ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെയുള്ള രാഷ്ട്രപതിയുടെ റഫറൻസ് മടക്കണമെന്ന് സുപ്രീംകോടതിയോട് കേരളം. രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച 14 ചോദ്യങ്ങൾ വിശദമായി പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചിരുന്നു. കേന്ദ്രസർക്കാരിനും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാൻ ജൂലായ് 22ന് ഉത്തരവിട്ടു. ഇതിനിടെയാണ് റഫറൻസ് നിലനിൽക്കില്ലെന്നും, ഉത്തരം നൽകാതെ മടക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാൻഡിംഗ് കൗൺസൽ സി.കെ.ശശി മുഖേന പ്രത്യേക അപേക്ഷ കേരളം സമർപ്പിച്ചത്. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം സുപ്രീംകോടതിയോട് അഭിപ്രായം തേടാനുള്ള സവിശേഷാധികാരം ഉപയോഗിച്ചായിരുന്നു രാഷ്ട്രപതിയുടെ റഫറൻസ്. കോടതിയുടെ ഉപദേശം അംഗീകരിക്കണമെന്ന് നിർബന്ധമില്ല.
തമിഴ്നാട് കേസിൽ
ഉത്തരമുണ്ട്
ബില്ലുകൾ ഗവർണറുടെ മുന്നിലെത്തുമ്പോൾ ഭരണഘടനപ്രകാരം എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും ? ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡിഷ്യൽ ഉത്തരവ് വഴി അതിനു കഴിയുമോ ? തുടങ്ങിയ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിരുന്നത്. 11 ചോദ്യങ്ങൾക്കും തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള കേസിലെ സുപ്രധാന വിധിയിൽ ഉത്തരമുണ്ടെന്ന് കേരളം അറിയിച്ചു. അക്കാര്യം റഫറൻസിൽ മറച്ചുവച്ചിരിക്കുകയാണ്. ഇടപെട്ടാൽ ആ വിധി അസാധുവാകുന്നതിലേക്ക് നയിച്ചേക്കും.
സ്വന്തം വിധി അസാധുവാക്കാൻ സുപ്രീംകോടതിയെ പ്രേരിപ്പിക്കാനാണ് രാഷ്ട്രപതിയുടെ റഫറൻസ്
സുപ്രീംകോടതി വ്യക്തത വരുത്തിയ കാര്യങ്ങളിൽ സവിശേഷാധികാരം ഉപയോഗിച്ചുള്ള റഫറൻസ് ഭരണഘടനാ വ്യവസ്ഥകളുടെ ദുരുപയോഗം
സംശയങ്ങൾ ദൂരീകരിക്കാനാകണം റഫറൻസ്
തമിഴ്നാട് കേസിലെ വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധനാഹർജിയോ, തിരുത്തൽ ഹർജിയോ സമർപ്പിച്ചിട്ടില്ല
അതിനർത്ഥം കേന്ദ്രസർക്കാർ തമിഴ്നാട് കേസിലെ വിധി സ്വീകരിച്ചുവെന്നാണെന്നും കേരളം ചൂണ്ടിക്കാട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |