ടെഹ്‌റാൻ: രാജ്യത്തെ ആണവ കേന്ദ്രങ്ങളെ യു.എസ് ആക്രമിച്ചതിന് പിന്നാലെ,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സഹായം തേടി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഖമനേയിയുടെ നിർദ്ദേശപ്രകാരം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ഇന്നലെ മോസ്കോയിലെത്തി പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഖമനേയിയുടെ കത്ത് അരാഖ്ചി പുട്ടിന് കൈമാറി. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് ന്യായമില്ലെന്നും ഇറാൻ ജനതയെ സഹായിക്കുമെന്നും പുട്ടിൻ പറഞ്ഞു. ദീർഘകാല പങ്കാളിയായ നിലവിലെ റഷ്യയുടെ നിലപാടിൽ ഖമനേയി തൃപ്തനല്ലെന്നും റഷ്യയുടെ കൂടുതൽ പിന്തുണ വേണമെന്നാണ് ആവശ്യമെന്നും പറയുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുട്ടിൻ നേരത്തെ അറിയിച്ചിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമനേയിയെ വധിക്കുന്നതിനെ കുറിച്ചും ഇറാനിലെ ഭരണമാറ്റത്തെ പറ്റിയും പരസ്യമായി പ്രസ്താവനകൾ നടത്തിയിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട യു.എസ് നടപടിയെ ഞായറാഴ്ച ചേർന്ന യു.എൻ രക്ഷാ സമിതി യോഗത്തിൽ റഷ്യയും ചൈനയും അപലപിച്ചിരുന്നു. മിഡിൽ ഈസ്റ്റിൽ അടിയന്തരവും നിരുപാധികവുമായ വെടിനിറുത്തൽ ആവശ്യപ്പെടുകയും ചെയ്തു.
# ഏറ്റുമുട്ടാനില്ല
യുക്രെയിൻ യുദ്ധം തുടരുന്നതിനാൽ ഇറാന് വേണ്ടി യു.എസുമായി കൊമ്പുകോർക്കാൻ റഷ്യയ്ക്ക് താത്പര്യമില്ല. ജോ ബൈഡന്റെ കാലത്ത് വഷളായ റഷ്യ-യു.എസ് ബന്ധം മെച്ചപ്പെടുത്താനും യുക്രെയിൻ യുദ്ധം പരിഹരിക്കാൻ മദ്ധ്യസ്ഥത നടത്തുന്നതിനാലും ട്രംപിനെതിരെ റഷ്യ രൂക്ഷവിമർശനം ഉന്നയിച്ചിട്ടില്ല.
# പരിധിയില്ലാത്ത
ആക്രമണം
ഇറാൻ ഭരണകൂടത്തിന്റെ അധികാരം നിലനിറുത്താനുള്ള കഴിവിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ. ആണവ,സൈനിക കേന്ദ്രങ്ങളെയും മിസൈൽ ശാലകളെയുമാണ് ആദ്യം ലക്ഷ്യമാക്കിയതെങ്കിൽ,ഇനി മുതൽ ആക്രമണത്തിന് പരിധിയുണ്ടാകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. വടക്കൻ ടെഹ്റാനിലെ എവിൻ ജയിലിൽ ഇസ്രയേൽ ബോംബിട്ടത് ഇതിന്റെ ഭാഗമാണ്.
