കാളികാവ്: മലയോര ജനതയെ ഒന്നാകെ പരിഭ്രാന്തിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിൽ അകപ്പെട്ടിട്ടും കടുവാപ്പേടിയൊഴിയാതെ മലയോരം. കഴിഞ്ഞദിവസം കേരള എസ്റ്റേറ്റ് മഞ്ഞൾപാറ അമ്പതേക്കറിൽ വീണ്ടും പാതി ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡാവശിഷ്ടം കണ്ടെത്തിയതോടെയാണ് ജനങ്ങളുടെ ഭീതി വീണ്ടും വർദ്ധിച്ചത്.
കൂട്ടിൽ അകപ്പെട്ട കടുവയ്ക്ക് പുറമേ കൂടുതൽ കടുവകൾ പ്രദേശത്തുണ്ടെന്നും കടുവകൾക്ക് പുറമെ പുലി, കരടി, ചെന്നായ് എന്നിവയും മലയോര മേഖലകളിൽ കൂടുതലുണ്ടെന്നും തൊഴിലാളികൾ നേരത്തെ പറഞ്ഞിരുന്നു. ഇത് സത്യമാണെന്ന് തെളിയിക്കുന്നതായി കഴിഞ്ഞദിവസം കണ്ടെത്തിയ അവശിഷ്ടങ്ങൾ. കടുവ കൂട്ടിൽ അകപ്പെട്ട തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രദേശത്തെ തൊഴിലാളികൾ കടുവകളെ കണ്ടിരുന്നതായി പ്രചരിച്ചിരുന്നു. തോട്ട ഉടമകളും അധികൃതരും ഇവ നിഷേധിച്ചു. കടുവ കൂട്ടിലായെങ്കിലും കൂടുതൽ വന്യമൃഗങ്ങൾ പ്രദേശത്തുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞതിനാൽ തൊഴിൽ മേഖല ഇപ്പോഴും പൂർണ്ണമായും സജീവമായിട്ടില്ല.റബർ എസ്റ്റേറ്റുകൾ വൻതോതിൽ കാട് മുടി കിടക്കുകയാണ്.റബറിനു പുറമേ തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ തുടങ്ങിയ കൃഷിതോട്ടങ്ങളിലും സമാന അവസ്ഥയാണ്. കടുവയെ പിടികൂടി ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും കടുവയ്ക്കായി സ്ഥാപിച്ച കൂടുകളും കാമറകളും മാറ്റരുതെന്നും ദൗത്യ സംഘത്തിന്റെ നിരീക്ഷണം പ്രദേശത്ത് ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ചു മലയോര സംരക്ഷണ സമിതി വനംവകുപ്പ് മേധാവികളെ നേരിൽ കണ്ടിരുന്നു. കാട്ടുപന്നിയുടെ ജഡാവശിഷ്ടം കണ്ടെത്തിയതോടെ ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |