തിരുവനന്തപുരം: കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ നിക്ഷേപകരുടെ പ്രധാന ആവശ്യമായിരുന്ന, ഭൂമി അനുവദിക്കുന്നതിലെ ഇളവ് സംബന്ധിച്ച് തീരുമാനമായില്ല. ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിവിധ വകുപ്പു മന്ത്രിമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും ഇക്കാര്യത്തിൽ ധാരണയായില്ല.
ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81 (3) പ്രകാരം ഒരാളിന് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയായ 15 ഏക്കറിന് മുകളിൽ അനുവദിക്കുന്നതിന് വ്യവസ്ഥകളുണ്ട്. ഏതു വകുപ്പുമായി ബന്ധപ്പെട്ട സംരംഭമാണോ തുടങ്ങുന്നത് അവർ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിക്ക് അപേക്ഷ നൽകണം. കളക്ടർ ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് കൂടുതൽ ഭൂമി അനുവദിക്കും. പക്ഷെ അതിന് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. 15 ഏക്കർ കവിഞ്ഞ് ഒരേക്കർ അനുവദിക്കണമെങ്കിൽ 10 കോടിയുടെ നിക്ഷേപവും 20 തൊഴിലവസരങ്ങളും വേണം. ഇതിന് ആനുപാതികമായ വിധത്തിൽ വേണമെങ്കിൽ സർക്കാരിന് ഭൂമി അനുവദിക്കാം. എന്നാൽ വലിയ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ഇത്തരം മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന ആവശ്യമാണ് നിക്ഷേപക സംഗമത്തിൽ ഉയർന്നത്.
ഭൂപരിഷ്കരണ നിയമത്തിൽ ഒരുവിധ മാറ്റവും വരുത്താനാവില്ലെന്ന നിലപാടാണ് റവന്യൂവകുപ്പ് സ്വീകരിച്ചത്. നിയമത്തിൽ ഇളവ് വരുത്തി,കൈവശം വയ്ക്കാവുന്ന ഭൂമിയുടെ വിസ്തൃതി കൂട്ടിയാൽ നിയമത്തിന്റെ തന്നെ അന്തഃസത്ത നഷ്ടപ്പെടുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |