കൊച്ചി: അശ്ലീല പ്രദർശനത്തിലൂടെ പണം സമ്പാദിക്കുന്നു എന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഹർജി വീണ്ടും പരിഗണിക്കുന്ന സെപ്തംബർ 23 വരെയാണ് തടഞ്ഞത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പട്ട് ശ്വേത നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി.
നടിക്കെതിരായ പരാതി കേസെടുക്കാൻ നിർദ്ദേശിച്ച് പൊലീസിന് കൈമാറിയ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് റിപ്പോർട്ട് തേടി. പരാതി പൊലീസിന് കൈമാറിയതിൽ നടപടിക്രമങ്ങൾ പാലിച്ചോ എന്നതടക്കം റിപ്പോർട്ടിൽ വ്യക്തമാക്കണം.
ശ്വേത മേനോനെതിരെ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത്.
ഇത്തരത്തിൽ നേരിട്ടുള്ള പരാതി ലഭിച്ചാൽ മജിസ്ട്രേറ്റ് കോടതി പൊലീസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടണമെന്നാണ് നിയമത്തിൽ പറയുന്നത്. പരാതിയിൽ വസ്തുതയുണ്ടോയെന്ന് പ്രാഥമിക അന്വേഷണവും നടത്തണം. തിടുക്കത്തിൽ പരാതി പൊലീസിന് കൈമാറിയതിൽ നിന്ന് ഇത്തരം നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് മനസിലാകുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഹർജിയിൽ സർക്കാരിനും പരാതിക്കാരനും നോട്ടീസിനും ഉത്തരവായി.
'നീക്കം ദുരുദ്ദേശ്യത്തോടെ'
എഫ്.ഐ.ആറിൽ ഉന്നയിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ശ്വേത മേനോന്റെ അഭിഭാഷകൻ വാദിച്ചു. മനസർപ്പിക്കാതെയാണ് മജിസ്ട്രേറ്റ് കേസെടുക്കാൻ നിർദ്ദേശിച്ചത്
15ന് നടക്കേണ്ട 'അമ്മ' തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. പരാതിക്കാരന്റെ നീക്കം ദുരുദ്ദേശ്യത്തോടെയാണ്
സമൂഹത്തിൽ സൽപ്പേരുള്ള നടിയാണ്. രണ്ട് സംസ്ഥാന അവാർഡുകളും രാജ്യാന്തര അവാർഡുകളുമടക്കം ലഭിച്ചിട്ടുണ്ട്
വർഷങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളുടെ പേരിലാണ് പരാതി. ആരോപണങ്ങൾ അസംബന്ധം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |