മുംബയ് : അടുത്ത സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്‌നായി ഐ.പി.എല്ലിൽ ധോണിയുടെ പകരക്കാരനാകുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് രാജസ്ഥാൻ റോയൽസ് വൃത്തങ്ങൾ. തങ്ങളുടെ ക്യാപ്‌നായ സഞ്ജുവിനെ അടുത്ത സീസണിന് മുമ്പ് കൈമാറ്റം ചെയ്യാൻ താത്പര്യമില്ലെന്നാണ് രാജസ്ഥാന്റെ നിലപാട്.
ഇക്കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് പ്ളേ ഓഫിൽ എത്താൻ കഴിഞ്ഞിരുന്നില്ല. പരിക്കുമൂലം സഞ്ജു എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നുമില്ല. പല മത്സരങ്ങളിലും സഞ്ജുവിന് പകരം റിയാൻ പരാഗാണ് ടീം ക്യാപ്ടനായത്. ടീം മാനേജ്മെന്റിന് പരാഗിനെ സ്ഥിരം നായകനാക്കാൻ താത്പര്യമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 14കാരനായ വൈഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിലേക്ക് എത്തിയതും കഴിഞ്ഞ സീസണിലാണ്. ഇതേസമയം ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനെ തേടുകയാണെന്ന വാർത്തകളും പുറത്തുവന്നു. ഇതെല്ലാം ചേർത്തുവച്ചാണ് 2026 സീസണിൽ ധോണിക്ക് പകരം വിക്കറ്റ് കീപ്പറും ക്യാപ്ടനുമായി സഞ്ജു ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങുമെന്ന് വാർത്തകൾ വന്നത്.
ഇത് സംബന്ധിച്ച് പലചർച്ചകളും നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചെന്നൈയിലേക്ക് മാറാൻ സഞ്ജുവിനും താത്പര്യമുണ്ടായിരുന്നു. എന്നാൽ ആ വഴി അടയുന്നതായാണ് രാജസ്ഥാൻ റോയൽസിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം. ഫെബ്രുവരിയിൽ ഇംഗ്ളണ്ടുമായുള്ള ട്വന്റി-20 മത്സരത്തിനിടെ വിരലിന് പരിക്കേറ്റതിനാൽ കഴിഞ്ഞ സീസൺ ഐ.പി.എല്ലിന്റെ ആദ്യ മത്സരങ്ങളിൽ സഞ്ജു കളിച്ചിരുന്നില്ല. അവസാനഘട്ടത്തിൽ പുറംവേദനകാരണവും വിട്ടുനിൽക്കേണ്ടിവന്നു.
ഒൻപത് മത്സരങ്ങൾ കളിച്ച സഞ്ജു 140.39 സ്ട്രൈക്ക് റേറ്റിൽ 285 റൺസാണ് നേടിയത്.
2018 മുതൽ രാജസ്ഥാൻ റോയൽസിന്റെ കളിക്കാരനാണ് സഞ്ജു.
2021 സീസണിലാണ് റോയസിന്റെ ക്യാപ്ടൻസി ഏറ്റെടുത്തത്.
ക്യാപ്ടനായി ആദ്യ മത്സരത്തിൽതന്നെ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു.
18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ രാജസ്ഥാൻ സഞ്ജുവിനെ ടീമിൽ നിലനിറുത്തിയത്.
ഇനി കെ.സി.എല്ലിൽ
ഈ മാസം 21ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടങ്ങുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലാണ് സഞ്ജു ഇനി കളിക്കുന്നത്. കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിനുവേണ്ടിയാണ് സഞ്ജു കെ.സി.എല്ലിലിറങ്ങുക. ആദ്യമായാണ് സഞ്ജു കെ.സി.എല്ലിൽ കളിക്കാനെത്തുന്നത്. കഴിഞ്ഞമാസം കെ.സി.എല്ലിനായി തിരുവനന്തപുരത്ത് പരിശീലനം നടത്തിയ സഞ്ജു ദുബായ്‌യിലേക്ക് പോയിരുന്നു. ഇപ്പോൾ ബെംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലാണ്. ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ സാദ്ധ്യതാക്യാമ്പാണ് ബെംഗളുരുവിൽ നടക്കുന്നത്. അടുത്തമാസമാണ് യു.എ.ഇയിൽ ഏഷ്യാകപ്പ്.
ബെംഗളൂരുവിൽ നിന്ന് വൈകാതെ തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിലെ കൊച്ചി ബ്ളൂടൈഗേഴ്സിന്റെ ക്യാമ്പിലേക്ക് സഞ്ജുവെത്തും. സഞ്ജുവിന്റെ ചേട്ടൻ സലിയാണ് ഈ സീസണിൽ ബ്ളൂ ടൈഗേഴ്സിനെ നയിക്കുന്നത്. മുൻ കേരള രഞ്ജി താരം റയ്‌ഫി വിൻസന്റ് ഗോമസാണ് ടീമിന്റെ മുഖ്യ പരിശീലകൻ.പോണ്ടിച്ചേരി ടീമിന്റെ രഞ്ജി കോച്ചായിരുന്ന റയ്ഫി രാജസ്ഥാൻ റോയൽസിന്റെ ഹൈ പെർഫോമൻസ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ രഞ്ജി താരം സി.എം ദീപക്കാണ് കോച്ചിംഗ് ഡയറക്ടർ. രാജസ്ഥാൻ റോയൽസിന്റെ കണ്ടീഷനിംഗ് കോച്ചായ .ടി രാജാമണി, മുൻ കേരള താരങ്ങളായ സാനുത്ത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലകർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫർ ഫെർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |