തിരുവനന്തപുരം: അമേരിക്ക ഏർപ്പെടുത്തിയ തീരുവ വർദ്ധനയ്‌ക്കെതിരെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി പ്രതിഷേധിക്കണമെന്ന് മന്ത്രി പി.രാജീവ്. 1990കളിൽ ആഗോളവത്കരണത്തെയും സ്വതന്ത്രവ്യാപാരത്തെയും അമേരിക്ക പ്രോത്സാഹിപ്പിച്ചു. എന്നാൽ, ഇപ്പോൾ അതിനെതിരെ തടസങ്ങളുന്നയിക്കുന്നു. ദേശീയ കൈത്തറി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ കൂലി ഓണത്തിന് മുൻപ് നൽകും. ഹാന്റക്സിന് 15 കോടി നൽകാൻ ഉത്തരവായി. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ ഉദ്ഘാടനം ഈ വർഷമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൈത്തറി സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന, ജില്ലാതല അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിച്ചു. കൈത്തറി ടെക്സ്റ്റൈൽസ് ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ, വി.ഗോപിനാഥൻ, ഹാൻഡ്‌വീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ, കൈത്തറി സഹകരണ സംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ബഷീർ, കൈത്തറി തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രൻ, കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.സുബോധൻ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരത്ത് പുതുതായി അനുമതി ലഭിച്ച മൂന്ന് കൈത്തറി ക്ലസ്റ്ററുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി.
റാമ്പിൽ ചുവടുവച്ച് മന്ത്രി
ദേശീയ കൈത്തറി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടികളുടെ ഭാഗമായി ഹോട്ടൽ ഫോർട്ട് മാനറിൽ നടന്ന ഫാഷൻ ഷോയിൽ റാമ്പിൽ ചുവടുവച്ച് മന്ത്രി പി.രാജീവ്. മോഡലുകൾക്കൊപ്പമാണ് മന്ത്രി ചുവടുവച്ചത്. വ്യവസായ-വാണിജ്യ വകുപ്പിനു കീഴിലുള്ള കൈത്തറി ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |