കൊച്ചി: കേരളതീരത്ത് മുങ്ങിയ എം.എസ്.സി എൽസ - 3 കപ്പൽ ഉടമകളുമായി കോടതിക്ക് പുറത്ത് നഷ്ടപരിഹാര ചർച്ച നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതി. ചർച്ചയിൽ സാധുതയുള്ള തീർപ്പുണ്ടാകുമോയെന്നും അതിന് സുതാര്യതയുണ്ടാകുമോയെന്നും കോടതി ചോദിച്ചു. ചർച്ചകൾ മാറ്റിവയ്‌ക്കുന്നതാണ് ഉചിതമെന്നും നിർദ്ദേശിച്ചു.
ചർച്ചകൾക്കായി സമിതിയെ നിയോഗിച്ചെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജികൾ ജൂലായ് 2ന് പരിഗണിക്കാൻ മാറ്റി.
നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകുമെന്ന് സർക്കാരിനായി അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചിരുന്നു. ഒത്തുതീർപ്പ് ചർച്ചകൾക്കായി ദുരന്തനിവാരണ വകുപ്പ് സമിതിയെ നിയമിച്ചെന്നും ചൂണ്ടിക്കാട്ടി. എന്നാൽ കോടതിയെ സമീപിക്കുമെന്നു പറയുന്ന സർക്കാർ കപ്പൽ കമ്പനിയുമായി ചർച്ച നടത്തുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
പരിസ്ഥിതിക്കുണ്ടായ ആഘാതം, മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തിനുമുണ്ടായ നഷ്ടം തുടങ്ങിയവയടക്കം ചർച്ച ചെയ്യാനാണ് സമിതി രൂപീകരിച്ചതെന്നു സർക്കാർ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഒട്ടേറെ ചോദ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഈ ചർച്ചകൾക്ക് എന്ത് സുതാര്യതയാണുള്ളത്? വിഷയത്തിൽ യു.എസിനാണ് നിയമാധികാരമെന്നു പറയുന്നുണ്ട്. അങ്ങനെയെങ്കിൽ സർക്കാരുമായുള്ള കരാർ കമ്പനി പരസ്യപ്പെടുത്തുമോ?കോടതിക്കുള്ളിലാണ് ഒത്തുതീർപ്പുണ്ടാക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ സർക്കാർ അറിയിച്ചു. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയെ പ്രിൻസിപ്പൽ ആഘാതം വിലയിരുത്തൽ ഓഫിസറായി നിയമിച്ചു. ഫിഷറീസ് മന്ത്രി യോഗം വിളിച്ചിരുന്നു. നഷ്ടത്തിന്റെ വ്യാപ്തി സംബന്ധിച്ച റിപ്പോർട്ട് ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
കപ്പലപകടങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമടക്കം ഉന്നയിച്ച് മുൻ എം.പി ടി.എൻ. പ്രതാപനും മലപ്പുറം സ്വദേശി ഉമ്മർ ഒട്ടുമ്മലും നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |