ന്യൂഡൽഹി: ഇംപീച്ച്മെന്റ് ഭീഷണി നേരിടുന്ന അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി യശ്വന്ത് വർമ്മയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ,ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ യശ്വന്ത് കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് റദ്ദാക്കണമെന്ന ജഡ്‌ജിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും,അഗസ്റ്റിൻ ജോർജ് മസീഹും അടങ്ങിയ പ്രത്യേക ബെഞ്ച്. സമിതി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമായ നടപടിയെങ്കിൽ എന്തുകൊണ്ട് ആ സമയത്ത് സമീപിച്ചില്ല,എന്തിന് സഹകരിച്ചു,അന്വേഷണം ചോദ്യംചെയ്യാൻ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ എന്തിനു കാത്തിരുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.
അതേസമയം,ഇംപീച്ച്മെന്റിന് ശുപാർശ ചെയ്‌ത് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന,രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചതിനെ വിവാദ ജഡ്‌ജിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദ്യംചെയ്‌തു. രാഷ്ട്രപതി അപ്പോയിന്റിംഗ് അതോറിട്ടിയായതിനാൽ ശ്രദ്ധയിൽപ്പെടുത്തിയതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രപതി പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയതിനാൽ പ്രധാനമന്ത്രിക്ക് കത്തയച്ചതും ശരിയായ നടപടി. നാളെ വീണ്ടും പരിഗണിക്കും.
സമിതിയുടേത് പ്രാഥമിക റിപ്പോർട്ടായാണ് പരിഗണിക്കുകയെന്ന് സുപ്രീംകോടതി
പാർലമെന്റ് രൂപീകരിക്കുന്ന സമിതിക്ക് തെളിവു നൽകാൻ ജഡ്‌ജിക്ക് കഴിയും
ആ സാഹചര്യത്തിൽ മൂന്നംഗസമിതിയുടെ റിപ്പോർട്ട് എങ്ങനെയാണ് ബാധിക്കുക ?
വീഡിയോ സുപ്രീംകോടതി പുറത്തുവിട്ട സമയത്ത് എന്തുകൊണ്ട് പരാതി ഉന്നയിച്ചില്ല ?
രാഷ്ട്രീയപ്രക്രിയ
പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു,ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ,കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയവത്കരിക്കപ്പെട്ടെന്ന് യശ്വന്ത് വർമ്മ വാദിച്ചു. ഇംപീച്ച്മെന്റ് എന്നത് പാർലമെന്റിൽ നടക്കുന്ന രാഷ്ട്രീയപ്രക്രിയ തന്നെയാണെന്ന് കോടതി പ്രതികരിച്ചു.
1. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരമേ ഇംപീച്ച്മെന്റ് നടപടികൾ പാടുള്ളുവെന്ന് യശ്വന്ത് വർമ്മ
2. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകരുത്
3. ആരോപണവിധേയനായ ജഡ്‌ജിയെ പൊതുസംവാദത്തിന് വിട്ടുകൊടുക്കാനാകില്ല
4. സുപ്രീംകോടതി ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടത് കുറ്രക്കാരനെന്ന നിലയിൽ ചിത്രീകരിക്കപ്പെട്ടു
5. മൂന്ന് ജഡ്‌ജിമാരുടെ സമിതിക്ക് ഇംപീച്ച്മെന്റിന് ശുപാർശ ചെയ്യാൻ കഴിയില്ല
6. പാർലമെന്റിനാണ് അധികാരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |