ഷിംല: ഹിമാചൽ പ്രദേശിൽ വിവിധയിടങ്ങളിൽ മേഘവിസ്ഫോടനങ്ങളുണ്ടായതിനെ തുടർന്ന് മിന്നൽ പ്രളയം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. 16 പേരെ കാണാതായി. വൻ നാശനഷ്ടങ്ങളുണ്ടായതായി സർക്കാർ അറിയിച്ചു. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസപ്പെട്ടു. പലയിടത്തും കെട്ടിടങ്ങൾ തകർന്നുവീണു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ 259 റോഡുകൾ അടച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ ഇതുവരെ 23 പേർ മരിച്ചതായി സർക്കാർ വ്യക്തമാക്കി. മാണ്ഡി-മണാലി ഹൈവേയിലെ തുരങ്കത്തിനുള്ളിൽ 80 ഓളം വാഹനങ്ങൾ കുടുങ്ങി. ഇതോടെ കുളുവിലേക്കും മാണ്ഡിയിലേക്കും ഉള്ള ഗതാഗതം നിറുത്തിവച്ചു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 34 പേരെ പുറത്തെത്തിച്ചു.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ തിങ്കളാഴ്ച രാവിലെ അഞ്ചുനില കെട്ടിടം തകർന്നുവീണു. ബിയാസ് നദി കര കവിഞ്ഞതോടെ നിരവധി ആളുകളെ ഒഴിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഏറ്റവും കൂടുതൽ നാശനഷ്ടനുമുണ്ടായത് മാണ്ഡിയിലാണ്. പ്രദേശത്ത് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായതാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന്, കുന്നിൻപ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പാതകളിലുമുള്ള യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിരവധി കന്നുകാലികൾ ചത്തു. കിഴക്കൻ ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, ചണ്ഡിഗർ, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |