27 വർഷം മുമ്പ് തായ് നടനും രക്ഷപ്പെട്ടു
ന്യൂഡൽഹി: 27 വർഷത്തെ ഇടവേള. വ്യത്യസ്ത രാജ്യങ്ങളിൽ നടന്ന രണ്ട് വിമാനാപകടം. അദ്ഭുതകരമായി ദുരന്തത്തെ അതിജീവിച്ച രണ്ട് മനുഷ്യർ.. അവർ ഇരുന്നത് ഒരേ നമ്പർ സീറ്റിൽ.. എയർ ഇന്ത്യ ദുരന്തത്തിനുശേഷം തായ് നടനും ഗായകനുമായ റുവാംഗ്സാക് ലോയ്ചുസാക് തന്റെ അതിജീവന കഥ പറയുമ്പോഴാണ് ആ യാദൃശ്ചികത ലോകമറിയുന്നത്.
അഹമ്മദാബാദ് ദുരന്തത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് കരുതിയിരിക്കേയാണ് ആശ്വാസമായി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേശ് നടന്നുപോകുന്ന ദൃശ്യങ്ങൾ വന്നത്. കത്തി ചാരമായിത്തീർന്ന വിമാനത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഒരേയൊരാൾ. വലതുവശത്ത് വിമാന ചിറകിന് മുന്നിൽ ജനലിനോട് ചേർന്ന 11എ സീറ്റിലാണ് വിശ്വാസ് യാത്ര ചെയ്തത്.
27 വർഷം മുമ്പ് റുവാംഗ്സാകും ഇരുന്നത് 11എ സീറ്റിൽ. 1998 ഡിസംബർ 11ന് ദക്ഷിണ തായ്ലാൻഡിലാണ് വിമാനാപകടമുണ്ടായത്. ലാൻഡിംഗിന് ശ്രമിക്കവേ തായ് എയർവേയ്സ് ഫ്ലൈറ്റ് ടി.ജി 261 ഒരു ചതുപ്പിലേക്ക് പതിച്ചു. വിമാനത്തിലുണ്ടായിരുന്ന 146ൽ 101 പേർ അതിദാരുണമായി മരിച്ചു. അന്ന് 20 വയസായിരുന്നു റുവാംഗ്സാകിന്.
വിശ്വാസ് 11എ സീറ്റിലാണ് ഇരുന്നതെന്ന് കേട്ടപ്പോൾ തനിക്ക് ഒരുതരം മരവിപ്പ് അനുഭവപ്പെട്ടെന്ന് റുവാംഗ്സാക് പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിൽ തന്റെ കഥ വിവരിക്കുകയും ചെയ്തു. തന്റെ പക്കൽ അന്നത്തെ ബോർഡിംഗ് പാസ് ഇല്ല. പക്ഷേ വിമാനാപകടവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പത്രവാർത്തകളിൽ തന്റെ സീറ്റ് നമ്പറുണ്ട്. രണ്ടാം ജീവിതമാണിത്.
വിമാനാപകടത്തിന് ശേഷമുണ്ടായ ആഘാതത്തെക്കുറിച്ചും അതിജീവിച്ചയാളുടെ കുറ്റബോധത്തെക്കുറിച്ചും പല അവസരങ്ങളിൽ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം പിന്നീട് വിമാനയാത്ര നടത്തിയില്ലെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |