കുവൈറ്റ് സിറ്റി :മയക്കുമരുന്ന് കേസിൽ പ്രവാസികളായ യുവാവും യുവതിയും കുവൈറ്റ് പൊലീസിന്റെ പിടിയിലായി, രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ജഹ്റയിലെ ബ്ലോക്ക് 2ലുള്ള ഇവരുടെ താമസ സ്ഥലത്താണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. യുവാവായിരുന്നു വാതിൽ തുറന്നത്. പൊലീസ് അകത്ത് കടന്നപ്പോൾ അവിടെ ഒരു യുവതിയെയും കണ്ടെത്തി. യുവതിയ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ രേഖകൾ ഇല്ലെന്നായിരുന്നു യുവതി മറുപടി നൽകിയത്. സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതാണെന്നും യുവാവ് തന്റെ കാമുകനാണെന്നും യുവതി പറഞ്ഞു. കൂടാതെ യുവാവ് മയക്കുമരുന്ന് വില്പന നടത്തുന്നയാളാണെന്നും യുവതി വെളിപ്പെടുത്തി. തുടർന്ന് പൊലീസിന് ഹെറോയിൻ അടങ്ങിയ ഒരു ബാഗും ഇവർ കൈമാറി. പിന്നാലെ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിന് പുറമേ രണ്ട് സ്വർണ നെക്ലെസുകൾ, ഒരു ബ്രേസ്‌ലെറ്റ്, രണ്ട് മോതിരങ്ങൾ, 500 കുവൈറ്റി ദിനാർ എന്നിവ പൊലീസ് കണ്ടെത്തി. ഇരുവരും ഒരേ രാജ്യക്കാരാണെന്നും വിവാഹിതരല്ലെന്നും പൊലീസ് വിശദീകരിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. സംഭവത്തിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |