ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് പല വിമാനക്കമ്പനികളും രാജ്യാന്തര വിമാന സർവീസുകളുടെ റൂട്ടുകൾ മാറ്റുന്നു. ഇവിടങ്ങളിലെ വ്യോമപാത ഒഴിവാക്കാനാണ് ശ്രമം. ചില സർവീസുകൾ റദ്ദാക്കുന്നുമുണ്ട്. ഇറാൻ, ഇറാഖ്, ഇസ്രയേൽ വ്യോമപാതയിലൂടെ സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ഗൾഫ് വ്യോമപാതയിലെ മറ്റുചില മേഖലകളും ഒഴിവാക്കും. ഇതോടെ യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് വിമാനയാത്രയുടെ ദൈർഘ്യം കൂടും.
ബ്രിട്ടീഷ് എയർവേയ്സും, സിംഗപ്പൂർ എയർവേയ്സും ദുബായിലേക്കുള്ള ചില സർവീസുകൾ ഇന്നലെ റദ്ദാക്കി. ഇന്നലെ ചെന്നൈ- ലണ്ടൻ ബ്രിട്ടീഷ് എയർവേയ്സ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.
അതേസമയം, ഇറാനിൽ നിന്ന് ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു തുടരുന്നു. ഇന്നലെ വൈകിട്ട് 04.30നും, രാത്രി 11.30നും ഇറാനിൽ നിന്നുള്ള പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തി. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കാനും നടപടികൾ ആരംഭിച്ചു.
തിരിച്ചെത്തിയവരിൽ
കണ്ണൂർ സ്വദേശിയും
ഇറാനിൽ നിന്ന് ഇന്നലെ വൈകിട്ട് 4.30ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയ 311 പേരിൽ ഒരാൾ മലയാളിയാണ്. കണ്ണൂർ സ്വദേശി ദിനേശ് കുർജാൻ. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുന്നു. ഇദ്ദേഹം ഉൾപ്പെടെ 15 പേരടങ്ങുന്ന സംഘം ജൂൺ 11നാണ് ആർക്കിടെക്ചർ ടൂറിനായി ഇറാനിൽ പോയത്. ഡൽഹിയിൽ നിന്ന് ഇന്നലെ വൈകിട്ടുള്ള വിമാനത്തിൽ ദിനേശ് അഹമ്മദാബാദിലേക്ക് മടങ്ങി.
നന്ദി അറിയിച്ച് മോദി
ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവിനുള്ള സൗകര്യമൊരുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ നന്ദി അറിയിച്ചു. അതേസമയം, ഇസ്രയേലിൽ ആവശ്യത്തിന് അഭയകേന്ദ്രങ്ങളുണ്ടെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസർ പറഞ്ഞു. മടങ്ങണമെന്നുള്ളവർക്ക് അതിനും ഏർപ്പാടുണ്ടാക്കും. ഇറാനിലെ യു.എസ് ബോംബിംഗിനെയും റൂവെൻ ന്യായീകരിച്ചു. ആണവഭീകരതയിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള ധീരമായ നീക്കമാണ് യു.എസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |