SignIn
Kerala Kaumudi Online
Monday, 25 May 2020 8.31 AM IST

'സെഞ്ച്വറി' പിന്നിട്ട് പഴയ ക്രിക്കറ്റ് താരം , പന്തളം വലിയരാജ 101 ന്റെ നിറവിൽ

photo
പന്തളം വലിയരാജ രേവതി തിരുനാൾ പി.രാമവർമ്മരാജ

ആലപ്പുഴ: അയ്യപ്പദാസനായ പന്തളം കൊട്ടാരത്തിലെ വലിയരാജ രേവതി തിരുനാൾ പി. രാമവർമ്മരാജയ്ക്ക് ഇന്ന് 101-ാം പിറന്നാൾ.' സെഞ്ച്വറി' പിന്നിട്ടെങ്കിലും കേരള സർവകലാശാല ക്രിക്കറ്റ് ടീമിലെ മികച്ച സ്പിൻ ബൗളർ കൂടിയായിരുന്ന രാമവർമ്മ രാജയുടെ ചുറുചുറുക്കിന് ഒട്ടും കുറവ് വന്നിട്ടില്ല.

പന്തളം കൊട്ടാരത്തിലെ ഒരംഗത്തിന്റെ വേർപാടിനെത്തുടർന്ന് ഇത്തവണ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ജന്മദിനാശംസകൾ നേരാൻ കൊട്ടാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സഹൃദയരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന തിരക്കിലാണ് അദ്ദേഹം.

1945ൽ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ അനന്തരവളുടെ ചെറുമകൾ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രുക്മിണിവർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെയാണ് അനന്തപുരം കൊട്ടാരത്തിലെ 'പന്തളം കൊട്ടാരം' പ്രതിനിധിയായി അദ്ദേഹം മാറിയത്.

17 വർഷമായി രാമവർമ്മരാജ പന്തളം വലിയ തമ്പുരാനായി ചുമതലയേറ്റിട്ട്. വലിയരാജ ആയതിനുശേഷം എല്ലാവർഷവും മണ്ഡലകാലത്ത് കുടുംബസമേതം പന്തളം കൊട്ടരത്തിലെത്തും 'പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ കൈമാറുന്നത് രാമവർമ്മരാജയാണ്.

കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം ലക്ഷ്മിവിലാസം കൊട്ടാരത്തിൽ മംഗളത്തമ്പുരാട്ടിയുടെയും മകനായി 1919 ഒക്‌ടോബർ 10ന് (1095 കന്നി) രേവതി നാളിലാണ് ജനനം. പന്തളം സ്‌പെഷ്യൽ സ്‌കൂളിൽ 3-ാം ക്ലാസുവരെ പഠനം. നാലുമുതൽ തോന്നല്ലൂർ സ്‌പെഷ്യൽ സ്‌കൂളിലാണ് പഠിച്ചത്. മാവേലിക്കര ഗവ. ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് പഠനം. 1938ൽ തിരുവിതാംകൂർ സർവകലാശാല തുടങ്ങിയപ്പോൾ ആദ്യ ബാച്ചിലെ ബിരുദ വിദ്യാർത്ഥിയായി. കണക്കായിരുന്നു ഐച്ഛിക വിഷയം. പിന്നീട് പന്തളം മെഴുവേലി സ്‌കൂളിൽ മൂന്നുവർഷം അദ്ധ്യാപകനായി. പൂഞ്ഞാർ ഹൈസ്‌കൂളിലും വർക്കല നെടുങ്കണ്ടത്തും അദ്ധ്യാപകനായി പ്രവർത്തിച്ചു. പിന്നീട് മുംബയിലേക്ക് പോയ അദ്ദേഹം 32 വർഷം റെയിൽവേയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു.1977ൽ സർവീസിൽ നിന്ന് വിരമിച്ച് അനന്തപുരം കൊട്ടാരത്തിൽ താമസമാക്കി. 2017ൽ ഭാര്യ രുക്മിണിവർമ്മ തമ്പുരാട്ടി അന്തരിച്ചു. ഡോ. എസ്.ആർ. വർമ്മ, അനിയൻ ആർ. വർമ്മ, ശശി വർമ്മ, രമ കെ. തമ്പുരാൻ എന്നിവർ മക്കളും സുധ, ഇന്ദിര, രഞ്ജന, കൃഷ്ണകുമാരൻ എന്നിവർ മരുമക്കളുമാണ്.

 പഴയ ക്രിക്കറ്റ് ടീമിലെ മിന്നും താരം

കോട്ടയം സി.എം.എസ് കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് ക്രിക്കറ്റിൽ കമ്പം കൂടിയത്. ബിരുദ പഠനത്തിന് യൂണിവേഴ്‌സിറ്റി കോളേജിൽ ചേർന്നപ്പോൾ ക്രിക്കറ്റ് കളിക്കാൻ ഏറെ സൗകര്യമായി. കോളേജ് ടീമിലും സർവകലാശാല ടീമിലും ഇടംനേടി. പ്രശസ്ത കാർട്ടൂണിസ്റ്റായ അബു എബ്രഹാം ക്രിക്കറ്റ് ടീമിലെ കൂട്ടുകാരനായിരുന്നു. അന്ന് കളിച്ച പല മത്സരങ്ങളിലും തന്റെ സ്പിൻ ബൗളിംഗ് നിർണായകമായിരുന്നുവെന്ന് തമ്പുരാൻ ഓർക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PANTHALAM VALIYA RAJA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.