ന്യൂഡൽഹി: രാഹുൽ ഗാന്ധി ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കും മുൻപ് ഭരണഘടന വായിച്ചുനോക്കണമെന്ന്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീഹാറിൽ സീതാ ക്ഷേത്ര നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങിലാണ് രാഹുലിനെ രൂക്ഷമായി വിമർശിച്ചത്. ആർ.ജെ.ഡിയിലെ ലാലു പ്രസാദ് യാദവിനെതിരെയും വിമർശനമുന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ രൂക്ഷമായ ആക്രമണമുന്നയിക്കുന്നതിനിടെയാണ് ഷായുടെ പരാമർശം.ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങളെ ചോദ്യം ചെയ്‌തു. അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യേണ്ടത് ന്യായമായ കാര്യമല്ലേയെന്നും ഷാ ആരാഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനും ഭീകരർക്കും തിരിച്ചടി നൽകിയതും ചൂണ്ടിക്കാട്ടി.
സീതാ ക്ഷേത്ര നിർമ്മാണത്തിന്
തറക്കല്ലിട്ടു
ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മിഥില മേഖലയിലെ സീതാ ക്ഷേത്ര നിർമ്മാണത്തിന് ഷാ തറക്കല്ലിട്ടു.
882 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുക നിതീഷ് കുമാർ സർക്കാർ ജൂലായ് ഒന്നിന് അനുവദിച്ചിരുന്നു. ക്ഷേത്രത്തിന്റെ പുനരുത്ഥാനം ഏറെക്കാലമായുള്ള ആവശ്യമാണ്. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട്, തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഉയർത്തിക്കാട്ടാൻ പോകുന്ന പ്രധാന വിഷയങ്ങളിലൊന്നാകും സീതാ ക്ഷേത്ര നിർമ്മാണമെന്ന് ഇതോടെ ഉറപ്പായി. അയോദ്ധ്യയെ ബന്ധിപ്പിച്ച് രാം-ജാനകി പാത നിർമ്മിക്കുന്നതും ചർച്ചയാക്കും. 2024 മാർച്ചിൽ അഹമ്മദാബാദിലെ ചടങ്ങിലാണ് അമിത് ഷാ പദ്ധതി പ്രഖ്യാപിച്ചത്. രാമായണ സർക്യൂട്ടിൽ ഉൾപ്പെട്ട 15 തീർത്ഥാടക കേന്ദ്രങ്ങളിലൊന്നാണ്. 11 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ബീഹാർ ടൂറിസം വികസനം കോർപ്പറേഷനാണ് എക്‌സിക്യൂട്ടിംഗ് ഏജൻസി. സംസ്ഥാന സർക്കാർ ഒമ്പതംഗ ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്.
പ്രദക്ഷിണ പാത
1. മേൽക്കൂരയും തൂണുകളുമുള്ള പ്രദക്ഷിണ പാത
2. സീതാ ഉദ്യാനം
3. ലവ്-കുശ് ഉദ്യാനം
4. ധ്യാനത്തിനായി ശാന്തി മണ്ഡപം
5. കഫെറ്റീരിയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |