അറ്റ്‌ലാന്റ്: ഫിഫ ക്ലബ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരത്തിൽ പാൽമിറസിനോട് 2-2ന് സമനില വഴങ്ങിയെങ്കിലും ലയണൽ മെസിയുടെ ഇന്റർ മയാമി ഗ്രൂപ്പ് എയിലെ രണ്ടാമന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു.അതേസമയം ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ദക്ഷിണ അമേരിക്കൻ ചാമ്പ്യൻമാരായ ബൊട്ടാഫോഗോയെ 1-0ത്തിന് തോൽപ്പിച്ചെങ്കിലും സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിന് അവസാന 16ലേക്ക് എത്താനായില്ല. ഗ്രൂപ്പ് ബിയിൽ നിന്ന് ഒന്നാമന്മാരായി പാരീസും രണ്ടാമന്മാരായി ബോട്ടഫോഗോയുമാണ് പ്രീ ക്വാർട്ടറിലെത്തിയത്. അവസാന മത്സരത്തിൽ സിയാറ്റിൽ സൗണ്ടേഴ്സിനെ 2-0ത്തിനാണ് പാരീസ് എസ്.ജി തോൽപ്പിച്ചത്.
16-ാം മിനിട്ടിൽ ടാഡിയോ അലൻഡെയാണ് പാൽമിറാസിനെതിരെ ഇന്റർ മയാമിയുടെ ആദ്യ ഗോൾ നേടിയത്. 65-ാം മിനിട്ടിൽ വെറ്ററൻ താരം ലൂയിസ് സുവാരസിലൂ മയാമി 2-0ന് മുന്നിലെത്തിയിരുന്നു. എന്നാൽ ബ്രസീലിയൻ ക്ളബിന് വേണ്ടി 80-ാം മിനിട്ടിൽ പൗളിഞ്ഞോ ആദ്യ ഗോൾ തിരിച്ചടിച്ചു. കളി അവസാനിക്കാൻ മൂന്ന് മിനിട്ടു മാത്രം ശേഷിക്കേ മൗറീഷ്യോ സമനില ഗോളും നേടി.
പ്രീ ക്വാർട്ടറിൽ മെസിയുടെ പഴയക്ളബായ പാരീസ് എസ്.ജിയാണ് മയാമിയുടെ എതിരാളികൾ.
പിറന്നാൾ ദിനത്തിൽ
ഗോളില്ലാതെ മെസി
ഇന്റർ മയാമിയുടെ സൂപ്പർ താരം ലയണൽ മെസിയുടെ 38-ാം ജന്മദിനമായിരുന്നു ഇന്നലെ. കളം നിറഞ്ഞ് കളിച്ചെങ്കിലും മെസിക്ക് ഗോൾ നേടാനായില്ല. ഒരു മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |