സൺഗ്രൂർ (പഞ്ചാബ്): പഞ്ചാബിലെ വാർ ഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന 65ാമത് ജൂനിയർ - സബ്ജൂനിയർ സ്കൂൾ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം കേരളത്തിന് കടുത്ത നിരാശ. ഒരു മെഡൽ പോലും ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ എത്തിയില്ല. ഇന്നലെ നടക്കേണ്ടിയിരുന്ന 9 ഫൈനലുകളിൽ അഞ്ചെണ്ണത്തിലേ കേരളത്തിന്റെ പ്രാതിനിധ്യം ഉണ്ടയിരുന്നുള്ളൂ. ഇതിൽ മൂന്നെണ്ണത്തിൽ സെമിയിൽ പുറത്തായി. രണ്ടെണ്ണം സമയം വൈകിയതിനാൽ ഇന്നത്തേക്ക് മാറ്റി. രണ്ടാം ദിനം ലഭിച്ച വെള്ളിയും വെങ്കലവും മാത്രമാണ് കേരളത്തിന്റെ ഇതുവരെയുള്ള ആകെ സമ്പാദ്യം. പത്താം സ്ഥാനത്തിൽ നിന്ന് യാതൊരു മാറ്റവുമില്ല. ആകെ വർദ്ധിച്ചത് 2 പോയിന്റ് മാത്രം. ഹരിയാനയും (69), ഉത്തർപ്രദേശും (58) പോയിറ്റ് നില മെച്ചപ്പെടുത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ജൂനിയർ ആൺകുട്ടികളുടെ ഹാമർ ത്രോ മത്സരത്തിൽ കേരളം ഫൈനലിൽ പുറത്തതായി.സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹൈ ജമ്പിൽ കേരളത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു, ലോഗ്ജംമ്പിൽ 9ആൺകുട്ടികളുടെ വിഭാഗം) യോഗ്യത പോലും നേടാനായില്ല. ജൂനിയർ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും ഫൈനലിലേക്ക് പ്രവേശിച്ചു.
പ്രതീക്ഷയുടെ ഇന്ന്
ഇന്ന് 13 ഫൈനലുകളുണ്ട്. ഇതിൽ ഇന്നലെ സമയം താമസിച്ചതിനെത്തുടർന്ന് ഇന്നത്തേക്ക് മാറ്റിവച്ച സബ് ജൂനിയർ ആൺകുട്ടികളുടെ ഹഡിൽസിൽ വിഭാഗത്തിൽ റോഷിൻ റോയിയിലും പെൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ എത്തിയ മെൽബ മേരി സാബുവിലുമാണ് കേരളത്തിന്റെ പ്രധാന പ്രതീക്ഷ.
എവിടെ നാഡ
കായികതാരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സാധാരണ എല്ലാ ദേശീയ കായിക മീറ്റുകളിലും നിയോഗിക്കപ്പെടാറുള്ള ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) അസാന്നിദ്ധ്യം സൺഗ്രൂറിലെ മീറ്റിന് മങ്ങലേൽപ്പിക്കുന്നു. മീറ്റ് സംഘടിപ്പിക്കുന്ന എസ്.ജി. എഫ്.ഐയാണ് നാഡ അധികൃതരുടെ സാഹായം തേടേണ്ടത്.
ചിലസംസ്ഥാനങ്ങളിലെ കായികതാരങ്ങളുടെ പ്രായത്തെക്കുറിച്ച് കേരളം അടക്കം പരാതി നൽകിയിട്ടുണ്ട്. പ്രായം സംബന്ധിച്ച പരാതികളിൽ പരിശോധന നടക്കുന്നതിനായി ദന്തരോഗവിദഗ്ദൻ, അസ്ഥിരോഗ വിദഗ്ദ്ധൻ, ജനറൽ ഡോക്ടർ എന്നിവരടങ്ങിയ സംഘത്തെ സാധാരണ ദേശീയ കായിക മേളകളിൽ നിയോഗിക്കാറുണ്ട്. ആ പതിവും ഇത്തവണത്തെ മേളയിൽ ഇല്ല.
പ്രകടത്തിൽ പിന്നോട്ട്
കഴിഞ്ഞ തവണത്തെ ചാമ്പ്യൻന്മാർ ഇത്തവണ മീറ്റ് അവസാനിക്കാൻ കേവലം രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴും പത്താം സ്ഥാനത്തിൽ തുടരുന്നതിന് പിന്നിൽ രണ്ടാണ് കാരണമെന്ന് കായിക വിദഗ്ദർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളുടെ മികച്ച പ്രകടനവും കാലാവസ്ഥയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് കേരള താരങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതും വെല്ലുവിളിയാകുന്നു. സംസ്ഥാന സ്കൂൾ മീറ്റിൽ റെക്കാഡിട്ട താരങ്ങൾ പോലും ദേശീയ സ്കൂൾ മീറ്റിൽ യോഗ്യതറൗണ്ടിൽ തന്നെ പുറത്താകുന്ന കാഴ്ചയാണ്. മറ്റ് സംസ്ഥാനങ്ങൾ പരിശീലനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കേരളം ഉൾക്കൊള്ളേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഒപ്പം മറ്റ് സംസ്ഥാനങ്ങളിൽ വളർന്നു വരുന്ന കായികതാരങ്ങൾ ലഭിക്കുന്ന പ്രോത്സാഹനവും കേരളത്തിന്റെ കുട്ടിത്താരങ്ങൾക്ക് അന്യമാണ്.