മാന്നാർ: സ്വാമി വിവേകാനന്ദന്റെ 163-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025 ഡയലോഗ് ' പരിപാടിയിൽ പങ്കെടുത്തതിന്റെ
സന്തോഷത്തിലാണ് ചെന്നിത്തല ഇരമത്തൂർ മഠത്തിൽ വടക്കെതിൽ ജിജിവർഗീസ് - ശോഭന ദമ്പതികളുടെ മകൾ ജിഷ ജിജി. യുവാക്കളെ നേതൃപാടവത്തിലും രാഷ്ട്ര നിർമ്മാണത്തിലും പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് പുനർരൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മൂവായിരത്തോളം യുവതീ, യുവാക്കൾ പങ്കെടുത്തു.
കേരളത്തിൽ നിന്ന് ജിഷ ജിജി ഉൾപ്പടെ 39 പേർക്കായിരുന്നു അവസരം ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ നിന്നുമുള്ള ഏക പ്രതിനിധിയായിരുന്നു ഏറ്റുമാനൂർ മംഗളം എൻജിനിയറിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ ജിഷാ ജിജി.
മേക്കിംഗ് ഇന്ത്യ ദയർ സ്റ്റാർട്ടപ്പ് ക്യാപിറ്രൽ ഒഫ് ദ വേൾഡ് എന്നതായിരുന്നു ജിഷ ജിജി അവതരിപ്പിച്ച വിഷയം. തുടർന്ന് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ കേരളത്തിന്റെ പ്രതിനിധികൾക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
നെഹ്റു യുവ കേന്ദ്ര സംസ്ഥാന വ്യാപകമായി നടത്തിയ വിവിധ തലത്തിലുള്ള മത്സരങ്ങളിലൂടെയാണ് 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025 ഡയലോഗ്' പരിപാടിയിൽ പങ്കെടുക്കാൻ ജിഷക്ക് അവസരം ലഭിച്ചത്.
മീറ്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിന് മുന്നോടിയായി രാജ്ഭവനിൽ ഗവർണറുമായി പ്രത്യേക കൂടിക്കാഴ്ചയും വിരുന്നും ഒരുക്കിയിരുന്നു.തുടർന്നാണ് സംഘം ഡൽഹിക്ക് പുറപ്പെട്ടത്. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും വലിയ ഭാഗ്യമായി കരുതുന്നതായും ജിഷ ജിജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |