വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ സമാധാന കരാറിൽ ഒപ്പിട്ട് അസർബൈജാനും അർമേനിയയും. വൈറ്റ് ഹൗസിൽ ട്രംപിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹം അലിയേവും അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിന്യാനും കരാറിൽ ഒപ്പിടുകയും പരസ്പരം ഹസ്തദാനം നൽകുകയും ചെയ്തു.
35 വർഷം ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയെന്നും ഇനി ഇരുവരും സുഹൃത്തുക്കളാണെന്നും ട്രംപ് പറഞ്ഞു. യു.എസിന്റെ ഇടപെടലിന് നന്ദി അറിയിച്ച ഇരുനേതാക്കളും ട്രംപിനെ സമാധാന നോബലിന് നോമിനേറ്റ് ചെയ്യുമെന്ന് അറിയിച്ചു.
ഇരുരാജ്യങ്ങൾക്കുമിടെയിലെ ബന്ധങ്ങൾ സാധാരണ നിലയിലാക്കാനും സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് കരാർ. സംഘർഷം അവസാനിപ്പിക്കുക, നയതന്ത്ര ബന്ധങ്ങൾ തുറക്കുക, പ്രദേശിക സമഗ്രതയെ ബഹുമാനിക്കുക എന്നിവ കരാറിൽ നിഷ്കർശിക്കുന്നു.
ദക്ഷിണ കോക്കസസിലൂടെ തന്ത്രപ്രധാന ഗതാഗത ഇടനാഴി തുറക്കാൻ യു.എസിന് കരാർ അവകാശം നൽകുന്നു. ഊർജ്ജം അടക്കം യു.എസിന്റെ കൂടുതൽ കയറ്റുമതി സാദ്ധ്യമാക്കുന്ന ഇടനാഴി റഷ്യ, തുർക്കി, ഇറാൻ എന്നിവയെ ബാധിച്ചേക്കാം.
അർമേനിയൻ വംശജർ കൂടുതലുള്ള അസർബൈജാനി പർവതപ്രദേശമായ നഗോർണോ കറാബാക്കിന്റെ പേരിൽ 1980കളുടെ അവസാനം മുതൽ ഇരുരാജ്യങ്ങളും സംഘർഷത്തിലായിരുന്നു. 2023ൽ അസർബൈജാൻ ഈ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്റണം തിരിച്ചുപിടിച്ചു. സംഘർഷങ്ങൾ ആയിരങ്ങളുടെ മരണത്തിനും പലായനത്തിനും കാരണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |