ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിനോടനുബന്ധിച്ച് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപിച്ച ഫ്ളഡ്ലൈറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ്.എസ്.കുമാർ, കെ.സി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ , കെ.സി.എ സി.ഇ.ഒ മിനു ചിദംബരം, കെ.സി.എൽ ഡയറക്ടർ രാജേഷ് തമ്പി , മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ, കെ സിഎയുടെ മറ്റു ഭാരവാഹികൾ, ടീം ഉടമകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സഞ്ജു സാംസൺ നയിച്ച കെ.സി.എ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിച്ച കെ.സി.എ പ്രസിഡന്റ് ഇലവനും തമ്മിലുള്ള പ്രദർശന ക്രിക്കറ്റ് മത്സരവും നടന്നു.
സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ഷോൺ റോജർ, അജ്‌നാസ് എം, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻപി, അഖിൽ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാൻ, ഷറഫുദീൻ എൻ.എം, അഖിൻ സത്താർ എന്നിവർ അണിനിരന്നു.
സച്ചിൻ ബേബി നയിച്ച ടീമിൽ രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് ജെ നായർ, അബ്ദുൾ ബാസിത്, ബിജു നാരായണൻ, ഏഥൻ ആപ്പിൾ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീൺ, ആസിഫ് കെഎം, എസ് മിഥുൻ, വിനോദ് കുമാർ സി.വി,സച്ചിൻ സുരേഷ് എന്നിവരാണ് കളിച്ചത്.
18 കോടി രൂപ മുടക്കി മെറ്റൽ ഹാലെയ്ഡ് ഫ്‌ളഡ്ലിറ്റുകൾ മാറ്റി ഡി.എം.എക്സ് കൺട്രോൾ സിസ്റ്റമുള്ള ആധുനിക എൽ.ഇ.ഡി ഫ്‌ളഡ്ലിറ്റുകളാണ് കാര്യവട്ടത്ത് സ്ഥാപിച്ചത്. ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം മുതൽ 100 ശതമാനംവരെ നിയന്ത്രിക്കാനാകും. ലൈറ്റിംഗ് സ്‌പെഷ്യൽ ഇഫക്ടുകളും ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിംഗ് ക്രമീകരണങ്ങളും സാദ്ധ്യമാണ്.ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നായി ഗ്രീൻഫീൽഡ് മാറി.
ഫിലിപ്‌സിന്റെ ഉപ കമ്പനിയായ സിഗ്‌നിഫൈയാണ് ലൈറ്റുകളുടെ നിർമ്മാതാക്കൾ.മെർകുറി ഇലക്ട്രിക്കൽ കോർപറേഷൻസാണ് സ്ഥാപിച്ചത്. സ്റ്റേഡിയത്തിലെ നാല് ടവറുകളിലായി 1600 വാട്ട്‌സ് പ്രൊഫഷണൽ എൽ.ഇ.ഡി ഗണത്തിൽപ്പെട്ട 392 ലൈറ്റുകളാണുള്ളത്. ഓരോ ടവറിലും രണ്ട് ഹൈ-മാസ്റ്റ് സംവിധാനങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |