ടെൽ അവീവ്: ആണവ കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിന് പ്രതികാരമായി മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങളെ ഇറാൻ ആക്രമിക്കാൻ സാദ്ധ്യത. യെമനിലെ ഹൂതി വിമതരും ഇറാനൊപ്പം ചേർന്നാക്കാം. തിരിച്ചടി മുന്നിൽ കണ്ട് മേഖലയിലെ യു.എസ് ബേസുകളിൽ ജാഗ്രത ശക്തമാക്കി. ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറാണെന്ന് സൈനിക മേധാവികൾ പറയുന്നു. വിദേശ മണ്ണിൽ ഇറാനോ നിഴൽ ഗ്രൂപ്പുകളോ യു.എസ് പൗരന്മാരെയും എംബസികൾ അടക്കം നയതന്ത്ര കേന്ദ്രങ്ങളെയും ആക്രമിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലായി 40,000 യു.എസ് സൈനികരുണ്ട്.
അന്നും ആളിക്കത്തി
ഇതിന് മുന്നേ ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്താണ് (2017- 2021) യു.എസും ഇറാനും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. ഇറാനിലെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയുടെ വധമാണ് കാരണം. ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവനായിരുന്ന സുലൈമാനിയുടെ വധം പശ്ചിമേഷ്യയിൽ വൻ സംഘർഷത്തിന് വഴിവച്ചു. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയ്ക്ക് ശേഷം ഇറാനിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തിയെന്നാണ് സുലൈമാനി അറിയപ്പെട്ടിരുന്നത്.
2020 ജനുവരി 3ന് ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് സുലൈമാനിയെ വധിച്ചത്. എം.ക്യൂ - 9 റീപ്പർ ഡ്രോണും അതിൽ ഘടിപ്പിച്ചിരുന്ന എ.ജി.എം - 114 ഹെൽഫയർ ആർ 9 എക്‌സ് 'നിൻജ ' മിസൈലുകളും സുലൈമാനി സഞ്ചരിച്ച കാറിനെ തകർത്തെറിഞ്ഞു.
കൈ വിരലിലെ മോതിരം കണ്ടാണ് സുലൈമാനിയെ തിരിച്ചറിഞ്ഞത്. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ നയതന്ത്രജ്ഞരെയും സൈനികരെയും ആക്രമിക്കാനുള്ള പദ്ധതികൾ സുലൈമാനിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്നെന്നാണ് ആക്രമിക്കാനുള്ള കാരണമായി യു.എസ് പറഞ്ഞത്.
പൊലിഞ്ഞത് 176 നിരപരാധികൾ
സുലൈമാനി വധത്തിന് പിന്നാലെ ഇറാഖിലെ യു.എസ്, സഖ്യസേനാ സൈനിക ബേസുകൾ ഇറാൻ ആക്രമിച്ചു. യു.എസ് തിരിച്ചടിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടവയിൽ ഏറ്റവും പ്രധാനപ്പെട്ടത് യു.എസിന്റെ ഐൻ അൽ - അസദ് എയർബേസ് ആയിരുന്നു. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപം അൻബർ പ്രവശ്യയിൽ സിറിയൻ അതിർത്തിയിൽ നിന്നും 135 മൈൽ അകലെയാണ് അൽ അസദ് എയർബേസ്. യു.എസും സഖ്യരാജ്യങ്ങളുടെ സൈന്യവുമാണ് എയർബേസിലുണ്ടായിരുന്നത്.
ഐസിസ് തീവ്രവാദികൾക്കെതിരെ ആക്രമണം നടത്താൻ യു.എസ് മിലിട്ടറി ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതും എയർബേസ് കേന്ദ്രീകരിച്ചാണ്. 2003ൽ ഇറാഖ് അധിനിവേശ സമയത്ത് അമേരിക്ക തങ്ങളുടെ മിസൈലുകൾ വിക്ഷേപിച്ചിരുന്നത് ഇവിടെ നിന്നാണ്.
അൽ അസദിനെ കൂടാതെ വടക്കൻ ഇറാഖിന് സമീപമുള്ള എർബിൽ എയർബേസിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. 100ലേറെ അമേരിക്കൻ സൈനികർക്കാണ് രണ്ടിടങ്ങളിലുമുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റത്.
ഇതിനിടെ, 2020 ജനുവരി 8ന് ടെഹ്റാനിൽ നിന്ന് കീവിലേക്ക് പറന്നുയർന്ന യുക്രെയിൻ എയർലൈൻസ് യാത്രാ വിമാനം അമേരിക്കൻ ക്രൂസ് മിസൈലാണെന്ന് കരുതി ഇറാൻ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്ത്ത്തി. 176 യാത്രക്കാർ കൊല്ലപ്പെട്ടു. തെറ്റ് അംഗീകരിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ് മാപ്പ് പറയേണ്ടി വന്നു. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും ഇത് ഇടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |