ന്യൂഡൽഹി: രാജ്യത്ത് അതിദരിദ്രർ വലിയതോതിൽ കുറഞ്ഞെന്ന് റിപ്പോർട്ട്. ലോകബാങ്കും എസ്.ബി.ഐയും നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 2011- 12ൽ 27.12 ശതമാനമായിരുന്ന (34.44 കോടി പേർ) അതിദരിദ്ര നിരക്ക്, 2022- 23ൽ 5.25 ശതമാനമായതായി (7.52 കോടി പേർ) ലോകബാങ്ക് സർവേയിൽ വ്യക്തമാക്കുന്നു.
2024ൽ ദാരിദ്ര്യനിരക്ക് 4.6 ശതമാനമാണെന്ന് എസ്.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടതിലൂടെ ആഗോള കണക്കിൽ 125 ദശലക്ഷത്തോളം ദരിദ്രർ കുറഞ്ഞതായും ചൂണ്ടിക്കാട്ടുന്നു.
നിതി ആയോഗിലൂടെ ക്ഷേമ പദ്ധതികൾ കൃത്യതയോടെ നടപ്പാക്കുന്നതാണ് ദാരിദ്ര്യനിരക്ക് കുറയാൻ കാരണമെന്ന് സർവേകൾ പറയുന്നു. ദേശീയ തൊഴിലുറപ്പു പദ്ധതിയും ഗുണംചെയ്തു. കണക്കുകളെ ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനത്തിലെ വൻനേട്ടമായാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്.
നേട്ടത്തിന് പിന്നിൽ
1. സാമ്പത്തിക പരിഷ്‌കാരങ്ങൾ
2. മികച്ച ക്ഷേമപദ്ധതികൾ
3. ഡേറ്റയുടെ കൃത്യത
ശരാശരി പ്രതിമാസ
ഗാർഹിക പ്രതിശീർഷ ചെലവ്
2023-24
ഗ്രാമങ്ങളിൽ- 4,122 രൂപ
നഗരങ്ങളിൽ- 6,996 രൂപ
2011-12
ഗ്രാമങ്ങളിൽ- 1,430 രൂപ
നഗരങ്ങളിൽ- 2,630 രൂപ
പാകിസ്ഥാനിൽ വർദ്ധന
പാകിസ്ഥാനിൽ ദാരിദ്ര്യനിരക്ക് വർദ്ധിച്ചതായി ലോകബാങ്ക് സർവേ റിപ്പോർട്ട്. 2017ൽ 39.8% ആയിരുന്നത് 2021ൽ 44.7% ആയി. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത് സാമ്പത്തികവളർച്ചയിലും തിരിച്ചടിയാകും.
ചോദ്യം ചെയ്‌ത് കോൺഗ്രസ്
പ്രതിദിനം മൂന്ന് ഡോളർ എന്ന കണക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നും അന്തസായ ജീവിതത്തിന് ഇത് പര്യാപ്‌തമല്ലെന്നും കോൺഗ്രസ് ആരോപിച്ചു. 11 വർഷത്തിനുശേഷം നടത്തിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ സ്ഥിതിവിവരകണക്കുകൾ വച്ചു നോക്കുമ്പോൾ നിലനിൽക്കാത്തതാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |