തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് ക്രിമിനലുകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരും ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശന്റെ വാക്കുകൾ:
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉചജാപകസംഘം തന്നെയാണ് ഈ അന്വേഷണവും അട്ടിമറിച്ചത്. പൊലീസിനെ പരിഹാസ്യരാക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പക്ഷേ ഇതു കൊണ്ടൊന്നും പോരാട്ടം അവസാനിക്കുമെന്നു കരുതേണ്ട. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകും.
പൊലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും പോകും.
സര്‍ക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. എക്കാലവും പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കില്ലെന്ന് സി.പി.എമ്മിന്റെ ഗുണ്ടാ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ ഓര്‍ക്കണം. കാലം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് അത്തരക്കാര്‍ മനസിലാക്കിയാല്‍ നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |