ഒരു നേരിയ ചലനത്തിനു പോലും സി.ഐ അലിയാർ കാതോർത്തു. അയാളുടെ കണ്ണുകൾ ഇടംവലം വെട്ടി...
പക്ഷേ കിടാക്കന്മാരെ കണ്ടില്ല.
''അവരെന്തിയേടാ?"
പിസ്റ്റൾ ഉയർത്തി അലിയാർ തറയിൽ ഇരുന്നവന്റെ ശിരസ്സിൽ ഒരിടിയിടിച്ചു.
''ആ..." വിലാപത്തിനിടയിൽ അയാളുടെ ശബ്ദം മുറിഞ്ഞു വീണു.
''അവര്.... പോയി."
''ങ്ഹേ?"
പോലീസ് ഉദ്യോഗസ്ഥർ അമ്പരന്നു.
''എപ്പോൾ?"
''കുറേ ഏറെ നേരമായി."
അത്രയും ദൂരം വനത്തിലൂടെ വന്നിട്ട് കിടാക്കന്മാരെ കിട്ടാതിരുന്നാൽ...
അലിയാർക്ക് ഇച്ഛാഭംഗം തോന്നി.
''എവിടേക്കാണ് അവർ പോയതെന്ന് അറിയാമോടാ?"
അലിയാർ കടപ്പല്ലു ഞെരിച്ചു.
''ഇല്ല സാറേ..."
അലിയാർ പിടിവിട്ടു.
അയാൾ പറഞ്ഞത് സത്യമാണെന്ന് പോലീസുദ്യോഗസ്ഥർക്ക് ഉറപ്പുണ്ടായിരുന്നു...
പക്ഷേ, ഇവിടെ വന്ന നിലയ്ക്ക് ഈ കഞ്ചാവുതോട്ടം നശിപ്പിക്കാതെ പോയാൽ അത് ശരിയാവില്ല...
''നിങ്ങൾക്ക് ഇനിയുള്ള കാലം ജയിലിൽ കഴിയുവാൻ ഈ തോട്ടം മാത്രം മതി. അപ്പോൾ നമുക്കു പോയേക്കാം."
''അയ്യോ.. വേണ്ട സാർ.... ഞങ്ങള് ഇവിടുത്തെ പണിക്കാർ മാത്രമാ... ശമ്പളം മാത്രമേയുള്ളു ഞങ്ങൾക്ക്...."
അവർ പോലീസുകാരുടെ കാൽക്കൽ വീണു.
''ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം."
അവിടെ തെളിഞ്ഞുനിന്നിരുന്ന റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ അലിയാരും എസ്.ഐ സുകേശും പരസ്പരം നോക്കി.
''നിങ്ങളെ ഞങ്ങൾ വെറുതെവിടാം. പക്ഷേ, ഞങ്ങൾ പറയുന്നത് അനുസരിക്കണം."
''അനുസരിക്കാം സാർ..."
അവർക്കു രണ്ടാമതു ചിന്തിക്കേണ്ടിവന്നില്ല.
''ഇപ്പോൾ ഈ കഞ്ചാവ് വെട്ടി ഉണങ്ങിയാൽ പ്രയോജനമുണ്ടോ?"
അലിയാരുടെ ചോദ്യം കേട്ട് സുകേശിന്റെ നെറ്റി ചുളിഞ്ഞു. സാറ് എന്താണുദ്ദേശിക്കുന്നത്?
പണിക്കാരുടെ മറുപടി കേട്ടു.
''ഇല്ല സാർ... പകുതി വളർച്ചയേ ആയിട്ടുള്ളു. ഇപ്പോൾ ഉണങ്ങിയെടുത്താൽ ആരും വാങ്ങില്ല. കാരണം വീര്യം വളരെ കുറവാ."
അലിയാർ ദേവനേശനു നേർക്കു തിരിഞ്ഞു.
വീണിടത്തുതന്നെ കിടക്കുകയാണ് അയാൾ.
''ദേവനേശോ...." സി.ഐ ഈണത്തിൽ വിളിച്ചു. ''ഒന്നെഴുന്നേറ്റേ..."
ഭക്ഷണാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് വിലങ്ങണിഞ്ഞ കൈകളുമായി ദേവനേശൻ മെല്ലെ എഴുന്നേറ്റു.
''ഇനി ഇവരിൽ പകുതിപ്പേരെ കൂട്ടിക്കൊണ്ടുപോയി കഞ്ചാവു ചെടികളൊക്കെ വലിച്ചു പിഴുത് പല ഭാഗങ്ങളിലായി കൂട്ടിയിട്."
''എന്തിനാ സാറേ?"
''നിന്നെ അതിനകത്തിട്ടു പുഴുങ്ങാൻ. പറഞ്ഞത് കേൾക്കെടാ." അലിയാർ പണിക്കാർക്കും നിർദ്ദേശം കൊടുത്തു. ''കേട്ടല്ലോ. പകുതിപ്പേർ ഇയാൾക്കൊപ്പം പോകുക. അവർ ക്ഷീണിച്ചു കഴിയുമ്പോൾ മടങ്ങിവരിക. മറ്റുള്ളവർ അപ്പോൾ പണി തുടങ്ങും. പിന്നെ അതിനിടെ ആരെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചാൽ അവന്റെ ശവം ഇവിടെ വീഴും. ഓർത്തോണം."
പണിക്കാർ തലയാട്ടി.
''സാറേ... എന്റെ ഈ വിലങ്ങ് ഒന്നഴിച്ചു തരുമോ?"
ദേവനേശൻ അർദ്ധ ശങ്കയോടെ തിരക്കി.
''അത് വേണ്ടാ..."
ദേവനേശനും പണിക്കാരിൽ പകുതിപ്പേരും പോയി. നക്ഷത്രങ്ങളുടെ മങ്ങിയ വെളിച്ചത്തിൽ അവർ കഞ്ചാവു ചെടികൾ പിഴുത് അടുക്കുവാൻ തുടങ്ങി.
പണിക്കാരിൽ പകുതിപ്പേർ ഷെഡ്ഡിനുള്ളിൽത്തന്നെ ഇരുന്നു.
അലിയാർ മരക്കമ്പുകൊണ്ട് ഉണ്ടാക്കിയ ഒരു കസേരയിലിരുന്നിട്ട് പിസ്റ്റൾ മടിയിൽ വച്ചു.
സമയം കടന്നുപോയി.
ആദ്യം കഞ്ചാവു പിഴുതെടുക്കുവാൻ പോയവർ മടങ്ങിയെത്തി. അപ്പോൾ രണ്ടാമത്തെ കൂട്ടർ പോയി.
ദേവനേശനു മാത്രം വിശ്രമിക്കുവാനുള്ള അവസരം നൽകിയില്ല.
പച്ചക്കഞ്ചാവിന്റെ ഒരു ഗന്ധം അവിടെ തങ്ങിനിന്നിരുന്നു.
രണ്ടാമത് പോയവർ ക്ഷീണിച്ചു മടങ്ങിവന്നപ്പോൾ ആദ്യത്തെ കൂട്ടർ പിന്നെയും പോയി.
അങ്ങനെ രണ്ടുമൂന്നു തവണ ആവർത്തിച്ചപ്പോഴേക്കും നേരം പുലർന്നു. അപ്പോൾ നട്ടുപിടിപ്പിച്ച ഒറ്റ കഞ്ചാവു ചെടിപോലും അവിടെ ഉണ്ടായിരുന്നില്ല...
ഏഴെട്ടു വലിയ കൂനകളായി ചെടികൾ അങ്ങിങ്ങു കിടന്നു.
കിടാക്കന്മാർക്കു നഷ്ടം കോടികളാണ്.
അലിയാർ ഓർത്തു.
കിഴക്കേ കുന്നിൻ മുകളിലുള്ള മരത്തലപ്പുകൾക്കിടയിൽ സൂര്യന്റെ മുഖം തെളിഞ്ഞു.
ഷെഡ്ഡിൽ രണ്ടുമൂന്നു കന്നാസുകളിൽ മണ്ണെണ്ണ ഉണ്ടായിരുന്നു. പണിക്കാർക്ക് ചോറു വയ്ക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത്.
മണ്ണെണ്ണ ഉപയോഗിക്കുന്ന സ്റ്റൗവും ഉണ്ടായിരുന്നു.
'' ആ കന്നാസുകളും മണ്ണെണ്ണയും കൂടി എടുത്തോ."
അലിയാർ പണിക്കാരോടു പറഞ്ഞു.
അവർ അനുസരിച്ചു.
എല്ലാ കൂനകളിലും കുറേശ്ശേ മണ്ണെണ്ണയൊഴിച്ച് അവയിലേക്കു തീ കൊളുത്തി.
കാട്ടിൽ പുകപടലങ്ങൾ ഉയർന്നു. ഒപ്പം കത്തുന്ന കഞ്ചാവിന്റെ ഗന്ധവും.
അലിയാർ പണിക്കാരെ നിരത്തിനിർത്തി സെൽഫോണിൽ ഫോട്ടോയെടുത്തു. കത്തുന്ന കഞ്ചാവിന്റെ പശ്ചാത്തലത്തിൽ...!
(തുടരും)