തിരുവല്ല : നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ തലവടി വാഴയിൽ വീട്ടിൽ മാത്തുക്കുട്ടി മത്തായി (വാവച്ചൻ -60) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 30ന് പുലർച്ചയായിരുന്നു മോഷണം. ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവതാ നടകളുടെയും മുന്നിലെ കാണിക്കവഞ്ചികൾ അടക്കം കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപ ഇയാൾ കവർന്നിരുന്നു. ക്ഷേത്രത്തിലെ സി.സി ടി.വിയിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നടത്തിയ കവർച്ചയെ തുടർന്ന് രണ്ടാഴ്ചമുമ്പ് മാത്തുക്കുട്ടി പുന്നപ്ര പൊലീസിന്റെ പിടിയിലായി. ഈ വിവരം അറിഞ്ഞ പുളിക്കീഴ് പൊലീസ് പുന്നപ്ര സ്റ്റേഷനിലെത്തി അറസ്റ്റുരേഖപ്പെടുത്തി. ആലപ്പുഴ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ പുളിക്കീഴ് എസ്.ഐ കെ.സുരേന്ദ്രൻ, സി.പി.ഒമാരായ സി.ആർ രവികുമാർ, രഞ്ചുകൃഷ്ണൻ, എസ്. അലോക് എന്നിവരുടെനേതൃത്വത്തിൽ ജയിലിലെത്തിയാണ് കസ്റ്രഡിയിലെടുത്തത്. . ഇന്നലെ ഉച്ചയ്ക്കുശേഷം പ്രതിയെ പുത്തൻകാവ് ദേവിക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും മോഷണശേഷം നാടുവിടുന്നതും പതിവാക്കിയ പ്രതിയെ പിടികൂടാൻ പൊലീസിന് കാലതാമസം നേരിട്ടു. മോഷണത്തിലൂടെ ലഭിക്കുന്ന പണവുമായി മാഹിയിലേക്ക് കടന്ന് ആർഭാട ജീവിതം നയിക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് എസ്.ഐ കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |