ന്യൂഡൽഹി: ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സ്ഥാപിക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ മഹാദേവ പുര ബോംബ്. മഹാരാഷ്‌ട്രാ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും കോൺഗ്രസ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ബീഹാറിൽ പുരോഗമിക്കുന്ന വോട്ടർ പട്ടിക പരിഷ്‌കരണം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണെന്ന ആരോപണവും കമ്മിഷൻ നേരിടുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചൊല്ലിയുള്ള തർക്കവും ഒരു വശത്തുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ 1,00,250 കള്ളവോട്ടുകൾ കണ്ടെത്തിയെന്നാണ് രാഹുലിന്റെ വാദം. ബി.ജെ.പിയുടെ പി.സി. മോഹനോട് തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയും വ്യവസായിയുമായ മൻസൂർ അലി ഖാൻ ശേഖരിച്ച തെളിവുകളാണ് രാഹുലിന്റെ ആരോപണത്തിന് അടിസ്ഥാനം. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ക്രമക്കേട് നടന്നെന്നും നരേന്ദ്രമോദിക്ക് അധികാര തുടർച്ച ഉറപ്പിച്ച 25 സീറ്റുകളുടെ ജയം അങ്ങനെ ലഭിച്ചതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. ഒരാൾക്ക് കഷ്‌ടിച്ച് താമസിക്കാൻ കഴിയുന്ന വീട്ടിന്റെ വിലാസം 80 പേർക്ക് ലഭിച്ചത് എങ്ങനെയെന്നും രാഹുൽ ചോദിക്കുന്നു.
ഇലക്ട‌്രോണിക് വോട്ടർ പട്ടികയും ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങളും നൽകിയാൽ കൂടുതൽ മണ്ഡലങ്ങളിലെ ക്രമക്കേടുകൾ പുറത്തുവിടാമെന്ന് രാഹുൽ വെല്ലുവിളിക്കുന്നു. കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ,തെളിവുകൾ നേരിട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു. മുൻ ആരോപണങ്ങളെപ്പോലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
രാഹുലിൽ നിന്ന് കൂടുതൽ വിശദീകരണം തേടിയേക്കാം.ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലുള്ള യുക്തി ബി.ജെ.പിയും ഉയർത്തുന്നു. ഡിജിറ്റൽ വോട്ടർ പട്ടിക അടക്കം രാഹുലിന്റെ ആവശ്യങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വഴങ്ങാനിടയില്ല. വിഷയം കോടതിയിലെത്തിയേക്കാം. കമ്മിഷന്റെ ഔദ്യോഗിക വിശദീകരണം അപ്പോഴുണ്ടാകാം.
രാഹുലിന്റെ ആരോപണത്തെ
പിന്തുണച്ച് തരൂർ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർത്തട്ടിപ്പ് ആരോപണത്തിന് പിന്തുണയുമായി ശശി തരൂർ എം.പി.
കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലിരിക്കെയാണിത്. എല്ലാ പാർട്ടികളുടെയും എല്ലാ വോട്ടർമാരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ പരിഹരിക്കേണ്ട ഗുരുതരമായ ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയതെന്ന് തരൂർ പറഞ്ഞു. വിലപ്പെട്ട ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ കഴിവില്ലായ്മ, അശ്രദ്ധ, മനഃപൂർവമായ കൃത്രിമത്വം എന്നിവയാൽ നശിപ്പിക്കരുത്. രാജ്യത്തെ വിശ്വാസത്തിലെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് തള്ളി കേന്ദ്രസർക്കാരിനെ പിന്തുണച്ചതോടെയാണ് തരൂർ കോൺഗ്രസ് നേതൃത്വവുമായി അകന്നത്. തരൂരിനെ അനുനയിപ്പിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെയാണ് രാഹുലിനെ പിന്തുണച്ചുള്ള പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |