ഇസ്ളാമാബാദ്: കാശ്മീരികളും പാകിസ്ഥാനികളും ഒന്നാണെന്നും രാജ്യം കാശ്മീരി ജനതയ്ക്കൊപ്പമെന്ന നിലപാട് തുടരണമെന്നും പാക് പ്രസിഡന്റ് ആരിഫ് അൽവി ഇസ്ളാമാബാദിൽ നടന്ന പാക് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഇന്ത്യ യു.എൻ തീരുമാനവും സിംല കരാറും ഒരുമിച്ച് ലംഘിച്ചിരിക്കുകയാണ്. നമ്മൾ ഒരുകാരണവശാലും കാശ്മീരികളെ ഒറ്റപ്പെടുത്തില്ല. അവരുടെ കണ്ണീർ നമ്മുടെ ഹൃദയത്തിലാണ് വീഴുന്നത്. സമാധാനപ്രിയരായ പാക് ജനത കാശ്മീർ തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് നമ്മുടെ ദൗർബല്യമായി ഇന്ത്യ തെറ്റിദ്ധരിക്കരുതെന്നും ആരിഫ് അൽവി പറഞ്ഞു. ഇന്നലെ പാക് സ്വാതന്ത്ര്യദിനം കാശ്മീർ ഐക്യദാർഢ്യദിനമായാണ് ആചരിച്ചത്.
ജമ്മു കാശ്മീരിലെ ജനങ്ങളുടെ അവസ്ഥയിൽ വേദനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 'സ്വാതന്ത്ര്യദിനം വലിയ സന്തോഷത്തിന്റെ വേളയാണ്, എന്നാൽ ഇന്ത്യയുടെ അടിച്ചമർത്തലിന് ഇരയായ കാശ്മീരി സഹോദരങ്ങളുടെ അവസ്ഥയിൽ വേദനിക്കുന്നു. ഞങ്ങൾ ഒപ്പമുണ്ടെന്ന് കാശ്മീരി സഹോദരന്മാർക്ക് ഉറപ്പ് നൽകുന്നു' അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിലുള്ള പ്രതിഷേധമായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഇന്ന് പാകിസ്ഥാൻ കരിദിനം ആചരിക്കും. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പാക് പതാക താഴ്ത്തിക്കെട്ടും.