ന്യൂഡൽഹി: ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. പരമോന്നത ദേശീയ ബഹുമതിയായ 'ദി ഓർഡർ ഒഫ് ദി റിപ്പബ്ലിക് ഒഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ" മോദിക്ക് നൽകി. ആഗോള നേതൃത്വം, ഇന്ത്യൻ പ്രവാസികളുമായുള്ള ഇടപെടൽ, കൊവിഡ് കാലത്തെ മാനുഷിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണിതെന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ് ബിസ്സേസർ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള ശക്തിയായി. സമ്പദ്വ്യവസ്ഥയെ ആധുനികവത്കരിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ അഭിമാനം വളർത്തിയെന്നും അവർ പറഞ്ഞു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു.ടൊബാഗോയിലെ ഇന്ത്യക്കാരുടെ യാത്ര ധീരമാണെന്ന് മോദി പറഞ്ഞു. ഇന്ത്യക്കാർ എത്തിയതിന്റെ 180-ാം വാർഷിക വേളയായതിനാൽ സന്ദർശനം കൂടുതൽ സവിശേഷമായെന്നും പറഞ്ഞു.തലസ്ഥാനമായ പോർട്ട് ഒഫ് സ്പെയിനിലെത്തിയ മോദിയെ പ്രധാനമന്ത്രി കമലയും മന്ത്രിമാരും സ്വീകരിച്ചു.
1999നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്തുന്നത്.പരമ്പരാഗത ഇന്തോ-ട്രിനിഡിയൻ രീതിയിലാണ് പ്രവാസികൾ മോദിയെ സ്വീകരിച്ചത്.
ഇലയിൽ ഭക്ഷണം കഴിച്ച്
പ്രധാനമന്ത്രി കമല ഒരുക്കിയ വിരുന്നിൽ സൊഹാരി ഇലയിലാണ് ഭക്ഷണം വിളമ്പിയത്. ഇരു രാജ്യങ്ങളിലെയും സാംസ്‌കാരിക ബന്ധത്തിന് തെളിവാണിതെന്ന് മോദി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിച്ചപ്പോൾ 'വൈഷ്ണവ ജനതോ" ആലപിച്ച ട്രിനിഡാഡിലെ ഗായകൻ റാണ മൊഹിപ്പുമായും മോദി സംസാരിച്ചു.
ബീഹാറിന്റെ മകൾ
കമല പെർസാദ് ബീഹാറിന്റെ മകളാണെന്ന് മോദി വിശേഷിപ്പിച്ചു. ബീഹാർ ബക്‌സർ ജില്ലയിലെ ഭെലുപുർ ഗ്രാമത്തിൽ നിന്നുള്ളവരാണ് കമലയുടെ പൂർവികർ. അറ്റോർണി ജനറലായിരുന്ന അവർ പിന്നീട് പാർലമെന്റംഗവും പ്രതിപക്ഷനേതാവും രാഷ്ട്രത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായി. 2012ൽ കമല ബീഹാർ സന്ദർശിച്ചിരുന്നു. മോദി അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും മഹാകുംഭമേളയിൽ നിന്നുള്ള പുണ്യജലവും കമലയ്ക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |