ഒരു വെളുത്തവാവു ദിവസം. സന്ധ്യ കഴിഞ്ഞ് ദേശീയപാതയിൽക്കൂടി യാത്ര ചെയ്യുകയായിരുന്നു. ഇരുവശവും അത്യന്താധുനിക രീതിയിലുള്ള കച്ചവടകേന്ദ്രങ്ങൾ. ഓരോന്നിന്റെയും ഉൾവശം പ്രകാശമയം. വെളിയിലോ കമനീയമായ ദീപാലങ്കാരം. മനുഷ്യനെ വൈദ്യുതി കീഴടക്കിയിരിക്കുന്നതുപോലെ!
ആകാശത്തേക്കു നോക്കി. വലിയൊരു പപ്പടംപോലെ പൂർണചന്ദ്രൻ ! ഓരോ മനസിനും ശീതളിമയരുളുന്ന ശീതകിരണന്റെ ശീതപ്രകാശമെവിടെ? അതിനെ, മനുഷ്യൻ കണ്ടെത്തിയ വൈദ്യുതിപ്രകാശം കീഴടക്കിയിരിക്കുന്നു. എങ്ങും ആ പൂനിലാവ് കാണാനില്ല. വെളിച്ചത്തെ വെളിച്ചം മറച്ചിരിക്കുന്നു !
ഇതുതന്നെയല്ലേ നമ്മുടെ അറിവാകുന്ന വെളിച്ചത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്? ഭൂമിയിലെ വസ്തുജാലങ്ങളെപ്പറ്റിയും, അവയെ നമ്മുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി എങ്ങനെ ഏതെല്ലാം തരത്തിൽ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയും ഉള്ള അറിവുകൾ നേടാനും, അതുവഴി കൂടുതൽ കൂടുതൽ പണം സ്വരൂപിക്കാനും ഉള്ള അറിവാണ് നമ്മൾ സദാ നേടുന്നത്. (കച്ചവടക്കാരും കടകൾ ദീപാലങ്കാരസമൃദ്ധമാക്കിയിരിക്കുന്നത് കൂടുതൽ പണമുണ്ടാക്കാനാണല്ലോ.) ഇത്തരം അറിവുകളുടെ പ്രകാശം നമ്മുടെ ഉള്ളിൽ സദാ പ്രകാശിച്ചു കൊണ്ടിരിക്കുന്ന അറിവാകുന്ന സത്യത്തെ, നമ്മളാകുന്ന സത്യത്തെ, ആത്മാവാകുന്ന സത്യത്തെ, നമ്മിൽ നിന്നുതന്നെ മറച്ചു കളഞ്ഞിരിക്കുന്നു. അങ്ങനെ നമ്മൾ നമ്മളറിയാതെ, നമ്മളല്ലാതെ ജീവിക്കുന്നു. അതേസമയം ധാരാളം പണം വാരിക്കൂട്ടി ആഡംബരജീവിതം നയിക്കുകയും ചെയ്യുന്നു. നമ്മളെ മറന്നുകൊണ്ടുള്ള നമ്മുടെ ആഡംബരജീവിതം നമ്മളെ നമ്മളിൽ നിന്നുതന്നെ അകറ്റുന്നു. അതു പിൽക്കാലത്തു മാനസിക സംഘർഷങ്ങൾക്കും മാനസികമായ അസ്വസ്ഥതകൾക്കും ഇടയാക്കുന്നു.
ഇതൊക്കെ വരാതിരിക്കാൻ എന്തു ചെയ്യണം? നമ്മുടെ ഉള്ളിലിരിക്കുന്ന പ്രകാശത്തെ, നമ്മളെ, ആദ്യമറിയുക. നമ്മളെ അറിഞ്ഞു കഴിഞ്ഞതിനുശേഷം, നമ്മുടെ പ്രകൃതിസഹജമായ സ്വഭാവത്തിനു നിരക്കുന്ന തരത്തിൽ മാത്രം, ഉള്ളിലുള്ള പ്രകാശത്തെ മറച്ചുകളയാത്ത തരത്തിൽ മാത്രം, ക്രമീകരിച്ച് ലോകസാധാരണമായ സുഖങ്ങൾ അനുഭവിക്കുക. നമുക്കു ചേരാത്തതും ഉള്ളിലെ പ്രകാശത്തെ മറയ്ക്കാനിടയുള്ളതുമായവ വിവേചനബുദ്ധിയോടുകൂടി വേണ്ടെന്നു വയ്ക്കുക. അപ്പോൾ ജീവിതം ശാന്തി നിറഞ്ഞതാകും, അതിരറ്റ സുഖം നല്കുന്നതാവും.