# വിമാനത്താവളങ്ങളിൽ
ബോംബിട്ടു
ഇറാനിലെ 6 വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം. 15 വിമാനങ്ങളും റൺവേകളും തകർന്നു
ടെഹ്റാനിൽ ഊർജ്ജ കേന്ദ്രത്തിന് നേരെ ഇസ്രയേൽ ആക്രമണം. വൈദ്യുതി തടസപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണം ഇസ്രയേലിലും വൈദ്യുതി വിതരണം തടസപ്പെടുത്തി
ഇസ്രയേലിലെ അഷ്ദോദിൽ പവർ സ്റ്റേഷന് സമീപം ഇറാൻ മിസൈൽ പതിച്ച് തീപിടിത്തം. ആളപായമില്ല
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്ന കാര്യത്തിൽ ഇറാൻ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ഹോർമുസ് അടച്ചാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ ആത്മഹത്യയ്ക്ക് തുല്യമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ
ഹോർമൂസ് അടയ്ക്കരുതെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ബ്രസൽസിൽ യോഗം ചേർന്നു
ഇറാന് ആണവായുധം പാടില്ലെന്നും യു.എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരല്ലെന്നും നാറ്റോ
ട്രംപിനെ ചൂതാട്ടക്കാരൻ എന്ന് വിശേഷിപ്പിച്ച് ഇറാനിലെ റെവല്യൂഷണറി ഗാർഡ്. ട്രംപ് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ്
# എവിൻ ജയിലിൽ ആക്രമണം
ഇറാനെതിരെ വ്യാപക ആക്രമണം ഇസ്രയേൽ ഇന്നലെയും തുടർന്നു. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ, ഇസ്ലാമിക് റെവല്യൂണറി ഗാർഡ് കോറിന്റെയും ആഭ്യന്തര സുരക്ഷാസേനയുടെയും ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലായി നൂറിലേറെ ബോംബുകളിട്ടു. യു.എസ് ബോംബിട്ട ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രത്തെയും സമീപ പ്രദേശങ്ങളെയും ആക്രമിച്ചു. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഇസ്രയേലി നഗരങ്ങൾക്കു നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായെങ്കിലും അയൺഡോം മിക്കതും തകർത്തു.
# യു.എസ് ജനതയ്ക്ക്
ജാഗ്രതാനിർദ്ദേശം
ലോകത്ത് എവിടെയുമുള്ള അമേരിക്കക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രംപ്
ഇറാക്കിലെയും ലെബനനിലെയും അമേരിക്കൻ നയതന്ത്രജ്ഞർ രാജ്യം വിടണം
ഇസ്രയേലിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ വിമാനം
സുരക്ഷിത ഇടങ്ങളിൽ തങ്ങാൻ ഖത്തറിലെ അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം
# ഫോർഡോയിലെ നാശനഷ്ടത്തിന്റെ വ്യാപ്‌തി അവ്യക്തം
ഞായറാഴ്ച നടത്തിയ ബോംബാക്രമണത്തിൽ ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവ നിലയങ്ങളെ നശിപ്പിച്ചെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. എന്നാൽ നാശനഷ്ടങ്ങളുടെ കൃത്യമായ തോത് നിർണയിക്കാനായിട്ടില്ലെന്ന് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി ഇന്നലെ വീയന്നയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി.
ഫോർഡോയിലെ ഭൂഗർഭ ആണവ കേന്ദ്രത്തിൽ വളരെ വലിയ നാശനഷ്ടം പ്രതീക്ഷിക്കുന്നതായി ഏജൻസി തലവൻ റാഫേൽ ഗ്രോസി പറഞ്ഞു. ടെഹ്റാന് തെക്കുപടിഞ്ഞാറ് 95 കിലോമീറ്റർ അകലെ ക്വോമിന് അടുത്ത് പർവ്വതത്തിന് വശത്തായി 260-300 അടി താഴ്ചയിലാണ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോ നിർമ്മിച്ചിരിക്കുന്നത്.
ഫോർഡോ സ്ഥിതി ചെയ്യുന്ന മേഖലയിൽ ആക്രമണത്തിന് പിന്നാലെ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ഗ്രോസി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിലൂടെ ഭൂമിക്കടിയിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി പൂർണമായി വിലയിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. അടിയന്തര വെടിനിറുത്തൽ നടപ്പാക്കി ഇറാനിലെ ആണവ കേന്ദ്രങ്ങളെ പരിശോധിക്കാൻ അനുവദിക്കണമെന്നും ഗ്രോസി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |