ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി റിഷഭ് പന്ത് (118)
കെ.എൽ രാഹുലിനും സെഞ്ച്വറി (137), രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 364ന് പുറത്ത്
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ 21/0, അവസാന ദിനം ആതിഥേയർക്ക് ജയിക്കാൻ വേണ്ടത് 350 റൺസ്
ലീഡ്സ് : ലീഡ്സിൽ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറികളുടെ ആറാട്ട്. നാലാം ദിവസം രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ഉപനായകൻ റിഷഭ് പന്തും (118) ഓപ്പണർ കെ.എൽ രാഹുലും (137) മൂന്നക്കം കണ്ടതോടെ മത്സരത്തിൽ ആകെ പിറന്ന സെഞ്ച്വറികൾ ആറായി. ആദ്യ ഇന്നിംഗ്സിൽ ആറു റൺസിന്റെ ലീഡ് നേടിയിരുന്ന ഇന്ത്യ 364 റൺസിൽ ആൾഔട്ടായി. 371 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ളണ്ട് കളി നിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസ് എടുത്തിട്ടുണ്ട്. അവസാന ദിനത്തിൽ 350 റൺസ്കൂടിയാണ് ജയിക്കാൻ ഇംഗ്ളണ്ടിന് വേണ്ടത്.
ആദ്യ ഇന്നിംഗ്സിൽ 471 റൺസ് നേടിയിരുന്ന ഇന്ത്യയ്ക്ക് എതിരെ ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 465ൽ അവസാനിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിറുത്തുമ്പോൾ 90/2 എന്ന നിലയിലായിരുന്നു . ആറുറൺസുമായി നായകൻ ശുഭ്മാൻ ഗില്ലും 47 റൺസുമായി കെ.എൽ രാഹുലുമാണ് ഇന്നലെ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. രാവിലത്തെ ആദ്യ ഓവറിന്റെ അവസാന പന്തിൽ ഗില്ലിനെ(8) കാഴ്സ് ബൗൾഡാക്കിയെങ്കിലും റിഷഭ് പന്ത് ക്രീസിലേക്ക് എത്തിയതോടെ കളി മാറി. പന്തിനെ കൂട്ടുനിറുത്തി
രാഹുൽ അർദ്ധസെഞ്ച്വറി കടന്നതോടെ ഇന്ത്യൻ ബാറ്റർമാരെ മെരുക്കാൻ ഇംഗ്ളണ്ട് ബൗളർമാർക്ക് പെടാപ്പാട് പെടേണ്ടിവന്നു. ലഞ്ചിന് പിരിയുമ്പോൾ 153/3 എന്ന നിലയിലായിരുന്നു ഇന്ത്യ. ലഞ്ചിന് ശേഷം രാഹുലും പന്തും തകർത്താടിയതോടെ സ്കോർ കുതിച്ചുകയറി. രാഹുൽ ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്തിയപ്പോൾ നിന്നും കിടന്നും ഇരുന്നുമൊക്കെ ഷോട്ടുകൾ പായിച്ച പന്ത് വിസ്മയമായി മാറി. അർദ്ധസെഞ്ച്വറിയും കടന്ന് മുന്നേറിയ പന്തിന്റെ ബാറ്റിൽ നിന്നാണ് കൂട്ടുകെട്ടിലെ കൂടുതൽ റൺസ് വന്നത്. രാഹുൽ സെഞ്ച്വറിയിലേക്ക് അടുത്തപ്പോൾ പന്തും തൊട്ടുപിന്നാലെ മുന്നേറി. നേരിട്ട 202-ാമത്തെ പന്തിലാണ് രാഹുൽ സെഞ്ച്വറി തികച്ചത്. പിന്നാലെ റിഷഭും മൂന്നക്കം തികച്ചു. 130 പന്തുകൾ മാത്രമേ റിഷഭ് പന്തിന് ഇതിനായി വേണ്ടിവന്നുള്ളൂ.
സെഞ്ച്വറി തികച്ചിട്ടും അടി തുടർന്ന പന്ത് വ്യക്തിഗത സ്കോർ 118ലെത്തിയപ്പോൾ വീണു. 140 പന്തുകളിൽ 15 ഫോറുകളും മൂന്ന് സിക്സുകളും പായിച്ച പന്തിനെ ഷൊയ്ബ് ബഷീറിന്റെ പന്തിൽ സാക്ക് ക്രാവ്‌ലി ക്യാച്ചെടുക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ കരുൺ നായരെക്കൂട്ടി രാഹുൽ ടീം സ്കോർ 298/4ലെത്തിച്ചപ്പോൾ ചായയ്ക്ക് പിരിഞ്ഞു. മടങ്ങിയെത്തിയപ്പോൾ രാഹുലും കരുൺ നായരും (20) പുറത്തായി.തുടർന്ന് ശാർദൂൽ (4),സിറാജ് (0), ബുംറ(0) എന്നിവരെ ജോഷ് ടംഗ് പെട്ടെന്ന് മടക്കി അയച്ചു. പ്രസിദ്ധിനെ (0) ടംഗിന്റെ കയ്യിലെത്തിച്ച് ഷൊയ്ബ് ബഷീർ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു.
കളിനിറുത്തുമ്പോൾ 12 റൺസുമായി സാക്ക് ക്രാവ്‌ലിയും 9 റൺസുമായി ബെൻ ഡക്കറ്റുമാണ് ഇംഗ്ളണ്ടിനായി ക്രീസിൽ ഇംഗ്ളണ്ടിനെ ഇന്ന് ആൾഔട്ടാക്കി വിജയം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
സെഞ്ച്വറികളുടെ ആറാട്ട്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
യശസ്വി ജയ്സ്വാൾ : 101
ശുഭ്മാൻ ഗിൽ : 147
റിഷഭ് പന്ത് : 134
ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ്
ഒല്ലീ പോപ്പ് : 106
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
റിഷഭ് പന്ത് : 118
കെ.എൽ രാഹുൽ: 120*
ഹാരി ബ്രൂക്ക് 99ൽ പുറത്തായി
5
ഇംഗ്ളീഷ് മണ്ണിൽ തുടർച്ചയായി അഞ്ച് അർദ്ധസെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാണ് റിഷഭ് പന്ത്. ഡോൺ ബ്രാഡ്മാൻ, ഹാൻസി ക്രോണ്യേ,ചന്ദർപോൾ,സംഗക്കാര,ഡാരിൽ മിച്ചൽ എന്നിവർ മാത്രമാണ് ഇംഗ്ളണ്ടിൽ അഞ്ച് അർദ്ധസെഞ്ച്വറികൾ നേടിയിട്ടുള്ള വിദേശ ബാറ്റർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |