ലിസ്ബൺ : പോർച്ചുഗൽ ഫുട്ബാളിലെ ഇതിഹാസ താരവും പരിശീലകനുമായ ഹോർഹേ കോസ്റ്റ (53) അന്തരിച്ചു. 2018-19 സീസണിൽ ഐ.എസ്.എൽ ക്ളബ് മുംബയ് സിറ്റിയുടെ മുഖ്യപരിശീലകനായിരുന്നു.പോർച്ചുഗൽ ദേശീയ ടീമിന്റേയും പ്രമുഖ ക്ളബ് എഫ്.സി പോർട്ടോയുടെയും മുൻ താരമായ കോസ്റ്റ നിലവിൽ പോർട്ടോയുടെ ഫുട്‌ബോൾ ഡയറക്ടറുമായിരുന്നു. പോർട്ടോയുടെ പരിശീലന സ്റ്റേഡിയത്തിൽ വച്ച് ഹൃദയസ്തംഭനമുണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെൻട്രൽ ബാക്കായിരുന്ന ഹോർഹേ കോസ്റ്റ പോർട്ടോയ്ക്ക് വേണ്ടി 383 മത്സരങ്ങൾ കളിച്ചു. 25 ഗോളും നേടി.പോർട്ടോയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗും യുവേഫ കപ്പും ഇന്റർ കോണ്ടിനെന്റൽ കപ്പും എട്ടുതവണ പോർച്ചുഗൽ ലീഗും സ്വന്തമാക്കി. 2004ൽ യൂറോപ്പിലെ മുൻനിര ക്ളബുകളെ ഞെട്ടിച്ചുകൊണ്ട് പോർട്ടോ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടപ്പോൾ കോസ്റ്റയായിരുന്നു ക്യാപ്ടൻ.
പോർച്ചുഗൽ ദേശീയടീമിനായി 50 മത്സരം കളിച്ചു. രണ്ടുഗോളുകൾ നേടി. 1991-ൽ അണ്ടർ-20 ലോകകപ്പ് ജയിച്ച പോർച്ചുഗീസ് ടീമിൽ അംഗമായിരുന്നു.
മുംബയ് സിറ്റിയെ പരിശീലിപ്പിച്ച 39 കളിയിൽ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളിൽ തോറ്റു. കരിയറിൽ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
വേദനയോടെ ഹൊസെ മൗറീഞ്ഞ്യോ
ഹോർഹേ കോസ്റ്റയുടെ വേർപാട് ഞെട്ടിപ്പിക്കുന്നതാണെന്നും തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായിരിക്കുന്നതെന്നും പ്രമുഖ പോർച്ചുഗീസ് പരിശീലകൻ ഹൊസെ മൗറീഞ്ഞ്യോ. 2004ൽ എഫ്.സി പോർട്ടോ ചാമ്പ്യൻസ് ലീഗ് ജേതാക്കളായപ്പോൾ മൗറീഞ്ഞ്യോയായിരുന്നു കോച്ച്. നായകൻ കോസ്റ്റയും. ഇരുവരും തമ്മിലുള്ള മാനസികമായ പൊരുത്തമായിരുന്നു തൊട്ടുമുമ്പുള്ള സീസണിൽ യുവേഫ കപ്പും തുടർന്ന് ചാമ്പ്യൻസ് ലീഗും നേടാനുള്ള വഴിയൊരുക്കിയത്. ഈ കിരീടനേട്ടത്തോടെയാണ് മൗറീഞ്ഞ്യോ യൂറോപ്പിലെ ഒന്നാം നമ്പർ കോച്ചായി ചെൽസിയിലേക്കും ഇന്റർ മിലാനിലേക്കും റയൽ മാഡ്രിഡിലേക്കുമൊക്കെ എത്തുന്നത്.
ഫുട്ബാളിനപ്പുറം മറ്റൊന്നും ചിന്തിക്കാത്ത കളിക്കാരനായിരുന്നു കോസ്റ്റയെന്ന് മൗറീഞ്ഞ്യോ പറഞ്ഞു. പോർട്ടോയുടെ ക്യാപ്ടനായി കോസ്റ്റ ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞിരുന്നതെന്നും മൗറീഞ്ഞ്യോ പറഞ്ഞു. ഇപ്പോൾ തുർക്കി ക്ളബ് ഫെനെർബാഷേയുടെ കോച്ചായ മൗറീഞ്ഞ്യോ ഇന്നലെ മത്സരത്തലേന്നുള്ള ടീമിന്റെ പതിവ് പത്രസമ്മേളനത്തിനെത്തുമ്പോഴാണ് കോസ്റ്റയുടെ മരണവാർത്ത അറിഞ്ഞത്. കോസ്റ്റ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ താങ്കൾ മറ്റൊന്നും ശ്രദ്ധിക്കേണ്ട നാളത്തെ കളിയിൽ ശ്രദ്ധിക്കൂ എന്നായിരിക്കും പറയുകയെന്ന് മൗറീഞ്ഞ്യോ പറഞ്ഞു.'' കോസ്റ്റയെ ഓർത്ത് ഇന്നും നാളെയും ഞാൻ കരയില്ല. കാരണം ഞാൻ നാളത്തെകളിയെക്കുറിച്ച് ആലോചിക്കുന്നതിലാകും കോസ്റ്റയ്ക്ക് താത്പര്യം. പക്ഷേ മറ്റന്നാൾ ഞാൻ എന്റെ സുഹൃത്തിനെ ഓർത്ത് പൊട്ടിക്കരയും.""- മൗറീഞ്ഞ്യോ പത്രസമ്മേളനത്തിൽ വികാരാധീനായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |