SignIn
Kerala Kaumudi Online
Saturday, 15 August 2020 6.49 PM IST

അന്ന് ആ ഗാനം ഹിറ്റായപ്പോൾ വീണ്ടും സജീവമായി,​ ലോക്ക് ഡൗൺ കാലത്ത് പാട്ടെഴുത്തിന്റെ തിരക്കിലാണ് ഈ അദ്ധ്യാപിക

sudeeshna

കൊല്ലം: കടവുകൾ തമ്മിലുള്ള പ്രണയത്തിന്റെ ദൂതുംപേറി, ഒഴുകിയെത്തുന്ന ഹംസമായ കടത്തുവഞ്ചിപോലെയാണ് സുതീഷ്ണ ടീച്ചറിന്റെ ഗാനം. ഇരു കരകളിൽ നിൽക്കുന്ന ആ പ്രണയിതാക്കളെ എന്നെങ്കിലും ഒന്നിപ്പിക്കുവാൻ മനസുകൊണ്ട് ആഗ്രഹിച്ചെഴുതിയ വരികൾ. "സാന്ധ്യരാഗം പോലെ.. നീ.. ഏകതാരം പോലെ..." പാട്ടിന്റെ ഓരോ വരിയിലുമുണ്ട് പ്രണയമർമ്മരങ്ങൾ.

അക്ഷരങ്ങൾക്ക് ഭാവവും നിറവും പിന്നെ സ്വരവും ചേർന്നപ്പോൾ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് പാട്ടൊഴുകി. ആദ്യ ഗാനം ഹിറ്റായതോടെ ലോക്ക് ഡൗൺ കാലത്ത് പാട്ടെഴുത്തിന് വേണ്ടി വേണ്ടുവോളം സമയം കണ്ടെത്തുകയായിരുന്നു അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപികയായ ബി.കെ.സുതീഷ്ണ.

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായ കിഷോറിനെപ്പറ്റി മൂന്ന് വർഷം മുൻപ് പ്രണയ ദിനത്തിൽ കേരള കൗമുദിയിലും ഫ്ളാഷിലും സ്പെഷ്യൽ ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. തലച്ചോറിൽ വെടിയുണ്ട തുളഞ്ഞുകയറിയിട്ടും തീവണ്ടിക്കിടയിൽപ്പെട്ട് വലത് കൈയും കാലും നഷ്ടപ്പെട്ട കിഷോറിന് അന്നും ഇന്നും ഒരു കാമുകിയുണ്ട്. സൈനികനായിരുന്ന കിഷോറിന് സംഭവിച്ച ദുരന്തങ്ങളൊന്നും ആ പ്രണയിനി അറിഞ്ഞിട്ടില്ല. അവരെ ഒന്നും അറിയിക്കാൻ കിഷോർ തയ്യാറായിരുന്നുമില്ല.

പ്രണയത്തിന്റെ മാറ്റ് കുറയ്ക്കാതെ ഗാന്ധിഭവനിൽ കിഷോർ ഒതുങ്ങുമ്പോഴും പ്രണയനായകനെവിടെയെന്ന് നായിക അറിഞ്ഞിട്ടില്ല. പ്രണയത്തിൽ ചാലിച്ച ഈ സങ്കട വാർത്ത വായിച്ചാണ് സുതീഷ്ണ സാന്ധ്യരാഗംപോലെ.. എന്ന പാട്ടെഴുതിയത്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ മ്യൂസിക്കൽ വീഡിയോയായി സാന്ധ്യരാഗംപോലെ യൂട്യൂബിൽ റിലീസ് ചെയ്തു.

വരികളുടെ ഭംഗിയും സ്വരമാധുരിയും ഒത്തു ചേർത്ത ആ പ്രണയഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. വയനാട് വൈത്തിരിയാണ് സുതീഷ്ണയുടെ ജന്മദേശമെങ്കിലും ഇപ്പോൾ കൊട്ടാരക്കരക്കാരിയാണ്. ആലക്കോട്, ഉപ്പട, മുഖത്തല, ചൂരക്കോട്, എഴുമറ്റൂർ, ഇടത്തറ, കൊട്ടാരക്കര എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ടിച്ച ശേഷമാണ് അടൂരിലേക്കെത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ടീച്ചർ സ്കൂൾ പഠനകാലത്തുതന്നെ കവിതകളെഴുതുമായിരുന്നു.

കോളേജ് പഠനകാലയളവിൽ എഴുതിയതിനൊക്കെ അച്ചടിമഷിപുരണ്ടു. ആംഗലേയ ഭാഷയാണ് പഠിപ്പിക്കുന്നതെങ്കിലും ഇടയ്ക്ക് മലയാള കവിതയിലേക്കും പാട്ടിലേക്കുമൊക്കെ കുട്ടികൾക്കൊപ്പം ടീച്ചറും സഞ്ചരിക്കും. സുതീഷ്ണ എഴുതിയ ലളിതഗാനങ്ങളും ദേശഭക്തിഗാനങ്ങളും സംഘഗാനവുമൊക്കെ വിവിധ സ്കൂളുകളിലെ കുട്ടികൾ ഏറ്റെടുത്ത് സംസ്ഥാന കലോത്സവത്തിൽ വരെ മിന്നിച്ചു. സമ്മാനങ്ങളുമായി മടങ്ങുകയും ചെയ്തു.

ആകാശവാണിയിലും ടീച്ചറുടെ ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഗുൽമോഹർ‌തണലിൽ എന്ന ഗാനം കഴിഞ്ഞ ദിവസം ദൃശ്യാവിഷ്കാരത്തോടെ യൂട്യൂബിൽ റിലീസ് ചെയ്തു. ഇനിയും പാട്ടെഴുത്തിൽ സജീവമാകാനാണ് ഈ അക്ഷരക്കൂട്ടുകാരിയ്ക്ക് ഇഷ്ടം. കുടുംബമൊന്നാകെ ഇക്കാര്യത്തിൽ പ്രോത്സാഹനവുമായി കൂടെയുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ART, ART NEWS, SUDEESHNA, TEACHER, WRITE, SONG, LOCK DOWN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.