കാലിഫോർണിയ: നോർത്ത് അമേരിക്കയിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകനായ ഷെയ്‌ക്ക് ഹസൻ ഖാൻ സുരക്ഷിതനെന്ന് വിവരം. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് അറിയിച്ചത്. ഉടൻ തന്നെ കേരളത്തിൽ എത്തിച്ചേരുമെന്ന് ഷെയ്‌ക്ക് ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡെനാലി പർവതം മൗണ്ട് എവറസ്റ്റിനേക്കാളും അപകടം നിറഞ്ഞതാണെന്നും കാലാവസ്ഥ പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'2023ൽ ഡെനാലി പർവതത്തിൽ കയറിയിട്ടുണ്ട്. മൗണ്ട് എവറസ്റ്റിനെക്കാൾ അപകടം നിറഞ്ഞ പർവതമാണ് ഡെനാലി. തമിഴ്നാട്ടിലെ എന്റെ സുഹൃത്തിനെ ഡെനാലി പർവതം കയറാൻ സഹായിക്കാനാണ് ഞാനും പോയത്. അവിടത്തെ കാലാവസ്ഥ നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല. എപ്പോൾ വേണമെങ്കിലും മാറാം. 70 കിലോഗ്രാം സാധനങ്ങളുമായാണ് 18 ദിവസത്തെ പർവ്വതാരോഹണത്തിനായി ഡെനാലിയിലേക്ക് പോകേണ്ടത്. പരിശീലനം കൊടുത്തതിനുശേഷമാണ് ഞാൻ സുഹൃത്തിനെ കൊണ്ടുപോയത്.
അഞ്ച് ക്യാമ്പുകളിലായാണ് ഡെനാലിയിൽ കയറിയത്. അഞ്ചാമത്തെ ക്യാമ്പ് അപകടം നിറഞ്ഞതാണ്. ഇന്ത്യൻ പതാക നാട്ടിയതിനുശേഷമാണ് ശേഷമാണ് പ്രതിസന്ധിയിലായത്. മേയ് 15ന് ഈ ക്യാമ്പിൽ നിന്ന് തിരികെ വരുന്നതിനിടയിൽ സുഹൃത്തിന് ആർത്തവമുണ്ടായി. ആരോഗ്യനില മോശമാകുകയും ചെയ്തു. അന്ന് ഞങ്ങൾ ആ ക്യാമ്പിൽ തന്നെ താമസിക്കുകയായിരുന്നു.ആ സമയത്ത് കൊടുങ്കാറ്റുണ്ടായി. അങ്ങനെ സാഹചര്യം മോശമാകുകയായിരുന്നു. കൊടുങ്കാറ്റിനിടയിലും ഞാൻ പുറത്തിറങ്ങി പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. മിക്കവരും സ്പാം കോളാണെന്ന് കരുതി കോളെടുത്തില്ല.
അവസാനം ഒരു സുഹൃത്ത് ഫോണെടുത്തു. അദ്ദേഹമാണ് വിവരം റേയ്ഞ്ചർമാരെ അറിയിച്ചത്. മൂന്ന് ദിവസം പ്രതിസന്ധിയിൽപ്പെട്ടു. പലസഹായങ്ങളും വന്നു. ഇന്ത്യയുടെ മഹത്വം ശരിക്കും മനസിലാക്കിയത് അവിടെ നിന്നാണ്. ഇതോടെ ആത്മവിശ്വാസം കൂടിയിരിക്കുകയാണ്. രാജ്യം വലിയ രീതിയിലുളള പിന്തുണയാണ് നൽകിയത്'- ഷെയ്‌ക്ക് ഹസൻ പറഞ്ഞു.
അടുത്തിടെ എഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയാകുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതിൽ ഷെയ്‌ക്ക് ഹസൻ ഖാൻ സന്തോഷം പങ്കുവച്ചിരുന്നു. ഡെനാലി പർവതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊടുമുടി കീഴടക്കാൻ ശ്രമിക്കാറുണ്ടെങ്കിലും, പകുതിയിൽ താഴെ മാത്രം ആളുകൾക്ക് മാത്രമേ അത് പൂർത്തിയാക്കാൻ കഴിയാറുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. 1932 മുതൽ ഏകദേശം 120ൽ അധികം ആളുകൾ ഡെനാലിയിൽ മരിച്ചിട്ടുണ്ട്. അതിനാൽ, ഡെനാലി ഒരു സാഹസിക പർവതാരോഹണമാണെങ്കിലും, അതിന്റെ അപകടസാദ്ധ്യതകൾ വളരെ വലുതാണ്.
പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എംഎ അലി അഹമ്മദ് ഖാന്റെയും ജെഷാഹിദയുടെയും മകനാണ് ഷെയ്ക്ക് ഹസൻ ഖാൻ. സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. 2022ൽ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ, ഓസ്ട്രേലിയയിലെ മൗണ്ട് കോസിയാസ്‌കോ എന്നീ പർവതങ്ങളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |