അങ്കമാലി: കറുകുറ്റി എടക്കുന്നിൽ പുലിക്കല്ല് ഭാഗത്ത് നിന്ന് അങ്കമാലി പൊലീസ് 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊവിഡ് -19 ന്റെ ഭാഗമായി പരിശോധന നടത്തുമ്പോൾ ബൈക്കിൽ പോകുകയായിരുന്ന രണ്ടുപേരെ രണ്ടു ലിറ്റർ വീതം ചാരായവുമായി പിടികൂടുകയായിരുന്നു. നെടുമ്പാശേരി ആവണംകോട് സ്വദേശികളായ രാഹുൽ (28), കിരൺ (24) എന്നിവരെയാണ് എസ്.ഐ ജി. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് കിട്ടിയവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലിശേരിയിൽ നടത്തിയ അന്വേഷണത്തിൽ മൈപ്പാൻ ആന്റണിയുടെ പറമ്പിൽ നിന്ന് കുഴിച്ചിട്ടനിലയിൽ 11 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും കണ്ടെത്തി . ഇയാളെയും കസ്റ്റഡിയിലെടുത്തു. വിശദ അന്വേഷണങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.