SignIn
Kerala Kaumudi Online
Sunday, 05 July 2020 8.01 PM IST

കോന്നിയിൽ മലയും കുന്നും താണ്ടി വോട്ടോട്ടം, കൊമ്പുകുലുക്കി സമുദായ സംഘടനകളും സഭാ നേതൃത്വങ്ങളും: ഇഞ്ചോടിഞ്ച് ത്രികോണ മത്സരം

kerala-by-election

കോന്നി: അലച്ചു പെയ്യുന്ന മഴയിൽ കുതിർന്ന് നിൽക്കുകയാണ് കോന്നി. മേഘങ്ങൾ കൂട്ടയിടിക്കുന്ന പ്രകമ്പനത്തിൽ മലനാട് കുലുങ്ങുന്നുണ്ട്. ആകാശം പിളർന്നുള്ള മിന്നൽ നീണ്ട നാളങ്ങായി താഴ്ന്നിറങ്ങുന്നു. ഇതൊന്നും ഭൂമിയിലെ രാഷ്ട്രീയച്ചൂടിനെ ശമിപ്പിക്കുന്നില്ല. പോരാട്ടത്തിന്റെ തീ ഇവിടെ ആളിപ്പടരുകയാണ്. മൂന്ന് കോണുകളിലെ ആലകളിൽ മുന്നണി തച്ചൻമാർ ഉൗക്കോടെ ഉൗതിക്കൊണ്ടിരിക്കുന്നു. 21വരെ മണ്ഡലമാകെ വെന്തുരുകും. ഇവിടെ രണ്ടാളുകൾ നേർക്കുനേരല്ല,​ മൂന്ന് പടയാളികൾ തമ്മിൽ തലങ്ങും വിലങ്ങും നിന്ന് പൊരിഞ്ഞ പോരാണ്.

ഇടതും വലതും മൂന്നാംശക്തിയും കോന്നിയുടെ മണ്ണിലൂടെ ആഴത്തിലും വേഗത്തിലും തേരോടിക്കുന്നു. എൽ.ഡി.എഫിനായി കെ.യു.ജനീഷ് കുമാർ, യു.ഡി.എഫിനുവേണ്ടി പി.മോഹൻരാജ്, എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. കന്നിക്കൊയ്ത്തിനിറങ്ങിയവരാണ് ജനീഷ് കുമാറും മോഹൻരാജും. മഞ്ചേശ്വരത്തും പത്തനംതിട്ട പാർലമെന്റിലും പരിചിതമായ അടവും നയവുമായാണ് സുരേന്ദ്രൻ വന്നത്.

പാർലമെന്റ് പോരാട്ടം പോലെ ഇളകിമറിഞ്ഞിട്ടുണ്ട് കോന്നി. കഴിഞ്ഞകാലങ്ങളിലെ തന്ത്രങ്ങൾ മാറ്റി സ്ഥാനാർത്ഥികളും നേതാക്കളും കുടുംബങ്ങളിൽ ചെന്നാണ് വോട്ട് ഉറപ്പിക്കുന്നത്. പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു മുന്നണിക്ക് വീറ് പകർന്നിട്ടുണ്ട്. രണ്ടു ദിവസം അദ്ദേഹം മണ്ഡലത്തിൽ തങ്ങി.

കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും പലവട്ടം പര്യടനം നടത്തി. യു.ഡി.എഫിനുവേണ്ടി പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെത്തി. എൻ.ഡി.എയ്ക്കായി കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയും ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും പി.സി.ജോർജും കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

വോട്ട് തീയതി അടുക്കുന്തോറും അടിയൊഴുക്കുകളെയാണ് മുന്നണികൾ ഭയക്കുന്നത്. സമുദായ സംഘടനകളും സഭാ നേതൃത്വങ്ങളും കൊമ്പുകുലുക്കി നിൽക്കുന്നു. പൊഴിയുന്ന വോട്ടുകൾ ആരുടെ കുട്ടയിലെത്തുമെന്ന് ഇനിയും വ്യക്തമല്ല. പ്രചാരണത്തിലെ മേൽക്കൈ നോക്കി മാർക്കിടാൻ പോയാൽ വിഷമിക്കും. മലകളും കുന്നുകളും താണ്ടി ഇഞ്ചോടിഞ്ച് മുന്നേറ്റത്തിൽ ആരും കിതയ്ക്കുന്നില്ല. വിജയം മാത്രം മുന്നിൽ കണ്ടാണ് മുന്നണികളുടെ വോട്ടോട്ടം.

വോ​ട്ട​ർ​മാ​ർ: 1,97,956​ ​

(​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 1,94,705​ ​)

പുരുഷന്മാർ: 93,533

സ്ത്രീകൾ: 1,04,422

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ: ഒന്ന്

മണ്ഡലം രൂപീകരിച്ചത്: 1965ൽ

പഞ്ചായത്തുകൾ: 11

ബൂത്തുകൾ: 212


മണ്ഡല ചരിത്രം
1965ലെ ആദ്യ നിയമസഭാ പ്രതിനിധി കോൺഗ്രസിലെ പി.ജെ.തോമസായിരുന്നു. 1967ലും 77ലും പി.ജെ.തോമസ് വിജയം ആവർത്തിച്ചു. 1980ൽ സി.പി.എമ്മിലെ വി.എസ്. ചന്ദ്രശേരൻപിള്ളയിലൂടെ എൽ.ഡി.എഫ് മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. 1982ലും എൽ.ഡി.എഫ് വിജയം ആവർത്തിച്ചു. 1987ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.പിയിലെ ചിറ്റൂർ ശശാങ്കൻ നായർ കോന്നി എം.എൽ.എയായി. 1991ൽ എൽ.ഡി.എഫിലെ എ.പത്മകുമാർ കോന്നിയിൽ വീണ്ടും ചെങ്കൊടി പാറിച്ചു. 1996ലെ തിരഞ്ഞെടുപ്പിൽ കോന്നിയിലെ സിറ്റിംഗ് എം.എൽ.എയായിരുന്ന എ.പത്മകുമാറിനെ തോൽപ്പിച്ച് അടൂർ പ്രകാശ് കോന്നിയെ വീണ്ടും യു. ഡി.എഫ് പാളയത്തിലേക്ക് എത്തിച്ചു. 2001ലും 2006ലും 2011ലും ​ 2016ലും വിജയം ആവർത്തിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA BY ELECTION, KONNI, ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.