പഒന്നാം ടെസ്റ്റ് : ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം
യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി , ക്യാപ്‌ടൻ ഗില്ലിന് ഫിഫ്‌ടി
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ 'യുവ ഇന്ത്യയ്‌ക്ക് ഗംഭീര തുടക്കം. ഇംഗ്ലീഷ് ബൗളിംഗ് നിരയെ സമർത്ഥമായി നേരിട്ട് ഓപ്പണർ യശ്വസി ജയ്സ്വാളും ( 101), ക്യാപ്‌ടന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത് ശുഭ്‌മാൻ ഗില്ലും (പുറത്താകാതെ 127) സെഞ്ച്വറി നേടി. ഒന്നാം ദിനം സ്‌റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 85 ഓവറിൽ 359/3 എന്ന ശക്തമായ നിലയിലാണ്. 175 പന്തിൽ 127 റൺസുമായി ഗില്ലും അർദ്ധ സെഞ്ച്വറി തികച്ച് 102 പന്തിൽ 65 റൺസോടെ റിഷഭ് പന്തുമാണ് ക്രീസിൽ. ജയ്സ്വാളിനെക്കൂടാതെ ഓപ്പണർ കെ.എൽ രാഹുൽ (42), അരങ്ങേറ്റക്കാരൻ സായ് സുദർശൻ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.
നന്നായി തുടങ്ങി
ഇതിഹാസ താരങ്ങളായ വിരാട് കൊഹ്ലിയും രോഹിത് ശർമ്മയും ടെസ്റ്റിൽ നിന്ന് വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യടെസ്റ്റ് മത്സരമാണിത്. ഹെഡിംഗ്‌ലിയിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. രോഹിത് ഒഴിച്ചിട്ട ഓപ്പണിംഗ് പൊസിഷനിൽ പ്രതീക്ഷിച്ച പോലെ കെ.എൽ രാഹുലാണ് എത്തിയത്. യശസ്വിയ്ക്കൊപ്പം നന്നായി തന്നെ രാഹുൽ ബാറ്റ് ചെയ്തു. ഒന്നാം വിക്കറ്റിൽ ഇരുവരും 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 25-ാം ഓവറിലെ അഞ്ചാം പന്തിൽ രാഹുലിനെ പുറത്താക്കി ബ്രൈഡൻ കാർസാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. കാർസിന്റെ തകർപ്പൻ ഔട്ട് സിംഗറിൽ ബാറ്റ് വച്ച രാഹുലിനെ സ്ലിപ്പിൽ ജോ റൂട്ട് പിടികൂടുകയായിരുന്നു. പകരമെത്തിയ അരങ്ങേറ്റക്കാരൻ സായ് സുദർശൻ അടുത്ത ഓവറിൽ സ്റ്റോക്സ് ലെഗ് സൈഡിൽ ബോളെറിഞ്ഞ് സൃഷ്ടിച്ച കെണിയിൽ വീണ് ഡക്കായിമടങ്ങി.4 പന്ത് നേരിട്ട സുദർശനെ വിക്കറ്റ് കീപ്പർ ജയിംസ് സ്മിത്ത് ഡൈവ് ചെയ്ത് കൈപ്പിടിയിലാക്കുകയായിരുന്നു. എന്നാൽ കൊഹ്‌ലി ഒഴിച്ചിട്ട നാലാം നമ്പറിൽ ബാറ്റിംഗിന് എത്തിയ ക്യാപ്ടൻ ഗിൽ യശസ്വിക്കൊപ്പം പിടിച്ചുനിന്നതോടെ ഇന്ത്യ പ്രതിസന്ധിയിൽ നിന്ന് കരകയറി. ഇംഗ്ലീഷ് ബൗളർമാരെ സമർത്ഥമായി നേരിട്ട ഇരുവരും നാലാം വിക്കറ്റിൽ 164 പന്തിൽ 129 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ 200 കടത്തി. ഇതിനിടെ യശസ്വി സെഞ്ച്വറിയും ഗിൽ അർദ്ധസെഞ്ച്വറിയും പൂർത്തിയാക്കി. സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ സ്റ്റോക്സിന്റെ മനോഹരമായ ഇൻസ്വിംഗിറിൽ ജയ്സ്വാൾ ക്ലീൻബൗൾഡായി. 158 പന്ത് നേരിട്ട്16 ഫോറും 1 സിക്‌സും ഉൾപ്പെട്ടതാണ് 23കാരനായ യശ്വസിയുടെ സെഞ്ച്വറി ഇന്നിംഗ്‌സ്. വലതു കൈയുടെ വേദന വകവയ്ക്കാതെയായിരുന്നു യശ്വസിയുടെ ബാറ്റിംഗ്.
പിന്നീട് ക്രീസിൽ ഒന്നിച്ച ഗില്ലും പന്തും നാലാം വിക്കറ്റിൽ 198 പന്തിൽ 138 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി കഴിഞ്ഞു. ഗില്ലും 16 ഫോറും സിക്‌സും നേടി.
4- സ്ഥിരം ടെസ്റ്റ് ക്യാപ്ടൻ ആയ ശേഷമുള്ള ആദ്യ ഇന്നിംഗ്‌സിൽ തന്നെ സെഞ്ച്വറി നേടിയ നാലാമത്തെ ഇന്ത്യൻ താരമാണ് ഗിൽ.
3- ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്‌സ്വാളിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ യശ്സ്വിയുടെ ആദ്യടെസറ്റ് സെഞ്ച്വറിയാണിത്.
2011-ന് ശേഷം ടെസ്റ്റ് അരങ്ങേറ്റ ഇന്നിംഗ്‌സിൽ ഡക്കാകുന്ന ആദ്യ ഇന്ത്യൻ താരമാണ് സായ്.
ജൂൺ 20- ഇന്ത്യയുടെ 317-ാം ടെസ്റ്റ് താരമായി സായ് സുദർശൻ ഇന്നലെ അരങ്ങേറി.സായ് അരങ്ങേറിയ ജൂൺ 20ന് ഇന്ത്യയ്‌ക്കായി ടെസ്റ്റിൽ അരങ്ങേറിയ മറ്റ് താരങ്ങൾ സൗരവ് ഗാഗുലി, രാഹുൽ ദ്രാവിഡ് (1996 ജൂൺ 20), വിരാട് കൊഹ്‌ലി (2011 ജൂൺ 20) എന്നിവരാണ്.
അരങ്ങേറി സായി, കരുൺ റിട്ടേൺസ്
സായി സുദർശൻ അരങ്ങേറ്റ മത്സരമായി ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്. ചേതേശ്വർ പുജാരയിൽ നിന്നാണ് സായി ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്. എട്ട് വർഷത്തിന് ശേഷം മലയാളി താരം കരുൺ നായരുടെ തിരിച്ചുവരവിനും ഈ ടെസ്റ്റ് വേദിയാവുകയാണ്. അഞ്ചാം ബാറ്ററായാണ് കരുണി ടീമിൽ ഉൾപ്പടുത്തിയത്. നിതീഷ് കുമാർ റെഡ്ഡിക്ക് പകരം വെറ്റ്‌റൻ ഓൾറൗണ്ടർ7 ഷർദുൽ താക്കൂറും ടീമിൽ തിരിച്ചെത്തി.
ടീം
ഇന്ത്യ
യശസ്വി ജയ്സ്വാൾ, രാഹുൽ, സായ് സുദർശൻ, ഗിൽ, പന്ത്, കരുൺ , ജഡേജ, താക്കൂർ, ബുംറ, സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്– സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്, റൂട്ട്, ബ്രൂക്ക്, സ്റ്റോക്സ്, ജെയ്മി സ്മിത്ത് ,വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്ക്, ബഷീർ.
വിമാനാപകടത്തിൽ
അന്തരിച്ചവർക്ക് ആദരം
ഈമാസം 12ന് അഹമ്മദാബാദിൽ വിമാനാപകടത്തിൽ അന്തരിച്ചവർക്ക് അദരം നൽകി ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങൾ. ഒരുമിനിട്ട് മൗനാചരണത്തിന് ശേഷമാണ് ഇന്നലെ മത്സരം തുടങ്ങിയത്. ഇരുടീമുകളും കറുത്ത ആം ബാൻഡും ധരിച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പോവുകയായിരുന്ന എയർ ഇന്ത്യവിമാനാണ് തകർന്നു വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |