ടെൽ അവീവ്: വെടിനിറുത്തൽ കരാർ അംഗീകരിച്ചതിനെ അംഗീകരിച്ചെങ്കിലും സമാധാനം ദുർബലമായതിനാൽ ചില രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. ട്രംപിന്റെ മദ്ധ്യസ്ഥതയിൽ ആദ്യം വെടിനിറുത്തൽ വന്നെങ്കിലും ഇറാനിൽ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും തങ്ങളുടെ ആണവ പദ്ധതി വേഗത്തിൽ ട്രാക്കിലെത്തിക്കുമെന്ന് ഇറാനും പ്രതികരിച്ചത് അത്ര നല്ല സൂചനയായി രാജ്യങ്ങൾ കണക്കാക്കുന്നില്ല. ഇതിനിടെ ഗാസയിലും വെടിനിറുത്തൽ വരണമെന്ന ശബ്ദവുമുയരുന്നുണ്ട്. ഗാസയിൽ വെടിനിറുത്തലിന് സമയമായെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു.
'അവിടെയും കാര്യങ്ങൾ അവസാനിപ്പിക്കേണ്ട സമയമാണിത്. ബന്ദികളെ തിരികെ കൊണ്ടുവരാൻ, യുദ്ധം അവസാനിപ്പിക്കാൻ. ഇസ്രയേൽ പുനർനിർമ്മാണം ആരംഭിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
ഇറാൻ
വെടിനിറുത്തൽ അംഗീകരിക്കാൻ സൈന്യം നിർബന്ധിതമായെന്ന് ഇറാന്റെ ഉന്നത സുരക്ഷാ സ്ഥാപനമായ സുപ്രീംനാഷണൽ സെക്യൂരിറ്റി കൗൺസിൽ. ശത്രുക്കളുടെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ടെഹ്റാൻ സൈന്യം സജ്ജമായിരിക്കും.
ഇസ്രയേൽ
ഇറാന്റെ ആണവ പദ്ധതിയും മിസൈൽ ശേഷിയും നശിപ്പിക്കാൻ നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലക്ഷ്യങ്ങൾ നേടിയതിനാലും പ്രസിഡന്റ് ട്രംപുമായുള്ള പൂർണ ഏകോപനത്താലും ഉഭയകക്ഷി വെടിനിറുത്തലിന് സമ്മതിച്ചു- അദ്ദേഹം പറഞ്ഞു.
യു.എസ്
മറ്റൊരു പ്രസിഡന്റിനും ചെയ്യാൻ കഴിയാത്തത് പ്രസിഡന്റ് ട്രംപ് ചെയ്തു. മേഖലയിൽ ദീർഘകാല സമാധാനം സൃഷ്ടിക്കാം. അതാണ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം- വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.
ഖത്തർ
യു.എസിന്റെ അഭ്യർത്ഥനപ്രകാരം വെടിനിറുത്തൽ കരാറിന് മദ്ധ്യസ്ഥത വഹിക്കാൻ ഇറാനുമായി ബന്ധപ്പെട്ടതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു. വെടിനിറുത്തലിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കരാർ ലംഘനങ്ങളിൽ ആശങ്കയുണ്ട്. ലംഘനങ്ങൾ അസ്വീകാര്യമാണ്. വെടിനിറുത്തൽ നിലനിൽക്കുമെന്നും നയതന്ത്രം വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു.
ഖത്തറും ഈജിപ്റ്റും ഇസ്രയേലിനും ഹമാസിനും ഇടയിൽ മദ്ധ്യസ്ഥത വഹിക്കുന്ന ഗാസ വെടിനിറുത്തൽ ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽപുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ വെടിനിറുത്തൽ മുതലെടുത്ത് ഗാസയെ ആക്രമിക്കുന്നത് ഇസ്രയേൽ തുടരില്ലെന്ന് പ്രതീക്ഷിക്കുന്നു.
ഈജിപ്റ്റ്
വെടിനിറുത്തലിനെ സ്വാഗതം ചെയ്‌ത് ഈജിപ്റ്ര് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിലും മേഖലയിൽ ശാന്തത പുനഃസ്ഥാപിക്കുന്നതിലും ഇത് ഒരു വഴിത്തിരിവായിരിക്കുമെന്ന് അറിയിച്ചു.
ലെബനൻ
ഇസ്രയേൽ- ഇറാൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ഒഴിവാക്കാനായതിൽ സന്തോഷമുണ്ടെന്ന്
ലെബനൻ പ്രധാനമന്ത്രി നവാഫ് അബ്ദുല്ല സലിം സലാം പ്രതികരിച്ചു.
ജോർദാൻ
വെടിനിറുത്തലിനെ സ്വാഗതം ചെയ്യുന്നു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിൽ ഇത് ഗുണം ചെയ്തു. കരാർ സംരക്ഷിക്കണമെന്ന്
ജോർദാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സുഫ്യാൻ ഖുദ പ്രതികരിച്ചു. ഗാസയിൽ വെടിനിറുത്തലുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
സൗദി അറേബ്യ
ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു.
റഷ്യ
ഒരു വെടിനിറുത്തൽ സാദ്ധ്യമായിട്ടുണ്ടെങ്കിൽ, അത് സ്വാഗതം ചെയ്യാൻ മാത്രമേ കഴിയൂ- ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ഇത് ഒരു സുസ്ഥിര വെടിനിറുത്തലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈന
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകാൻ ചൈന ആഗ്രഹിക്കുന്നില്ല. മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും നിലനിറുത്താൻ അന്താരാഷ്ട്ര സമൂഹവുമായി പ്രവർത്തിക്കാൻ തയ്യാറാണ്.
യൂറോപ്യൻ യൂണിയൻ
പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. പിരിമുറുക്കമുള്ള ഒരു മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. ഇത് ഞങ്ങളുടെ കൂട്ടായ മുൻഗണനയായിരിക്കണം,
ഫ്രാൻസ്
ഇറാനോട് അവരുടെ ആണവ, ബാലിസ്റ്റിക് പദ്ധതികളുമായും അതിന്റെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കുന്ന ഒരു കരാറിലേക്ക് നയിക്കുന്ന ചർച്ചകളിൽ കാലതാമസമില്ലാതെ ഏർപ്പെടാൻ ആവശ്യപ്പെടുന്നു.
ജർമ്മനി
വെടിനിറുത്തലിനുള്ള യു.എസ് പ്രസിഡന്റിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നു. ഇറാനും ഇസ്രയേലും ആഹ്വാനം ശ്രദ്ധിക്കണം. കഴിഞ്ഞ നാടകീയ ദിവസങ്ങളിൽ ഖത്തറും മേഖലയിലെ മറ്റ് രാജ്യങ്ങളും കാണിച്ച വിവേകത്തിന് നന്ദിയെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |