SignIn
Kerala Kaumudi Online
Tuesday, 07 July 2020 9.42 AM IST

ചിത്രം തെളിഞ്ഞു: അഞ്ചോടിഞ്ചിൽ യു.ഡി.എഫ് മൂന്ന്, എൽ.ഡി.എഫ് രണ്ട്, സംപൂജ്യമായി എൻ.ഡി.എയും

by-election

തിരുവനന്തപുരം: അക്ഷരാർത്ഥത്തിൽ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്‌ചവച്ചത്. എന്നാൽ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയിൽ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന കാഴ്‌ചയായിരുന്നു കാണാൻ കഴിഞ്ഞത്. പെരുമഴയിൽ പതിവിന് വിപരീതമായി വോട്ട് ശതമാനം വൻതോതിൽ കുറഞ്ഞു. എറണാകുളത്തടക്കം ശതമാനവിഹിതം ഇടിഞ്ഞത് മുന്നണികളിൽ ആശങ്കയും പടർത്തി.

ഒടുവിൽ ഫലപ്രഖ്യാപനം വന്നപ്പോൾ അഞ്ചോടിഞ്ചിൽ യു.ഡി.എഫ് മൂന്ന്, എൽ.ഡി.എഫ് രണ്ട്, സംപൂജ്യമായി എൻ.ഡി.എ എന്ന നിലയിലായി. സമുദായനേതാക്കളുടെ ശരിദൂരവും, പിന്തുണയുമൊന്നും ഇത്തവണ ഫലിച്ചില്ല. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂർക്കാവിലും അവർക്ക് തിരിച്ചടിയായി.

മഞ്ചേശ്വരം

പി.ബി.അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് പി.ബി.അബ്ദുൽ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രൻ കോടതിയിലെത്തിയതോടെയാണ് മഞ്ചേശ്വരം മണ്ഡലം വാർത്തകളിലിടം പിടിച്ചത്. കേസിൽ തീരുമാനമാകുന്നതിനു മുൻപേ അബ്ദുറസാഖ് എംഎൽഎ നിര്യാതനായി.

തുടർന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ യു.ഡി.എഫിനായി ലീഗിന്റെ എം.സി ഖമറുദ്ദീൻ, എൽ.ഡി.എഫിന് ശങ്കർറൈയും എൻ.ഡി.എയ്‌ക്കു വേണ്ടി രവീശ തന്ത്രി കുണ്ടാറും രംഗത്തിറങ്ങി. ഒടുവിൽ ഫലം വന്നപ്പോൾ എം.സി കമറുദ്ദീൻ 65407 വോട്ടു നേടി വിജയിച്ചു. രവീശ തന്ത്രി കുണ്ടാർക്ക് 57484 വോട്ടും ശങ്കർറൈയ്‌ക്ക് 38233 വോട്ടും ലഭിച്ചു. 7923 വോട്ടിന്റെ ലീഡാണ് ഖമറുദ്ദീന് ലഭിച്ചത്.

എറണാകുളം

അനുകൂലമല്ലാതിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലും എറണാകുളം സീറ്റ് നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം.

വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവർത്തകർക്കും സമർപ്പിക്കുന്നതായി ടിജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാൻ കാരണമായെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായ മനു റോയി പ്രതികരിച്ചു. സി.ജി രാജഗോപാലായിരുന്നു ബിജെപി സ്ഥാനാർഥി.

കോന്നി

ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായിരുന്നു കോന്നി. ശബരിമല ഉയർത്തിപ്പിടിച്ച് ബി.ജെ.പിയും ആത്മവിശ്വാസത്തോടെയാണ് കെ.സുരേന്ദ്രനെ കളത്തിലിറക്കിയത്. ഒടുവിൽ നീണ്ട 23 വർഷത്തെ കാത്തിരിപ്പിന് ശേഷം ചുവന്ന് തുടുക്കാനാണ് കോന്നിയുടെ യോഗം. 54099 വോട്ട് നേടി എൽ.ഡി.എഫിന്റെ കെ.യു ജനീഷ് കുമാർ അങ്കം ജയിച്ചു. 1996 മുതൽ 2019 വരെ അടൂർ പ്രകാശിനൊപ്പം നിന്ന മണ്ഡലം അങ്ങനെ ഇടത്തോട്ട് ചാഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻരാജിന് ലഭിച്ചത് 44146 വോട്ട് ആണ്. എൻ.ഡി.എയുടെ കെ.സുരേന്ദ്രൻ 39786 വോട്ട് നേടി.

അരൂർ

എം.എൽ.എയായിരുന്ന എ.എം ആരിഫ് ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പിന് വേദിയായത്. ഫലംവന്നപ്പോഴോ, 59 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷാനിമോൾ ഉസ്‌മാനിലൂടെ അരൂരിനെ യു.ഡി.എഫ് അരികിൽ ചേർത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിനെ 1992 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്‌മാൻ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തിലെ വിജയം ഷാനിമോൾക്ക് മുന്നിൽ ഉയർത്തിയ വെല്ലുവിളിയും ചെറുതായിരുന്നില്ല. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ഷാനിമോളെ കൈവിട്ടെങ്കിലും അരൂർ മണ്ഡലത്തിൽ നിന്നും ഷാനിമോൾക്ക് ലഭിച്ച 648 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ മണ്ഡലത്തിൽ ഷാനിമോളെ തന്നെ രംഗത്തിറക്കാൻ കാരണമായത്‌.

വട്ടിയൂർക്കാവ്

അഞ്ചിടങ്ങളിലും വച്ച് ഏറ്റവും വലിയ കേന്ദ്രമായി മാറിയ മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ പ്രശാന്തിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. പ്രളയസമയത്തെ സ്തുത്യർഹമായ പ്രവർത്തനവും, മേയർബ്രോ ഇമേജും പ്രശാന്തിന് അനുകൂലമായി വരുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടി. അത് പിഴച്ചില്ലെന്ന് മാത്രമല്ല വൻ ഭൂരുപക്ഷത്തോടെ വി.കെ.പ്രശാന്ത് വിജയിക്കുകയും ചെയ്‌തു.

ശക്തമായ ത്രികോണമത്സരം പ്രതീക്ഷിച്ചിരുന്ന വട്ടിയൂർക്കാവിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എത്തിയതോടെ കളി മാറുകയായിരുന്നു. കുമ്മനത്തെ മാത്രം പ്രതീക്ഷിച്ച ആർ.എസ്.എസിനെ സുരേഷ് അത്ര സ്വീകാര്യനായിരുന്നില്ല. പ്രചരണത്തിലും അത് ആദ്യാന്തം കാണാമായിരുന്നു.

രാഷ്ട്രീയ വോട്ടുകളേക്കാൾ സമുദായ വോട്ടുകളാവും വട്ടിയൂർക്കാവിനെ സ്വാധീനിക്കുക എന്ന ചർച്ചകളാണ് തുടക്കം മുതൽ വട്ടിയൂർക്കാവിനെ സംബന്ധിച്ച് ഉയർന്നുകേട്ടിരുന്നത്. ഇതിനെ തുടർന്നാണ് എൻ.എസ്.എസിന്റെ ആശീർവാദത്തോടെ കെ.മോഹൻകുമാർ യു.ഡി.എഫിനായി രംഗത്തെത്തിയത്. എന്നാൽ ശരിദൂരമെന്ന പെരുന്നയിലെ ആഹ്വാനം സ്വീകരിക്കാൻ വട്ടിയൂർക്കാവിലെ നായന്മാർ തയ്യാറാകാത്തതോടെ പ്രശാന്തിന്റെ വിജയം സുനിശ്‌ചിതമാവുകയായിരുന്നു. എം.എൽ.എയായിരുന്ന കെ. മുരളീധരൻ വടകര എം.പിയായതിനെ തുടർന്നാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BY ELECTION, MANJESWARAM RESULT, KONNI RESULT, AROOR RESULT, VATTIYOORKAVU RESULT, ERNAKULAM RESULT, UDF, LDF, NDA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.