കൊല്ലം: മിഥുന്റെ ഓർമ്മകൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ആ നോവ് മറക്കാതെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുതിയ വീടിന് തറക്കല്ലിട്ടു. വീടൊരുങ്ങുന്നതിന്റെ സന്തോഷമായിരുന്നില്ല, ഒരു കുഞ്ഞുജീവൻ പൊലിഞ്ഞതിന്റെ നീറ്റലാണ് എല്ലാവരുടെയും കണ്ണുകളിൽ പ്രകടമായത്.
ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥി പടിഞ്ഞാറേക്കല്ലട വിളന്തറയിൽ എം.മിഥുന്റെ കുടുംബത്തിന് വീട് വച്ചുനൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനമാണ് ഇന്നലെ യാഥാർത്ഥ്യമാകുന്നതിന്റെ ശിലപാകിയത്. മിഥുൻ മണ്ണിലലിഞ്ഞ ഭാഗത്ത് നിലവിളക്ക് തെളിച്ച ശേഷമായിരുന്നു ചടങ്ങുകൾ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സാണ് 'മിഥുന്റെ വീട്, എന്റെയും" എന്ന പേരിട്ട് നിർമ്മിച്ച് നൽകുന്നത്.
1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീട്ടിൽ മൂന്ന് കിടപ്പ് മുറി, രണ്ട് ടൊയ്‌ലെറ്റ്, ലിവിംഗ് റൂം, അടുക്കള, ഡൈനിംഗ് ഏരിയ, സിറ്റൗട്ട്, സ്റ്റെയർകെയ്സ് എന്നിവയുണ്ടാകും. 20 ലക്ഷം രൂപയുടെ പദ്ധതിയാണ്. മൂന്നര മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാമെന്നാണ് പ്രതീക്ഷ.
എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ഡോ.സുജിത്ത് വിജയൻ പിള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവർ പങ്കെടുത്തു.
കൈപിടിച്ച് മന്ത്രി
മിഥുന്റെ അനുജൻ സുജിനെ ചേർത്തുപിടിച്ച മന്ത്രി വി.ശിവൻകുട്ടി സർക്കാരും പ്രത്യേകിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞു. സുജിന്റെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. വീടിന് പുറമെ സംസ്ഥാന സർക്കാർ 10 ലക്ഷം, പൊതു വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം, കെ.എസ്.ഇ.ബി 10 ലക്ഷം, അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ 11 ലക്ഷം രൂപ വീതം മിഥുന്റെ കുടുംബത്തിന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |