നാടിന്റെ കുളിരണിഞ്ഞ് കോടമഞ്ഞിന്റെ നനവേറ്റൊരു യാത്ര. ആനയും പോത്തും മാനുമെല്ലാം സഞ്ചാരികളുടെ കാഴ്ചയിലേക്കെത്തുന്ന ഗവി യാത്രയ്ക്ക് ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് പറ്റിയ സമയം. മഞ്ഞ് പുതച്ച മലനിരകൾ കണ്ട് മഴ പുരണ്ട വനപാതയിലൂടെ നൂറ്റിപ്പത്ത് കിലോമീറ്റർ നീളുന്ന ഗവി യാത്ര പത്തനംതിട്ടയിൽ നിന്ന് തുടങ്ങണം. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി അണക്കെട്ടുകൾക്ക് മുകളിലൂടെയുളള യാത്രയിൽ വിശാലമായ ജലാശയങ്ങളും മലകളും കൊക്കകളും മനം നിറയ്ക്കുന്ന മനോഹര കാഴ്ചകളാണ്. മൊട്ടക്കുന്നുകളിൽ കാട്ടുപോത്തുകളും മാനുകളും കൂട്ടംകൂട്ടമായി മേയുന്നത് കാമറകളിൽ പകർത്താം. ഇൗറ്റക്കാടുകൾക്കും ജലാശയങ്ങൾക്കുമടുത്ത് കുട്ടികളുമൊത്തുളള ആനക്കുടുംബങ്ങളെ കാണാം. കടുവയും കരടിയും ചെന്നായയും സിംഹവാലൻ കുരങ്ങുകളും മലയണ്ണാനും വർണചിറകുള്ള വിവിധയിനം പക്ഷികളും പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ വനത്തിലുണ്ട്. ഇരകൾക്ക് പിന്നാലെ പായുന്ന പുലിയും കടുവയും രാത്രികാലങ്ങളിലെ അപൂർവ കാഴ്ചകളാണ്. രാജവെമ്പാല വരെയുള്ള ഇഴജീവികളെയും ഭാഗ്യമുണ്ടെങ്കിൽ കാണാം.
പത്തനംതിട്ട ആങ്ങമൂഴി ഫോറസ്റ്റ് ചെക്ക് പോയിന്റ് വഴി സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആർ.ടി.സി ബസിലും ഗവിയിലേക്ക് പോകാം. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ഒാൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സ്വകാര്യ വാഹനങ്ങളിൽ പോകേണ്ടത്. ഒരു ദിവസം 30 വാഹനങ്ങൾ കടത്തിവിടും. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയായതിനാൽ കർശന പരിശോധനയുണ്ടാകും. കാടിനും വന്യമൃഗങ്ങൾക്കും ദോഷമാകുന്ന പ്ളാസ്റ്റിക്കുകൾ അനുവദനീയമല്ല.
കെ.എസ്.ആർ.ടി.സി
ബസ് ഹൗസ് ഫുൾ
ബുക്കിംഗിലൂടെ അല്ലാതെ കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസിൽ ഗവിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവി വഴി കുമളിക്ക് രണ്ട് ബസുകളുണ്ട്. ആദ്യത്തെ ബസ് പുലർച്ചെ 6.30ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടും. 11.15ന് ഗവിയിലും 12.30ന് കുമളിയിലുമെത്തും. രണ്ടാമത്തെ ബസ് ഉച്ചയ്ക്ക് 1.30ന് പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് ആറിന് ഗവിയിലും ഏഴിന് കുമളിയിലുമെത്തും. ബസ് യാത്രികർ ഭക്ഷണവുമായി വേണം യാത്ര തിരിക്കാൻ. കൊച്ചുപമ്പയിലെയും ഗവിയിലെയും കെ.എഫ്.ഡി.സി ഹോട്ടലുകളിൽ ബുക്കിംഗ് പ്രകാരമാണ് ഭക്ഷണം ലഭിക്കുക. അവധി ദിവസങ്ങളിൽ ബസിൽ നിറയെ ആളുകളുമായിട്ടാണ് ഗവി യാത്ര. ശനി, ഞായർ, മറ്റ് പൊതു അവധി ദിവസങ്ങളിൽ ഒരു ദിവസം 11000 രൂപയ്ക്കടുത്ത് കളക്ഷൻ ലഭിക്കുമെന്ന് ബസ് കണ്ടക്ടർ റാന്നി പെരുനാട് സ്വദേശി ബോബി പറയുന്നു.
വിദ്യാർത്ഥികളും നവദമ്പതികളുമാണ് അവധി ദിവസങ്ങളിലെ ഗവി യാത്രക്കാർ. യാത്രയ്ക്കിടയിൽ വന്യമൃഗങ്ങളെ കാണുന്നതിനും കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും ബസ് കുറച്ച് നേരം കക്കിയിലും എക്കോപോയിന്റിലും നിറുത്തിയിടും. അഞ്ച് മണിക്കൂറോളം നീളുന്ന യാത്രയിൽ ഭൂരിഭാഗവും ദുർഘട പാതയാണ്. മെറ്റലും ഉരുളൻ കല്ലുകളും നിറഞ്ഞ ഗവി പാതയിൽ ഒരു ബസിന് കടന്നുപോകാനുളള വീതിയാണുള്ളത്. ഇരു ഭാഗത്തും തിങ്ങി നിൽക്കുന്ന മരങ്ങളും കുന്നുകളും കൊക്കയുമാണുള്ളത്. ആടിയുലഞ്ഞുള്ള വാഹനയാത്ര സാഹസികമാണ്. ഉരുളൻ കല്ലുകളിലും കുഴികളിലും കയറിയിറങ്ങുന്ന വാഹനങ്ങളുടെ അടിഭാഗങ്ങൾക്ക് തകരാറുണ്ടാകും. ഒാരോ ദിവസത്തെയും ഗവി യാത്ര കഴിഞ്ഞ് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് ശേഷമാണ് അടുത്ത ദിവസം സർവീസ് നടത്തുന്നതെന്ന് പെരുനാട് സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ മുരളി പറയുന്നു.
ബോട്ടിംഗും ട്രക്കിംഗും
ഗവി ഡാമിനോട് ചേർന്നുളള ബോട്ടിംഗ് ഒാൺലൈൻ ബുക്കിംഗുകാർക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ, ബുക്കിംഗില്ലാതെ കെ.എസ്.ആർ.ടി.സി ബസിലെത്തുന്നവർക്ക് കൊച്ചുപമ്പയിൽ ബോട്ടിംഗിനും ട്രക്കിംഗിനും സൗകര്യമൊരുക്കുന്നുണ്ട്. കെ.എഫ്.ഡി.സിയുടെ കൊച്ചുപമ്പ ഗസ്റ്റ് ഹൗസിൽ ഒരു ദിവസം തങ്ങി ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്ക്ക് ഒരാൾക്ക് 2200രൂപയാണ് നിരക്ക്. കൊച്ചുപമ്പയിൽ ബസിന് സ്റ്റോപ്പുണ്ട്. ഇവിടെ നിന്ന് ഗവിയിലെത്തണമെങ്കിൽ പത്ത് കിലോമീറ്റർ കൂടി സഞ്ചരിക്കണം. ഗവിയിൽ നിന്ന് 9.5കിലോമീറ്ററാണ് ശബരിമലയിലേക്കുളള ദൂരം. ഗവിയിൽ ശബരിമല വ്യൂപോയിന്റുമുണ്ട്. സന്നിധാനത്തേക്ക് വെള്ളം എത്തിക്കുന്ന കുന്നാർ ഡാമിലേക്ക് ഗവിയിൽ നിന്ന് 1.2 കിലോമീറ്റർ ദൂരമാണുള്ളത്.
ഗവി ഒാൺലൈൻ ബുക്കിംഗിന് വെബ്സൈറ്റ്: www.kfdcecotourism.com gmail: gavi@kfdcecotourism.com കൊച്ചുപമ്പ എക്കോ ടൂറിസം നമ്പർ 9947492399, 8547809270.
t