ബ്രാറ്റിസ്ലാവാ: സ്ലോവാക്യയിൽ ബ്രൗൺ ബിയർ ഇനത്തിലെ കരടികളുടെ മാംസത്തിന്റെ വില്പനയ്ക്ക് അനുമതി നൽകി സർക്കാർ. വൈകാതെ സ്ലോവാക്യൻ മാർക്കറ്റുകളിൽ കരടി മാംസം വില്പനയ്ക്കെത്തും. കരടികളുടെ ആക്രമണം കൂടുന്ന സാഹചര്യത്തിൽ 350 കരടികളെ വെടിവച്ചു കൊല്ലാൻ സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. യൂറോപ്യൻ പാർലമെന്റും സ്ലോവാക്യയുടെ തീരുമാനത്തെ വിമർശിച്ചു. വേൾഡ് കൺസർവേഷൻ യൂണിയന്റെ കണക്ക് പ്രകാരം ഭീഷണി നേരിടുന്ന സ്പീഷീസാണ് യൂറോപ്യൻ രാജ്യങ്ങളിലെ ബ്രൗൺ ബിയറുകൾ. എന്നാൽ, തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സ്ലോവാക്യൻ സർക്കാർ കൊല്ലുന്ന കരടികളുടെ മാംസം പൊതുജനങ്ങൾക്ക് വിൽക്കുമെന്നും പ്രഖ്യാപിച്ചു.
പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സംഘടനകൾ എല്ലാ നിയമ, ശുചിത്വ വ്യവസ്ഥകൾ പാലിച്ചു വേണം വിൽപ്പന നടത്താൻ. ഏകദേശം 1,300 ബ്രൗൺ ബിയറുകൾ സ്ലോവാക്യയിലുണ്ടെന്നാണ് കണക്ക്. മനുഷ്യർക്ക് നേരെയുള്ള ഇവയുടെ ആക്രമണം ഉയരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. റൊമേനിയ, പടിഞ്ഞാറൻ യുക്രെയിൻ, സ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രശസ്തമായ കാർപേത്യൻ പർവ്വതനിരകളിൽ കരടികളുടെ സാന്നിദ്ധ്യം സാധാരണമാണ്.
കഴിഞ്ഞ വർഷം 500ഓളം കരടികളെ റൊമേനിയയിൽ കൊന്നിരുന്നു. കരടിയുടെ മാംസം യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണയായി കഴിക്കാറില്ല. എന്നാൽ കിഴക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലും നോർഡിക് രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. വിരകളുടെ സാന്നിദ്ധ്യമുള്ളതിനാൽ കരടി മാംസത്തിന്റെ ഉപയോഗം ജാഗ്രതയോടെ വേണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കരടിയുടെ മാംസം പാകം ചെയ്യുമ്പോൾ കുറഞ്ഞത് 70 ഡിഗ്രി സെൽഷ്യസ് താപനില വേണമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |