SignIn
Kerala Kaumudi Online
Thursday, 13 August 2020 2.33 PM IST

കുട്ടികളുടെ വലിയ ലോകം

mm

ദീർഘദ‌ർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ എന്ന് ചൊല്ലി മഹാകവി വൈലോപ്പിള്ളി കുട്ടികളെ ദേവത്വത്തിലേക്ക് ഉയർത്തി.

ആഹ്ലാദമൂറുന്നതെവിടെ നിന്ന് എന്നു ചോദിച്ചാൽ പൈതലിൻ പാൽപ്പുഞ്ചിരിയിൽ നിന്ന് എന്നല്ലാതെ മറ്റെന്തുത്തരം? മഹാ ദു:ഖത്തിന്റെ ഉറവിടമോ? അഞ്ചുന്ന ബാല്യം സഹിക്കുന്ന വേദനയല്ലാതെ മറ്റെന്ത്?

ബാല്യത്തിന്റെ പുതിയൊരു മുഖം ഇപ്പോൾ നാം കാണുന്നു.

അച്ഛനമ്മമാരെ കൂടുതൽ സമയവും വീട്ടിൽ കുട്ടികൾക്കു ലഭിച്ച കാലമാണു ലോക്ഡൗൺ ഇടവേള.
ക്രിക്കറ്റർ ധോണി മകളുമൊത്ത് പുൽത്തകിടിയിൽ കളിക്കുന്നത് മനസ്സിനു കുളിർമ്മ പകരുന്നു. വീട്ടുമുറ്റമുള്ളവർക്ക് ചെടികളുമായി സല്ലപിക്കാം. തെളിമയാർന്ന ആകാശക്കാഴ്ച രാത്രികളിൽ ഏറെ മനോഹരം.
അടുക്കളയിൽ പരീക്ഷണങ്ങളിലേർപ്പെടുന്നവരാണ് അല്പം മുതിർന്ന കുട്ടികൾ.

വീടുതന്നെ അരങ്ങ്


കുട്ടികൾ തങ്ങളുടെ കലാവാസനകൾ ചെത്തിമിനുക്കാനും പ്രകടിപ്പിക്കാനും നന്നായി പരിശ്രമിക്കുന്ന കാലമാണിത്. പല സ്ഥലങ്ങളിലിരുന്നതുകൊണ്ട് കൂട്ടായി കുട്ടികൾ പാട്ടു പാടുകയും നാടകം കളിയ്ക്കുകയുമൊക്കെ ചെയ്യുന്ന മനോഹരമായ കാഴ്ചകൾ സുലഭം. വീട്ടിലെല്ലാവരും ചേർന്നൊരുക്കുന്ന നാടകങ്ങളും മറ്റും വേറെ. സാധ്യതകളുടെ വലിയ ലോകമായി ലോക്ഡൗൺ കാലം മാറിയിരിയ്ക്കുന്നു, കലാപ്രകടനങ്ങളുടേയും സർഗ്ഗാത്മകതയുടേയും കാര്യത്തിൽ. നന്നായി മലയാളം വായിക്കാനും കവിത ചൊല്ലാനുമൊക്കെ കുട്ടികൾക്കു പരിശീലനം നൽകാൻ പറ്റിയ കാലമാണിത്. വ്യായാമ മുറകളും യോഗയും മറ്റും ജീവിതത്തിന്റെ ഭാഗമായി മാറ്റാൻ കുട്ടികളെ പരിശീലിപ്പിക്കാൻ പറ്റിയ അവസരം.

ഓൺലൈൻ പ്രിഡേറ്റേഴ്സ്

കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിൽ ഏറെ സമയം കുട്ടികൾ ചെലവഴിക്കുന്നതാണ് മാതാപിതാക്കളെ ഏറെ വിഷമിപ്പിക്കുന്ന കാര്യം. ഇതിനു നിയന്ത്രണമേർപ്പെടുത്തുക വളരെ ദുഷ്‌കരമായിരിയ്ക്കുന്നു. ഇന്റർനെറ്റ് അഡിക്ഷൻ ബുദ്ധി വികസനത്തെ ബാധിയ്ക്കാം. ഓൺലൈൻ പ്രിഡേറ്റേഴ്സ് ഇന്റർനെറ്റിൽ വല വീശിയിരിയ്ക്കുന്നു ഈ ലോക്ഡൗൺ കാലത്ത്. ഇവർ കുട്ടികളെ വലയിലാക്കാനുള്ള ഒരുപാട് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നു. വിവേചനത്തോടെ മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. കുട്ടികൾക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും അവരോടുള്ള ക്രൂരതയും ഏറ്റവും വർദ്ധിക്കാൻ സാദ്ധ്യതയുള്ള ഒരു കാലഘട്ടമാണിത്. കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ പിടികൂടാൻ പോലീസ് തീവ്രശ്രമം നടത്തുന്നുണ്ട്. കേരളത്തിൽ ഇക്കാലയളവിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകൾ കുറഞ്ഞിട്ടുണ്ട്.
ചൈൽഡ് ലൈൻ (1098) നമ്പറിൽ ലോക്ഡൗണിന്റെ ആദ്യ 20 ദിവസങ്ങളിൽ 4.5 ലക്ഷം ഫോൺ വിളികൾ (ഇന്ത്യയിലാകമാനം) വരികയുണ്ടായി. ഇവയിൽ 93,000 ലധികം വിളികൾ അടിയന്തര ശ്രദ്ധ അർഹിക്കുന്നവയായിരുന്നു. അതിൽ ഏതാണ്ട് 20% കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്..
വിശക്കുന്ന വയറുകൾക്ക് ഭക്ഷണമെത്തിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി 'ഒരു വയറൂട്ടാൻ' എന്ന പദ്ധതിയിലൂടെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുകഴിഞ്ഞു.

ബാല്യത്തിന്റെ മുഖങ്ങൾ


വിദൂര പ്രദേശങ്ങളിലേയ്ക്കു യാത്ര ചെയ്തു തൊഴിലെടുക്കുന്നവരെ സംബന്ധിച്ചെടുത്തോളം തികഞ്ഞ അനിശ്ചിതത്വം നിറഞ്ഞ കാലം. അവരുടെ കുട്ടികളുടെ കാര്യം ഒരു പാടു കഷ്ടതകൾ നിറഞ്ഞതാണ്. കുപ്പിയും പാട്ടയും പെറുക്കുന്ന കുട്ടികൾ, തെരുവോരത്ത് പ്രതിമകൾ, ബലൂൺ, പത്രം ഇവയൊക്കെ വിറ്റ് നടക്കുന്ന കുട്ടികൾ... വലിയ ഫ്‌ളൈ ഓവറുകളുടെ അടിയിലും മറ്റും തെരുവിൽ തന്നെ അന്തിയുറങ്ങുകയും കുടുംബം പുലർത്താൻ മാതാപിതാക്കളെ സഹായിക്കുകയും ചെയ്യുന്ന കുട്ടികൾ... ഇവർക്കൊക്കെ കനിഞ്ഞു കിട്ടുന്ന അന്നദാനം തന്നെ ഇപ്പോൾ പോംവഴി... തെരുവിലലയുന്ന ഒരു കുട്ടിയുമില്ലാത്തയിടമായി ഭൂമി മാറുമ്പോഴല്ലാതെ അമ്മ ഭൂമിയുടെ കണ്ണീരുണങ്ങുമോ?

നാളെയുടെ ശില്പികൾ


ഹെൽമറ്റ് വയ്ക്കാൻ മുതിർന്നവരെ പ്രേരിപ്പിക്കുന്ന കുട്ടികളുടെ കാഴ്ച നാം കൗതുകത്തോടെ ശ്രദ്ധിച്ചിരുന്നു. ഏതു സാമൂഹിക പ്രശ്നത്തിലും ക്രിയാത്മകമായി ഇടപെടുന്ന കുട്ടികൾ നാളെയെ സുന്ദരമായി നിർമ്മിക്കുന്നവരാണ്. സോഷ്യൽ സ്റ്റഡീസ് പ്രോജക്ടുകളായി മാസ്‌ക് നിർമ്മാണം, മറ്റ് വിവിധ പ്രാദേശിക ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവയുടെ നിർമ്മാണം, വിതരണം ഒക്കെ കുട്ടികൾ നടത്തുന്നത് വലിയ ഊർജ്ജമായി മാറും.
കുട്ടികളുടെ വാക്സിനേഷൻ ഒഴിവാക്കാതെ ഈ ഘട്ടത്തിലും എടുക്കേണ്ടതുണ്ട്. വിദൂര പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് ഇതിനുള്ള സൗകര്യമൊരുക്കുക ഒരു വെല്ലുവിളി പൊതു ശുചിമുറിയുടെ ഉപയോഗവും വൃത്തിയാക്കലും ക്ലാസ്സിലെ സാമൂഹിക അകലം പാലിയ്ക്കലും മാസ്‌കുകളുടെ സംസ്‌കരണവും എല്ലാം ഏറെ സൂക്ഷ്മതയോടെ നടപ്പാക്കി മാത്രമേ ഇനി സ്‌കൂളുകളുടെ പ്രവർത്തനം ആരംഭിക്കാനാവൂ. കൂടുതൽ ഷിഫ്റ്റുകളോടെ ക്ലാസ്സ് ദിനങ്ങൾ ചുരുക്കേണ്ടി വന്നേയ്ക്കാം.

ഞാറ്റുവേലയറിയണം


നമ്മുടെ കുട്ടികൾക്ക് ഏതെങ്കിലുമൊരു കൈത്തൊഴിൽ പഠിയ്ക്കാൻ സ്‌കൂളുകളിൽ അവസരമുണ്ടാകണം. നാട്ടിൽ പ്രാധാന്യമുള്ള കാര്യത്തിനു മുൻഗണനയുണ്ടാകണം. കൃഷിയ്ക്കു പ്രാധാന്യമുള്ള ഗ്രാമത്തിലെ കുട്ടികൾക്ക് വിത്തു പാകാനും ഞാറു നടാനുമൊക്കെ അവസരം ലഭിയ്ക്കണം. ഞാറ്റുവേലയെന്തെന്നവരറിയണം. ഇടമലക്കുടിയിലെ ഗവൺമെന്റ് എൽ.പി സ്‌കൂളിലെ കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന കാഴ്ച കണ്ട് എന്റെ മനം നിറഞ്ഞു. വ്യത്യസ്തമായ പുതിയ ലോകത്ത് കുട്ടികളുടെ ജീവിതം പ്രകാശ പൂർണ്ണമാക്കാൻ നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം.


(കവിയും പൊലീസ് ട്രെയിനിംഗ് എ.ഡി.ജി.പിയുമാണ് ലേഖിക)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIZHIYORAM, B SANDHYA IPS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.