തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധത്തെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പരാമർശം തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായിവിജയൻ തിരുത്തുകയും , പാർട്ടി സെക്രട്ടറി മലക്കം മറിയുകയും ചെയ്തെങ്കിലും നിലമ്പൂർ ഫലം വന്ന ശേഷമാവും വിവാദത്തിന്റെ ഗതി മാറ്റം. നിലമ്പൂരിലെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് , അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി ചേർന്നിരുന്നുവെന്ന പ്രസ്താവന ഗോവിന്ദൻ നടത്തിയത്.
വെൽഫെയർ പാർട്ടി പിന്തുണയുടെ പേരിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും സി.പി.എം കൊത്തിവലിക്കുന്നതിനിടെയായിരുന്നു പാർട്ടി സെക്രട്ടറിയുടെ വക സെൽഫ്
ഗോൾ. യു.ഡി.എഫ് നേതാക്കൾ ഇതിനെ എൽ.ഡി.എഫിനെതിരായ കരുത്തുള്ള ആയുധവുമാക്കി. 2012-ൽ നെയ്യാറ്റിൻകര ഉപ തിരഞ്ഞെടുപ്പ് ദിവസം വി.എസ്.അച്യുതാനന്ദൻ , കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചപ്പോഴും, പ്രകാശ് ജാവ്ദേക്കർ തന്നെ സന്ദർശിച്ച കാര്യം ലോക് സഭാ തിരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജൻ വെളിപ്പെടുത്തിയപ്പോഴുമുണ്ടായതിന് സമാനമായ പ്രതിരോധത്തിലാണ് ഇപ്പോൾ സി.പി.എം ചെന്നുപെട്ടത്. പാർട്ടി സെക്രട്ടറിക്ക് കവചം തീർക്കാൻ മുഖ്യമന്ത്രി നേരിരിട്ടിറങ്ങിയതിനാലാണ് വിഷയം തത്കാലം ഒതുങ്ങിയത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് അനുകൂലമാണെങ്കിൽ ഇപ്പോഴത്തെ വിവാദത്തിന് വലിയ ആയുസുണ്ടാവില്ല. എന്നാലും ബി.ജെ.പിയുടെ വോട്ടു വിഹിതം കുറഞ്ഞാൽ ഇടതു വിരുദ്ധർക്ക് ആക്രമണത്തിനുള്ള ആയുധമായി അത് മാറും.
യു.ഡി.എഫിനാണ് വിജയമെങ്കിൽ വർദ്ധിത വീര്യത്തോടെ അവർ സി.പി.എമ്മിനെ ആക്രമിക്കും .എം.വി.ഗോവിന്ദന്റെ പരാമർശം അനവസരത്തിലായിപ്പോയെന്ന ഇടത് അനുഭാവികളുടെ വികാരവും ശക്തിപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |