാൻ ഇസ്രയേൽ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |