കാസർകോട്: 'ഖൽബിലെ ബേക്കൽ' ഹാപ്പിനസ് ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി. ഫെസ്റ്റിന്റെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിക്കുന്ന ടൂറിസം കാർണിവലും പ്രവാസി നിക്ഷേപ സംഗമവും കാസർകോട് ജില്ലക്ക് മുതൽകൂട്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി ജില്ലാ വ്യവസായ കേന്ദ്രം നിർവഹണം നടത്തുന്ന പരിപാടി 24 മുതൽ 26 വരെ പള്ളിക്കര ബേക്കൽ ബീച്ചിൽ നടത്തും.
2022-23, 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിന്റെ തുടർച്ചയായിട്ടാണ് ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകി ടൂറിസം കാർണിവൽ നടത്തുന്നത്. പ്രാദേശിക തലത്തിലുള്ള ടൂറിസം സ്‌പോട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് പരിചയപെടുത്തി കൊടുക്കുന്ന മത്സരപരിപാടി ഉണ്ടായിരിക്കും. വ്യവസായ മേഖലയിൽ ഉള്ള ജില്ലയിലെ സാദ്ധ്യതകൾ പ്രവാസികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനാണ് പ്രവാസി നിക്ഷേപക സംഗമം.
24 ദേശീയ ബാലിക ദിനം ആയതിനാൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്കുള്ള പാരെന്റിങ് ക്ലാസ്, സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം എന്നിവ പ്രതിഭ സംഗമത്തിൽ ഉണ്ടാകും. 24 ന് രാവിലെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ദിനവും ബാലികദിനവും ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്യും. ഹാപ്പിനസ് ഫെസ്റ്റിന്റെ ഉദ്ഘാടനം രാത്രി എട്ടു മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉൾപ്പെടെ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂർ ശരീഫ്, സജില സലീം, ഫാസില ബാനു നയിക്കുന്ന ഇശൽ നൈറ്റ്, അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികൾ നയിക്കുന്ന ഓർക്കസ്ട്ര എന്നിവയുണ്ടാകും. 25ന് രാവിലെ 10 മണി മുതൽ യാത്രികരുടെ വർത്തമാനം പരിപാടിയിൽ ഗീതു മോഹൻദാസ്, അഡ്വ. ആശാലത, പി.സി സുബൈദ, സി.പി ബീന എന്നിവർ ചർച്ച നയിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ദേശീയ ടൂറിസം ദിനാഘോഷം മന്ത്രി വി.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണി മുതൽ പ്രതിഭാ സംഗമം. എം.രാജഗോപാലൻ എം.എൽ.എ ഉപഹാരം നൽകും. 26 റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന ആമുഖപ്രദർശനം സെമിനാറും പ്രതിഭ സംഗമവും മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പ്രവാസി സംഗമം. രാത്രിയിൽ ബൽറാം ആൻഡ് അനുശ്രീ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, അംഗങ്ങളായ ഷിനോജ് ചാക്കോ, സി.ജെ സജിത്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ, ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |