ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഇന്നുമുതൽ
ഏറ്റുമുട്ടുന്നത് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
ലണ്ടൻ : ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 2023-25 സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റിന്റെ ഫൈനലിന് ഇന്ന് ഇംഗ്ളണ്ടിൽ തുടക്കമാകും. വിഖ്യാതമായ ലോഡ്സ് മൈതാനത്താണ് കലാശക്കളി. രണ്ടുവർഷമായി നടന്നുവന്ന ടെസ്റ്റ് പരമ്പരകളിൽ നിന്ന് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയാണ് ഓസീസും ദക്ഷിണാഫ്രിക്കയും ഫൈനലിലെത്തിയത്.
പാറ്റ് കമ്മിൻസാണ് നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെ നയിക്കുന്നത്. ടെംപ ബൗമയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്ടൻ. ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സരപരമ്പര 2-0ത്തിന് സ്വന്തമാക്കിയതിന് ശേഷമുള്ള ഓസീസിന്റെ ആദ്യ മത്സരമാണിത്.ട്രാവിസ് ഹെഡ്, മാർനസ് ലാബുഷേയ്ൻ, സ്റ്റീവൻ സ്മിത്ത്, കാമറൂൺ ഗ്രീൻ. അലക്സ് കാരേ, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളാണ്ട്,ഉസ്മാൻ ഖ്വാജ,നഥാൻ ലിയോൺ തുടങ്ങിയ പരിചയസമ്പന്നരടങ്ങിയതാണ് ഓസീസ് ടീം. യുവതാരം ബ്യൂ വെബ്സ്റ്ററെയും പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താരതമ്യേന യുവനിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ആദ്യമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിറങ്ങുന്ന ബൗമയുടെ സംഘത്തിൽ പരിചയസമ്പന്നരെന്ന് വിശേഷിപ്പിക്കാൻ മാർക്കോ യാൻസൻ,ലുംഗി എൻഗിഡി, കാഗിസോ റബാദ, എയ്ഡൻ മാർക്രം തുടങ്ങിയവരാണുള്ളത്. ട്രിസ്റ്റൺ സ്റ്റബ്സ്,ബേഡിംഗ്ഹാം, വിയാൻ മുൾഡർ റിക്കിൾട്ടൺ,കൈൽ വെറാനേ തുടങ്ങിയ യുവതാരങ്ങൾക്ക് കഴിവ് പുറത്തെടുക്കാനുള്ള മികച്ച അവസരമാണിത്.
3
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം സീസൺ ഫൈനലാണിത്. ഇന്ത്യയ്ക്ക് ഇടം ലഭിക്കാത്ത ആദ്യഫൈനലും.
2021ൽ നടന്ന ആദ്യ സീസൺ ഫൈനലിൽ ന്യൂസിലാൻഡിനും 2023ലെ രണ്ടാം സീസൺ ഫൈനലിൽ ഓസ്ട്രേലിയ്ക്കുമെതിരെ കളിച്ചെങ്കിലും ഇന്ത്യയ്ക്ക് കിരീടം നേടാനായിരുന്നില്ല.
2023ൽ നേടിയ കിരീടം നിലനിറുത്തുകയെന്ന ലക്ഷ്യവുമായാണ് ഇക്കുറി ഓസ്ട്രേലിയ ഇറങ്ങുന്നത്.
3 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്
ക്യാപ്ടനായി ഒരു ഐ.സി.സി ഫൈനലിലും കമ്മിൻസ് തോറ്റിട്ടില്ല
ക്യാപ്ടനായി ഒരു ടെസ്റ്റ് മത്സരത്തിലും ടെംപ ബൗമ തോറ്റിട്ടില്ല
ഓസ്ട്രേലിയ പ്ളേയിംഗ് ഇലവൻ
ഉസ്മാൻ ഖ്വാജ, മാർനസ് ലാബുഷേയ്ൻ, കാമറൂൺ ഗ്രീൻ. സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, വ്യൂ വെബ്‌സ്റ്റർ, അലക്സ് കാരേ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ,ജോഷ് ഹേസൽവുഡ്.
ദക്ഷിണാഫ്രിക്ക പ്ളേയിംഗ് ഇലവൻ
എയ്ഡൻ മാർക്രം ,റിക്കിൾട്ടൺ, വിയാൻ മുൾഡർ, ടെംപ ബൗമ, ട്രിസ്റ്റൺ സ്റ്റബ്സ്,ബേഡിംഗ്ഹാം,കൈൽ വെറാനേ, മാർക്കോ യാൻസൻ,ലുംഗി എൻഗിഡി, കാഗിസോ റബാദ,കേശവ് മഹാരാജ്.
113 വർഷം മുമ്പാണ് ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ലോഡ്സിൽ ടെസ്റ്റിൽ ഏറ്റുമുട്ടിയത്. 1912ൽ ഇംഗ്ളണ്ടും കൂടി അടങ്ങിയ ഒരു ത്രിരാഷ്ട്ര ടെസ്റ്റ് പരമ്പരയുടെ ഭാഗമായി നടന്ന ആ മത്സരത്തിൽ ഓസ്ട്രേലിയ 10 വിക്കറ്റിന് ജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |