മലപ്പുറം: മറ്റൊരു ഉപതിരഞ്ഞെടുപ്പിലും കാണാത്ത അലയൊലിയും അടിയൊഴുക്കും സൃഷ്ടിച്ച് നിലമ്പൂരിൽ നാലു സ്ഥാനാർത്ഥികൾ കളം നിറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. സ്വരാജും യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും ബി.ജെ.പിക്കായി അഡ്വ.മോഹൻ ജോർജും തൃണമൂലിനായി പി.വി. അൻവറും കച്ചമുറുക്കി. എസ്.ഡി.പി.ഐക്കായി അഡ്വ. സാദിഖ് നടുത്തൊടിയും മത്സരത്തിനുണ്ട്.
ഷൗക്കത്തിന്റെ വിജയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, സ്വരാജിന്റെ വിജയം മുഖ്യമന്ത്രി പിണറായി വിജയനും അഭിമാനപ്രശ്നമായി മാറുന്ന രാഷ്ട്രീയ സാഹചര്യം. ഇടതു മുന്നണി വിട്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെയും, യു.ഡി.എഫിൽ ഇടം കിട്ടാത്തതിനാൽ പ്രതിപക്ഷനേതാവിനെതിരെയും തിരിഞ്ഞ പി.വി. അൻവറാണ് പോരാട്ടത്തിന് പന്തം കൊളുത്തിയത്.
2016ൽ ഇടത് സ്വതന്ത്രനായിരുന്ന അൻവറിനോട് കന്നിഅങ്കത്തിൽ പരാജയപ്പെട്ട ഷൗക്കത്തിന് ഇടതു മുന്നണിയോടും അൻവറിനോടും കണക്കുചോദിക്കണം. മൂന്നരപ്പതിറ്റാണ്ട് പിതാവ് ആര്യാടൻ മുഹമ്മദ് കൈവെള്ളയിലായിരുന്ന മണ്ഡലമാണ് അൻവർ തട്ടിയെടുത്തത്. മുസ്ലിംലീഗുമായി ഷൗക്കത്തിന് അന്ന് നല്ല ബന്ധമുണ്ടായിരുന്നില്ല.
തൃപ്പൂണിത്തുറയിലാണ് താമസമെങ്കിലും മലപ്പുറം പോത്തുകല്ല് സ്വദേശിയായ എം. സ്വരാജിന് നിലമ്പൂരുകാർക്കിടയിൽ നല്ല മതിപ്പാണ്. അൻവർ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ സ്വരാജിനോളം മറ്റൊരു നേതാവില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം അണികൾക്കും ആവേശമായി.
രണ്ടും കല്പിച്ചാണ് അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായത്. യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും വോട്ട് ചോർത്താമെന്നാണ് പ്രതീക്ഷ. ഇരു മുന്നണികളിൽ നിന്നും തിക്താനുഭവമുണ്ടായെന്ന തരത്തിൽ സഹതാപവോട്ട് നേടാനുള്ള തന്ത്രവും പയറ്റുന്നുണ്ട്.
അൻവറിനെ യു.ഡി.എഫിനൊപ്പം നിറുത്താൻ ലീഗ് പരമാവധി ശ്രമിച്ചിട്ടും കോൺഗ്രസ് വഴങ്ങിയില്ലെന്ന പരിഭവം അവർക്കുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന കമ്മിറ്റി അംഗമായ മോഹൻ ജോർജിന് പാർട്ടി അംഗത്വം കൊടുത്ത് മിന്നൽ സ്ഥാനാർത്ഥിയാക്കി ബി.ജെ.പിയും മത്സരത്തിന് ആവേശം പകരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് മോഹൻ ജോർജ് പാർട്ടിയിൽ അംഗത്വമെടുത്തത്. കൃസ്ത്യൻ വോട്ടുകൾകൂടി ലക്ഷ്യമിട്ടുള്ളതാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |